Monday, January 3, 2022

2022..Abide with me Lord Jesus...

 

"ആയുസാം ചെറുദിനമോടുന്നു

ഭൂസന്തോഷ മഹിമ മങ്ങുന്നു

ചുറ്റിലും കാണുന്നു മാറ്റം കേടു
മാറ്റമില്ലാത്ത ദേവാ കൂടെ പാര്‍ക്ക ..."

ഒരു പുതിയ വർഷത്തിലേക്ക് പ്രവേശിച്ച ഈ ദിവസങ്ങളിൽ ദൈവത്തോടു് ഒരു ഭക്തൻ പറയുന്ന വാക്കുകൾ " കൂടെ പാർക്ക കർത്താവേ " എന്നായിരിക്കും.

ചെറുപ്പത്തിൽ തന്നെ അനാഥനായ ഹെൻ്റി ഫ്രാൻസിസ് ലെയ്റ്റ് താൻ പഠിച്ച സ്കൂളിലെ അധ്യാപകൻ്റെ സഹായത്താൽ വിദ്യാഭ്യാസം പൂർത്തിയാക്കി.
ദൈവവേല ചെയ്യാനുള്ള ആഗ്രഹം ദൈവം ഹെൻ്റിയുടെ ഹൃദയത്തിൽ നൽകി. ഡിവിനിറ്റി സ്കൂളിൽ ചേർന്ന് 3 വർഷം ദൈവവചനം പഠിച്ചു.1815-ൽ സഭാ ശുശ്രുഷകനായി നിയമിതനായി. വളരെ അനുഗ്രഹീത നിലയിൽ അദ്ദേഹം ദൈവനാമ മഹത്വത്തിനായി പ്രവർത്തിച്ചു.
ചില വർഷങ്ങൾ കഴിഞ്ഞപ്പോൾ ക്ഷയരോഗബാധിതനായ അദ്ദേഹം ഡോക്ടർമാരുടെ നിർദേശപ്രകാരം തണുപ്പു കുറഞ്ഞ മറ്റൊരു സ്ഥലത്ത് ശുശ്രൂഷ തുടർന്നു.

ബ്രിക്സ് ഹാം (Brixham ) എന്ന കൊച്ചു മുക്കുവ ഗ്രാമത്തിൽ തൻ്റെ സഭയിലെ ജനങ്ങളുടെ ക്ഷേമത്തിനായി അദ്ദേഹം ഏറെ അധ്വാനിച്ചു: മീൻ പിടിക്കാൻ പോകുമ്പോൾ അവരെ പ്രാർത്ഥിച്ചയയ്ക്കുവാനും മടങ്ങി വരുമ്പോൾ സ്വീകരിച്ച് പ്രാർത്ഥിക്കുവാനും ഹെൻ്റി ലെയറ്റ് കടൽക്കരയിൽ എത്തുമായിരുന്നു.
നാളുകൾ കഴിയുന്തോറും ഹെൻ്റിയുടെ ആരോഗ്യം ക്ഷയിച്ചു കൊണ്ടിരുന്നു.

ഒരു സന്ധ്യാ സമയം പ്രാർത്ഥനയ്ക്കായി ബൈബിൾ തുറന്നപ്പോൾ ജനാലയിൽ കൂടി വീശിയടിച്ച കാറ്റു മൂലം താളുകൾ താനേ മറിഞ്ഞു. താൻ ഏറ്റവും പ്രിയപ്പെട്ടിരുന്ന വചനഭാഗത്ത് പേജുകൾ വന്നു മറിഞ്ഞു നിന്നു. ലൂക്കോസിൻ്റെ സുവിശേഷം 24-ാം അദ്ധ്യായം 29-ാം വാക്യം അദ്ദേഹം വായിച്ചു.

" ഞങ്ങളോടുകൂടെ പാർക്കുക; നേരം വൈകി അസ്തമിപ്പാറായല്ലോ .....
ലൂക്കൊസ് 24: 29 (a)

ദൈവീക സമാധാനത്താലും സന്തോഷത്താലും നിറയപ്പെട്ട ഹെൻ്റി കടൽത്തീരത്തിൽ പതിയെ നടന്നു. യേശുവിൻ്റെ സാമീപ്യം അദ്ദേഹം അനുഭവിച്ചറിഞ്ഞു. ഭാരങ്ങൾ ഹൃദയത്തിൽ നിന്ന് നീങ്ങിപ്പോയി.. ആ സന്തോഷത്തിൽ നിറഞ്ഞ് അദ്ദേഹം എഴുതിയ ഗാനമാണ് (കൂടെ പാർക്ക നേരം വൈകുന്നിതാ) Abide with me !!!

ആ ഗാനം എഴുതിക്കഴിഞ്ഞ് ഹെൻ്റി 1847 ൽ ഫ്രാൻസിലെ "നൈസ്" എന്ന സ്ഥലത്തേക്ക് യാത്രയായി. അവിടെ വച്ച് രോഗം മൂർച്ഛിച്ചു താൻ സ്നേഹിച്ച കർത്താവിൻ്റെ സന്നിധിയിലേക്ക് അദ്ദേഹം കടന്നു പോയി.

2022 ൻ്റെ ആരംഭത്തിൽ ചുറ്റും നോക്കിയാൽ എങ്ങും മാറ്റങ്ങൾ മാത്രം. ഒന്നും ഉറപ്പിച്ച് പ്ലാൻ ചെയ്യാൻ കഴിയുന്നില്ല .എവിടെയും അനിശ്ചിതത്വം....
(change and decay in all around i see
Thou changest not abide with me)
ദൈവം മാറാത്തവൻ !!
ചില വചനങ്ങൾ ഹൃദയത്തിൽ പതിയട്ടെ!

എല്ലാ നല്ല ദാനവും പൂർണ്ണവരം ഒക്കെയും ഉയരത്തിൽനിന്ന്, വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്ന് ഇറങ്ങിവരുന്നു. അവന് ചാഞ്ചല്യമോ, നിഴൽ മാറുന്നതു പോലുള്ള മാറ്റമോ ഇല്ല. യാക്കോബ്. 1: 17

“കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു. അവ നശിക്കും; നീയോ നിലനില്ക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു.
എബ്രായർ 1 :10‭-‬12

യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും മാറ്റമില്ലാത്തവൻ തന്നേ.
എബ്രാ. 13: 8

“യഹോവയായ ഞാൻ മാറാത്തവൻ..
മലാഖി 3: 6(a)

ഓർക്കുക ! വർഷമേ മാറിയിട്ടുള്ളു ...
നമ്മുടെ ദൈവം മാറ്റമില്ലാത്തവൻ !!

Year is new But our God is the Same Yesterday Today and forever !!!

കൂടെ പാര്‍ക്ക നേരം വൈകുന്നിതാ
കൂരിരുള്‍ ഏറുന്നു പാര്‍ക്ക ദേവാ
ആശ്രയം വേറില്ല നെരമെനി-
ക്കാശ്രിതവത്സലാ കൂടെ പാര്‍ക്ക

ആയുസാം ചെറുദിനമോടുന്നു
ഭൂസന്തോഷ മഹിമ മങ്ങുന്നു
ചുറ്റിലും കാണുന്നു മാറ്റം കേടു
മാറ്റമില്ലാത്ത ദേവാ കൂടെ പാര്‍ക്ക

രാജരാജന്‍ പോല്‍ ഭയങ്കരനായ്
യാചകന്‍ സമീപേ വരാതെ നീ
നന്മ ദയ സൌഖ്യമാം നല്‍വരം
നല്‍കി രക്ഷിച്ചു നീ കൂടെ പാര്‍ക്ക

സദാ നിന്‍ സാന്നിധ്യം വേണം താതാ
പാതകന്മേല്‍ ജയം നിന്‍ കൃപയാം
തുണ ചെയ്യാന്‍ നീയല്ലാതാരുള്ളൂ
തോഷതാപങ്ങളില്‍ കൂടെ പാര്‍ക്ക

ശത്രു ഭയമില്ല നീ ഉണ്ടെങ്കില്‍ 
ലോക കണ്ണീരിനില്ല കൈപ്പോട്ടും
പാതാളമേ ജയമെവിടെ നിന്‍
മൃത്യുമുള്‍ പോയ് ജയം കൂടെ പാര്‍ക്ക

കണ്ണടഞ്ഞിടുമ്പോള്‍ നിന്‍ ക്രൂശിനെ
കാണിക്ക മേല്‍ ലോകമഹിമയും
ഭൂമിഥ്യാ നിഴല്‍ ഗമിക്കുന്നിതാ
ഭാഗ്യോദയമായ്‌ നീ കൂടെപാര്‍ക്ക


1 comment:

  1. Amen praise god. Lord make me reside in your presence always.

    ReplyDelete