Tuesday, March 26, 2019

നമുക്ക് എല്ലാവർക്കും അവന്റെ നിറവിൽ നിന്ന് കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു. John 1:16



രാത്രിയിൽ യേശുവിനെ കാണാൻ വന്ന നിക്കോദിമോസിനും നട്ടുച്ച നേരത്ത് യേശുവിനെ കണ്ടുമുട്ടിയ ശമരിയാക്കാരിക്കും കർത്താവിന്റെ കൃപലഭിപ്പാൻ ഇടയായി.

യഹൂദനും യവനനും പുരുഷനും സ്ത്രീക്കും ജ്ഞാനിക്കും ജ്ഞാനവില്ലാത്തവനും ഒരുപോലെ ലഭിക്കുന്ന ദൈവകൃപയ്ക്കായി കർത്താവിനെ മഹത്വപ്പെടുത്തുന്നു.(John ch: 3,4)

നമ്മുടെ പിതാവായ യാക്കോബിനേക്കാൾ നീ വലിയവനോ?(John 4:12) തന്റെ മരണസമയത്ത് ഊന്നുവടിയുടെ അറ്റത്ത് ചാരിക്കൊണ്ട് നമസ്ക്കരിച്ച ആരാധനക്കാരനായ യാക്കോബിന് അവളുടെ ഹൃദയത്തിൽ ഒരു സ്ഥാനമുണ്ടായിരിക്കാം.

അതു മാത്രമല്ല യാക്കോബ് തന്റെ ഇഷ്ട പുത്രനായ യോസേഫിന് കൊടുത്ത കിണറും അതിലെ വെള്ളവും പോലെ ശ്രേഷ്ഠമായത് മറ്റൊന്നുമില്ല ( യാക്കോബ് തന്റെ ഇഷ്ട പുത്രന് കൊടുത്ത വിശിഷ്ട നിലയങ്കിയുടെ പേരിലാണ് പ്രധാനമായും സഹോദരൻമാർ അവനോട് കോപിച്ചത്).

എന്നാൽ കൃപയും സത്യവും നിറഞ്ഞവനായ യേശു അവളോട് ആരാധനയുടെ ശ്രേഷ്ഠമർമ്മങ്ങൾ വെളിപ്പെടുത്തിയപ്പോൾ അവൾക്ക് മനസ്സിലായി, തന്നോട് സംസാരിക്കുന്നവൻ മറ്റാരുമല്ല യാക്കോബിന്റെ ദൈവം തന്നെ.

യെശുരൂന്റെ (യാക്കോബ്) ദൈവത്തെപ്പോലെ ഒരുത്തനുമില്ല. നിന്റെ സഹായത്തിനായി അവൻ ആകാശത്തൂടെ തന്റെ മഹിമയിൽ മേഘാരൂഡ നായിവരുന്നു (ആവർത്തനം 33:26).

ആകാശത്തൂടെ മേഘാരൂഡനായി വരുന്ന കർത്താവിനെ എതിരേല്പാൻ നമുക്കൊരുങ്ങാം. ജീവജലത്തിന്റെ ഉറവയിൽ നിന്ന് ദാഹം തീർക്കാം. മാത്രമല്ല വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്ന് തിരുവെഴുത്ത് പറയുന്നതു പോലെ ജീവജലത്തിന്റെ നദികൾ ഒഴുകും.

കർത്താവേ, നൂറ്റാണ്ടുകൾക്ക് മുൻപ് യാക്കോബിന്റെ കിണറ്റിന്റെ കരയിൽ വച്ച് ശമരിയാക്കാരിക്ക് തന്നെത്താൻ വെളിപ്പെടുത്തിയതുപോലെ ഇന്നേദിവസം എന്നോട് സംസാരിക്കണമേ. എന്റെ ഹൃദയദൃഷ്ടിയെ പ്രകാശിപ്പിക്കണമേ.

ആത്മാവിലും സത്യത്തിലും ഞാൻ അങ്ങയെ ആരാധിക്കുന്നു ആമേൻ.

No comments:

Post a Comment