Saturday, August 28, 2021

 


സമയം രാത്രി 11.30. തന്റെ പുതപ്പിലേക്ക് എന്തോ വീഴുന്ന ശബ്ദം കേട്ട് ഹെറ്റി എന്ന ബാലിക ഉറക്കമുണർന്നു. ഉടനെ തന്റെ പിതാവിന്റെ ശബ്ദം അവൾ കേട്ടു ."തീ....


അവൾക്ക് മനസ്സിലായി തന്റെ വീടിന് തീപിടിച്ചിരിക്കുന്നു .തടി കൊണ്ട് ഉണ്ടാക്കിയ ഭവനം തീജ്വാലകൾ കൊണ്ട് നിറഞ്ഞു.
സാമുവൽ വളരെ പരിശ്രമിച്ച് കുഞ്ഞുങ്ങളെ പുറത്ത് കൊണ്ട് വന്നു. സൂസന്ന രണ്ട് പെൺകുട്ടികളെയും കൊണ്ട് എങ്ങനെയോ രക്ഷപ്പെട്ടു. ഒരു വയസ്സുകാരൻ ചാൾസിനെ ഒരു വേലക്കാരൻ സുരക്ഷിതമായി വീടിന് പുറത്തെത്തിച്ചു . (ഒമ്പതു മക്കൾ ഉള്ള ആ കുടുംബത്തിൽ ഒരു മകൻ മാത്രം ആ സമയം ദൂരെ ഒരു സ്ഥലത്തായിരുന്നു.)
അവിടെയുള്ള 8 മക്കളിൽ 7 പേരെയും സുരക്ഷിതമായി പുറത്ത് കൊണ്ടു വന്നു.
എന്നാൽ അഞ്ചു വയസ്സുകാരൻ ജാക്കിയെ മാത്രം ആ വലിയ വീട്ടിൽ അവർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. വീട് കത്തിയമർന്നു കൊണ്ടിരുന്നു. ദൈവഭക്തനായ ഗൃഹനാഥൻ സാമുവൽ തന്റെ മകനായ ജാക്കി മരിച്ചു എന്ന് വിചാരിച്ചു കൊണ്ട് പ്രാർത്ഥിച്ചു. "ദൈവമേ എന്റെ മകൻ ജാക്കിയുടെ ആത്മാവിനെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു."

ഉടനെ ആരോ വിളിച്ചു പറഞ്ഞു "അതാ ആ ജനലിന്റെ അരികിൽ ജാക്കി നിൽക്കുന്നു;'
ഒരാളുടെ തോളിൽ മറ്റൊരാൾ കയറി ജനലിന്റെ ഒരു സൈഡിലൂടെ അവനെ രക്ഷപെടുത്തി.
ഗൃഹനാഥനായ സാമുവൽ ദൈവത്തെ മഹത്വപ്പെടുത്തി "
എന്റെ കുടുംബത്തെ അങ്ങ് തീയിൽ നിന്ന് രക്ഷിച്ചല്ലോ. അങ്ങേക്ക് നന്ദി. എന്റെ വീട് എനിക്ക് നഷ്ടമായി എന്നാൽ എനിക്ക് ഒന്നും നഷ്ടപ്പെട്ടില്ല, കാരണം എന്റെ കുടുംബത്തെ അവിടുന്ന് പരിപാലിച്ചല്ലോ!
അവർ എല്ലാവരും മുട്ടുകുത്തി ദൈവത്തെ ആരാധിച്ചു.

ആട്ടെ! ഈ ജാക്കി ആരാണ്?
സൂസന്നയുടെ കൈയിൽ കിടന്നുറങ്ങുന്ന ഒരു വയസ്സുകാരൻ ചാൾസോ??

"തീയിൽ നിന്ന് വലിച്ചെടുക്കപ്പെട്ട കൊള്ളി" എന്ന് സൂസന്ന എപ്പോഴും പറയുന്ന ജാക്കി ?
ജോൺ വെസ്ളി... സുവിശേഷത്താൽ നരകത്തീയിൽ നിന്ന് അനേകരെ വലിച്ചെടുക്കാൻ ദൈവം ഉപയോഗിച്ച വ്യക്തി !!

അമ്മയുടെ താരാട്ട് പാട്ട് കേട്ട് മയങ്ങുന്ന ഒരു വയസ്സുകാരൻ ചാൾസ് ?
ചാൾസ് വെസ്ളി! ആയിരക്കണക്കിന് ക്രിസ്തീയ ഗാനങ്ങൾ എഴുതിയ
അനുഗൃഹീത ഗാന രചയിതാവ് !!

.... ആ കുടുംബത്തോട് ചേർന്ന് നമുക്കും പാടാം ... യേശു എൻ ആത്മസഖേ, നിന്റെ മാർവ്വിൽ ഞാൻ ചേരട്ടെ കർത്താവേ .ഈ ലോകമാകുന്ന സമുദ്രത്തിൽ തിരകൾ ഉയരുകയാണ്. എന്റെ ജീവനെ അവിടുന്ന് പരിപാലിക്കുക കർത്താവേ!

തീജ്വാലകൾ, പകർച്ചവ്യാധി, പ്രതികൂലങ്ങൾ എല്ലാം കാണുമ്പോൾ എല്ലാം പ്രതീക്ഷകളും തകരുന്നുവോ?
കർത്താവായ യേശുവിൽ ആശ്രയിക്കുക.
അവിടുന്ന് ജീവപര്യന്തം നമ്മെ വഴി നടത്തും.
ആമേൻ!
##

യേശു എൻ ആത്മസഖേ
നിൻ മാർവ്വിൽ ഞാൻ ചേരട്ടേ
ഈ ലോകമാം വാരിധെ
തിരകൾ ഉയരുന്നെ
ഘോരമാം കോൾ ശാന്തമായ്
തീരും വരെ രക്ഷകാ
എൻ ജീവനെ കാക്കുക
നിൻ അന്തികെ ഭദ്രമായ്

2 വേറെ സങ്കേതമില്ലെ
എനിക്കാശ്രയം നീ താൻ
നാഥാ കൈവെടിയല്ലെ
കാത്തു രക്ഷിക്ക സദാ
കർത്താ നീ എൻ ആശ്രയം
തൃപ്പാദം എൻ ശരണം
നിൻ ചിറകിൻ കീഴെന്നും
ചേർത്തു സൂക്ഷിച്ചിടേണം

3  ക്രിസ്തോ എൻ ആവശ്യങ്ങൾ
നിന്നാൽ നിറവേറ്റുന്നു
ഏഴകൾ നിരാശ്രയർക്ക്
ആധാരം നീയാകുന്നു
നീതിമാൻ നീ നിർമ്മലൻ
മഹാ മ്ളേഛൻ ഞാൻ മുറ്റും
പാപി ഞാൻ മാ പാപി ഞാൻ
കൃപാ സത്യം നീ മുറ്റും

4 കാരുണ്യാ വാരാനിധേ
കൺമഷം കഴുകുകേ
നിത്യ ജീവ വെള്ളമെൻ
ചിത്തം ശുദ്ധമാക്കട്ടെ
ജീവനുറവാം നാഥാ
ഞാനേറെ കുടിക്കട്ടെ
എന്നുള്ളിൽ ഉയരുക
നിത്യാ കാലമൊക്കവേ;-

Song by...charles wesley




2 comments: