Monday, October 25, 2021

 

ഇങ്ങനെ ഗ്രഹിച്ച ശേഷം അവൻ മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാന്റെ അമ്മ മറിയയുടെ വീട്ടിൽ ചെന്നു. അവിടെ അനേകർ ഒരുമിച്ചു കൂടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.അപ്പൊ. പ്രവൃത്തികൾ 12: 12 

പത്രൊസ് കാരാഗൃഹത്തിൽ ആയിരുന്നപ്പോൾ സഭ ശ്രദ്ധയോടെ പ്രാർത്ഥിച്ചു: ദൈവം തന്റെ ദൂതനെ അയച്ച് പത്രൊസിനെ വിടുവിച്ചു.
ദൈവത്തിന് മഹത്വം.
" മറിയയുടെ വീട്ടിൽ അനേകർ ഒരുമിച്ചു കൂടി പ്രാർത്ഥിച്ചു കൊണ്ടിരുന്നു".
മറിയം തന്റെ ഭവനം പ്രാർത്ഥനയ്ക്കായി തുറന്നു കൊടുത്തു. സഭ വലിയ പീഡനത്തിൽ കൂടി കടന്നു പോയ നാളുകളിൽ അനേകർക്ക് കൂടി വരുവാൻ ആ വീട് ഒരു പ്രാർത്ഥനാ ഭവനമായി. ദൈവമക്കൾക്ക് ആശ്വാസവും തണലുമായ ആ വീട്ടിലേക്കാണ് പത്രൊസ് വന്നത്.

തീർച്ചയായും മറിയ കർത്താവിന്റെ ഒരു ശിഷ്യയാണ്. ഒരു വില കൊടുത്ത്,
തന്റെ സുഖ സൗകര്യങ്ങൾ മാറ്റി വെച്ച് ദൈവരാജ്യത്തിന്നായി കഷ്ടം സഹിപ്പാൻ അവൾക്ക് ഒരു നല്ല മനസ്സുണ്ടായിരുന്നു.

ദൈവം അവളെ അനുഗ്രഹിച്ചു. അവളുടെ മകനായ മർക്കൊസിനെ കർത്താവ് തന്റെ വേലയ്ക്കായി തിരഞ്ഞെടുത്തു.
അപ്പൊസ്തലൻമാരുടെ കൂടെ യാത്ര ചെയ്തു പലയിടങ്ങളിൽ സുവിശേഷം അറിയിച്ചു.
 ബർണാബാസിനോടും പത്രൊസിനോടും ചേർന്ന് കർത്താവിന്റെ വയലിൽ അധ്വാനിച്ചു.

കുറച്ച് നാൾ അപ്പൊസ്തലനായ പൗലോസിൽ നിന്ന് വേർപിരിഞ്ഞെങ്കിലും " പ്രയോജനമുള്ളവൻ " എന്ന് കണ്ട് പിന്നീട് അവനെ ശുശ്രൂഷയിൽ മടക്കി വിളിച്ചു.

എന്നാൽ "മർക്കൊസിന്റെ അമ്മ" ഏറ്റവും അനുഗ്രഹിക്കപ്പെട്ടത് തന്റെ മകൻ ആദ്യം എഴുതപ്പെട്ട സുവിശേഷമായ "മർക്കൊസിന്റെ സുവിശേഷം " എഴുതിയപ്പോഴെന്ന് ഞാൻ കരുതുന്നു.

തന്റെ വീട് ദൈവരാജ്യത്തിനായി തുറന്നു കൊടുത്ത മറിയയുടെ തലമുറയെ എത്രയധികം ദൈവകരങ്ങളിൽ തന്റെ മഹത്വത്തിന്നായി ദൈവം പ്രയോജനപ്പെടുത്തി.

ഇന്ന് പീഢനം അനുഭവിക്കുന്ന ദൈവമക്കൾക്ക് വേണ്ടി 24 മണിക്കൂറും പ്രാർത്ഥിക്കുന്ന പ്രയർ ഗ്രൂപ്പിന്റെ പേര് " മറിയയുടെ ഭവനം "എന്നാണ് (House of Mary )


'കർത്താവേ അവിടുന്ന് എനിക്ക് തന്ന അനുഗ്രഹങ്ങൾ, താലന്ത്, സമയം അങ്ങയുടെ   നാമത്തിന്റെ മഹത്വത്തിന്നായി ഞാൻ സമർപ്പിക്കുന്നു -ആമേൻ'

നമ്മിൽ ആരും തനിക്കായി തന്നേ ജീവിക്കുന്നില്ല. ആരും തനിക്കായി തന്നേ മരിക്കുന്നതുമില്ല. ജീവിക്കുന്നു എങ്കിൽ നാം കർത്താവിന്നായി ജീവിക്കുന്നു; മരിക്കുന്നു എങ്കിൽ കർത്താവിന്നായി മരിക്കുന്നു; അതുകൊണ്ടു ജീവിക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം കർത്താവിന്നുള്ളവർ തന്നേ.
റോമർ 14: 7‭-‬8 


2 comments: