തന്റെ പ്രിയനായ കർത്താവിനോടുള്ള ആഴമേറിയ സ്നേഹമാണ് ഈ വാക്യത്തിൽ നാം കാണുന്നത്. നിന്റെ നാമം പകർന്ന തൈലം പോലെയും നിന്റെ സ്നേഹം വീഞ്ഞിലും രസകരമെന്ന് പാടിയതിന് ശേഷം, പ്രിയനോട് ചേർന്നിരിക്കാനുള്ള ആഗ്രഹം എത്ര ശ്രേഷ്ഠമായ ഒന്നാണ്.
നിത്യ സ്നേഹത്താൽ ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു. അതുകൊണ്ട് ഞാൻ തീർന്നു പോകാത്ത സ്നേഹത്താൽ നിന്നെ എങ്കലേക്ക് വലിച്ചടുപ്പിച്ചിരിക്കുന്നു. (with an everlasting love I have drawn you to myself) Jeremiah 31:3 (NLT)
മനുഷ്യ പാശങ്ങൾ കൊണ്ട് സ്നേഹത്തിന്റെ ചരടുകൾ കൊണ്ട് ദൈവം യിസ്രായേലിനെ തങ്കലേക്ക് വലിച്ചടുപ്പിക്കുന്നതായി ഹോശേയ 11:4 ൽ നാം വായിക്കുന്നു.
തന്റെ പ്രിയനെ അന്വേഷിച്ച് ശൂലേംകാരി വീഥികളിലും വിശാല സ്‌ഥലങ്ങളിലും അന്വേഷിച്ചു. എന്നാൽ അവനെ കണ്ടെത്തിയപ്പോൾ അവനെ മുറുകെപ്പിടിക്കുക മാത്രമല്ല വീട്ടിലേക്കെത്തിക്കും വരെ അവനെ വിട്ടില്ല. ഉത്തമ ഗീതം 3:4
ഫിലിപ്പിയ ലേഖനം 3 മത്തെ അദ്ധ്യായത്തിൽ അപ്പൊസ്ഥലനായ പൗലോസ് താൻ കർത്താവിനാൽ പിടിക്കപ്പെട്ടിരിക്കുന്നു എന്നും താൻ കർത്താവിനെ മുറുകെ പിടിച്ചിരിക്കുന്നു എന്നും രേഖപ്പെടുത്തിയിരിക്കുന്നു. എത്ര ശക്തമായ ബന്ധം.
പിരിയാബന്ധമാണിത് പിരിയാബന്ധമാണിത് എന്ന് കർത്താവിനോടുള്ള കൂട്ടായ്മയെക്കുറിച്ച് ഭക്തൻ പാടിയിരിക്കുന്നത് എത്ര അന്വർത്ഥമാണ്.
ഞാനോ ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്ക് ആകർഷിക്കും. യോഹന്നാൻ 12:32.
2000 വർഷങ്ങൾക്ക് മുൻപ് കാൽവരി ക്രൂശിൽ ഉയർത്തപ്പെട്ട ക്രിസ്തുയേശു എന്നെയും നിങ്ങളെയും ആകർഷിച്ചു. ഈ പ്രഭാതത്തിൽ ക്രൂശിക്കപ്പെട്ട ക്രിസ്തു നമ്മുടെ ധ്യാനമായിരിക്കട്ടെ.
" ധ്യാനപീഠത്തിൽ കയറി ഉള്ളിലെ കണ്ണുകൾ കൊണ്ടു നീ കാണുക "
കർത്താവായ യേശുവേ എന്റെ ഹൃദയത്തെ നിങ്കലേക്ക് വലിച്ചടുപ്പിക്കണമേ. കഷ്ടങ്ങൾ നിറഞ്ഞ ഈ ലോകത്തിൽ ഞാനായിരിക്കുമ്പോഴും രാജാവിന്റെ പള്ളിയറകളിൽ ഞാൻ നിന്നിൽ സന്തോഷിക്കട്ടെ ആമേൻ.
*****
ആകർഷിക്ക എന്നെ കർത്താവേ
നിങ്കലേക്ക് ആകർഷിക്ക
നിന്റെ പിന്നാലെ എന്നെ വലിക്ക
സ്നേഹ പാശങ്ങളാൽ ചേർത്തു നിർത്തുക
ക്രൂശിലെ സ്നേഹത്താൽ ആകർഷിക്ക
ലോകത്തെ വിട്ടോടാൻ കൃപ നല്കുക
നിത്യ സ്നേഹത്താൽ നിത്യ ദയയാൽ
എന്നെ നിങ്കലേക്ക് വലിച്ചടുപ്പിക്ക
ക്രിസ്തുവിൻ സ്നേഹത്തിൽ നിന്നൊന്നും എന്നെ
വേർപിരിക്കാതവണ്ണം ദൈവ സ്നേഹത്താൽ ഹൃത്തേ നിറയ്ക്ക
കഷ്ടമോ സങ്കടമോ മറ്റ് യാതൊന്നിനും ക്രിസ്തു-
വിൻ സ്നേഹത്തിൽ നിന്ന കറ്റാൻ കഴിയാതവണ്ണം കൃപ തരിക
No comments:
Post a Comment