69-ാം സങ്കീർത്തനം വലിയ കഷ്ടതയിലൂടെ കടന്നു പോകുന്ന ഒരു വ്യക്തിയുടെ നിലവിളിയിലാണ് ആരംഭിക്കുന്നതെങ്കിലും അവസാനിക്കുന്നത് സ്തുതിയോടും സ്തോത്രത്തോടുമാണ്. .പ്രധാനമായും മറ്റുള്ളവരിൽ നിന്നുള്ള നിന്ദയും പരിഹാസവും ആണ് ദാവീദിൻ്റെ ഹൃദയം തകർത്തത്. ദൈവത്തോട് തൻ്റെ സങ്കടങ്ങൾ മുഴുവനും പങ്കുവെക്കുന്ന വാക്യങ്ങൾ ശ്രദ്ധിച്ചാലും .....
"ദൈവമേ, എന്നെ രക്ഷിക്കേണമേ. വെള്ളം എന്റെ പ്രാണനോളം എത്തിയിരിക്കുന്നു. ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു; ആഴമുള്ള വെള്ളത്തിൽ ഞാൻ മുങ്ങിപ്പോകുന്നു....
എന്റെ നിലവിളിയാൽ ഞാൻ തളർന്നിരിക്കുന്നു; എന്റെ തൊണ്ട ഉണങ്ങിയിരിക്കുന്നു; ഞാൻ എന്റെ ദൈവത്തെ പ്രതീക്ഷിച്ചു എന്റെ കണ്ണു മങ്ങിപ്പോകുന്നു. കാരണംകൂടാതെ എന്നെ പകെക്കുന്നവർ എന്റെ തലയിലെ രോമത്തിലും അധികമാകുന്നു; വൃഥാ എനിക്കു ശത്രുക്കളായി എന്നെ സംഹരിപ്പാൻ ഭാവിക്കുന്നവർ പെരുകിയിരിക്കുന്നു; ഞാൻ കവർച്ചചെയ്യാത്തതു തിരികെ കൊടുക്കേണ്ടിവരുന്നു
പട്ടണവാതില്ക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ചു സല്ലാപിക്കുന്നു; ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു.
എനിക്കുള്ള നിന്ദയും ലജ്ജയും അപമാനവും നീ അറിയുന്നു; എന്റെ വൈരികൾ എല്ലാവരും നിന്റെ ദൃഷ്ടിയിൽ ഇരിക്കുന്നു. നിന്ദ എന്റെ ഹൃദയത്തെ തകർത്തു, ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു; വല്ലവന്നും സഹതാപം തോന്നുമോ എന്നു ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല.
ദൈവത്തോട് സങ്കീർത്തനക്കാരൻ തൻ്റെ പ്രയാസങ്ങളും വിഷമങ്ങളും എല്ലാം പങ്കുവെച്ചതിന് ശേഷം ദൈവത്തിൻ്റെ രക്ഷയെ കുറിച്ച് 29-ാം വാക്യത്തിൽ പാടി .
ഞാനോ എളിയവനും ദുഃഖിതനും ആകുന്നു; ദൈവമേ, നിന്റെ രക്ഷ എന്നെ ഉയർത്തുമാറാകട്ടെ.
തുടർന്ന് വിലാപം നൃത്തമായി മാറി.രട്ട് മാറി സന്തോഷ വസ്ത്രം ധരിച്ച് ദൈവത്തെ മഹത്വപ്പെടുത്തി .വിഷണ്ഡ മനസ്സിന് പകരം സ്തുതി എന്ന മേലാട !! ഹാലേലുയ്യാ!!
ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും; സ്തോത്രത്തോടെ അവനെ മഹത്വപ്പെടുത്തും. അതു യഹോവെക്കു കാളയെക്കാളും കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും. സൗമ്യതയുള്ളവർ അതു കണ്ടു സന്തോഷിക്കും; ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ. യഹോവ ദരിദ്രന്മാരുടെ പ്രാർത്ഥന കേൾക്കുന്നു; തന്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല; ആകാശവും ഭൂമിയും സമുദ്രങ്ങളും അവയിൽ ചരിക്കുന്ന സകലവും അവനെ സ്തുതിക്കട്ടെ. ദൈവം സീയോനെ രക്ഷിക്കും; അവൻ യെഹൂദാനഗരങ്ങളെ പണിയും; അവർ അവിടെ പാർത്തു അതിനെ കൈവശമാക്കും. അവന്റെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും; അവന്റെ നാമത്തെ സ്നേഹിക്കുന്നവർ അതിൽ വസിക്കും.
എന്താണ് സംഭവിച്ചത്? ദൈവത്തിൻ്റെ രക്ഷയെക്കുറിച്ചുള്ള ധ്യാനം അവൻ്റെ ഹൃദയത്തെ ദൈവത്തിങ്കലേക്ക് ഉയർത്തി.
ഹബക്കുക്ക് പ്രവാചകൻ്റെ അതേ അനുഭവം !
അത്തിവൃക്ഷം തളിർക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല; ആട്ടിൻ കൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല. എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും. യഹോവയായ കർത്താവു എന്റെ ബലം ആകുന്നു; അവൻ എന്റെ കാൽ പേടമാൻകാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു. സംഗീതപ്രമാണിക്കു തന്ത്രിനാദത്തോടെ.ഹബക്കൂൿ 3:17-19
എന്തു ചിന്തിച്ചാണ് നിങ്ങൾ ഇപ്പോൾ ആകുലനായിരിക്കുന്നത്? മറ്റുള്ളവരുടെ നിന്ദ, പരിഹാസം, മുറിപ്പെടുത്തുന്ന വാക്കുകൾ....?അവരോട് ഹൃദയപൂർവ്വം ക്ഷമിക്കുക.
ദൈവം നിങ്ങൾക്കു തന്ന രക്ഷയുടെ പാനപാത്രം എടുക്കുക .രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്ക. നമ്മുടെ കർത്താവ് കടന്നു പോയ അനുഭവങ്ങൾ ഈ സങ്കീർത്തനത്തിലുണ്ട്. യേശുവിന് നിങ്ങളെ പൂർണ്ണമായി മനസ്സിലാക്കാൻ കഴിയും.
രക്ഷയുടെ ഗാനാലാപനം തുടങ്ങുക!
ആനന്ദ തൈലം കൊണ്ട് ദൈവം നിങ്ങളെ അഭിഷേകം ചെയ്യട്ടെ!
ദൈവത്തിൻ സ്നേഹം ഹാ എത്ര ശ്രേഷ്ഠം
ആയതിൻ ആഴം ആർക്കു വർണ്ണിക്കാം
ജീവിത ക്ലേശ ഭാരങ്ങൾ മദ്ധ്യേ
നിൻ ചാരെ എത്തും സ്നേഹകരം(2)
മരുഭൂവിൽ വാടി തളർന്നിടുമ്പേൾ
ചേതനയറ്റു പതിച്ചിടുമ്പോൾ(2)
പുതുജീവൻ നൽകി പുതുശക്തിയേകി
ആകാശമദ്ധ്യേ ഉയർത്തും സ്നേഹം(2);- ദൈവ…
ഉറ്റവർ നിന്ദിച്ചു തള്ളിടുമ്പോൾ
ശിക്ഷവിധിച്ചു രസിച്ചിടുമ്പോൾ(2)
പെറ്റമ്മ പോലെ കൈകൾ പിടിച്ചു
മാറോടണയ്ക്കും ക്രൂശിൻ സ്നേഹം(2);- ദൈവ…
ജീവിത ഭാരങ്ങൾ ഏറിടുമ്പോൾ
രോഗത്താൽ പാരം തളർന്നിടുമ്പോൾ
ഭയം വേണ്ട ഞാൻ നിന്നോടുകൂടെ
ഉണ്ടെന്നുരച്ച ദൈവസ്നേഹം(2);- ദൈവ…
No comments:
Post a Comment