Wednesday, March 2, 2022

നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു. സങ്കീർത്തനങ്ങൾ 136:23

 


ആലീസ് ഗ്രെയിൻ എഴുതിയ ഒരു ചെറുകഥ...

വളരെ ചെറുപ്പത്തിൽ തന്നെ അവളുടെ ഭർത്താവ് ഈ ലോകത്തിൽ നിന്ന് യാത്രയായി.രണ്ടു കുഞ്ഞുങ്ങളെ തനിച്ചാക്കി അദ്ദേഹം കടന്നു പോയി.

ഹൃദയം തകർന്ന അവളെ ആശ്വസിപ്പിക്കുവാൻ അനേകം ആളുകൾ ഭവനത്തിൽ വന്നു .സഹപാഠികൾ, അയൽക്കാർ, സ്നേഹിതർ... വലിയ ആശ്വാസം ലഭിച്ച നാളുകൾ.

എന്നാൽ ചില നാളുകൾ പിന്നിട്ടപ്പോൾ എല്ലാവരും ആ വിധവയെ മറന്നു .മനപ്പൂർവ്വമല്ല, എല്ലാവരും തിരക്ക് പിടിച്ച് ഓടുന്നവർ!

ഹൃദയം വിങ്ങിപ്പൊട്ടുന്ന അനുഭവം .അവളും കുഞ്ഞുങ്ങളും തനിച്ചായി. ഭർത്താവിനെക്കുറിച്ചുള്ള ഓർമ്മകൾ, അദ്ദേഹം എത്ര നല്ല ഒരാളായിരുന്നു.

"ആരെങ്കിലും തൻ്റെ ഭർത്താവിനെക്കുറിച്ച് ഒരു വാക്ക് സംസാരിച്ചിരുന്നെങ്കിൽ... എൻ്റെ വീട്ടിൽ ഒരിറ്റ് സാന്ത്വനമായി ആരെങ്കിലും ഒന്ന് വന്നിരുന്നെങ്കിൽ ... കുഞ്ഞുങ്ങളുടെ കൂടെ അല്പസമയം ഒന്ന് ചിലവഴിച്ചെങ്കിൽ...

എല്ലാവരും ഞങ്ങളെ മറന്നു.. "

അതിലും അധികം അവളെ ദുഖിപ്പിച്ചത്  മറ്റൊന്നുമായിരുന്നില്ല .തൻ്റെ പ്രിയപ്പെട്ടവനെ എല്ലാവരും മറന്നു കളഞ്ഞു!

ഒന്നാം ചരമവാർഷികം.അവൾ ഏകയായി മഞ്ഞു പെയ്യുന്ന പ്രഭാതത്തിൽ സെമിത്തേരിയിലെത്തി. 

എല്ലാവരും മറന്നു എന്ന ദുഖം ഹൃദയത്തിൽ അലയടിച്ചു. എന്നാൽ കണ്ണീരിനിടയിലൂടെ അവൾ ഒരു കാഴ്ച കണ്ടു .തൻ്റെ ഭർത്താവിൻ്റെ കല്ലറയിൽ വളരെ ഫ്രഷ് ആയ ഒരു കെട്ട് പുഷ്പങ്ങൾ. 

"ആരാണ് ഈ പ്രഭാതത്തിൽ ഇവിടെ വന്നത്?"

അതിൽ ചുറ്റിയിരിക്കുന്ന റിബണിൽ ഒരു ചെറിയ കുറിപ്പ്... പേരെഴുതാത്ത ഒരു ചെറിയ പേപ്പറിൽ കുറിച്ചിരിക്കുന്നു '" ഞാൻ ഓർക്കുന്നു"(I too remember) 

🌹🌹🌹🌹🌹

"എല്ലാവരും എന്നെ മറന്നു " 

"ദൈവം പോലും "

നാം സ്ഥിരമായി കേൾക്കുന്ന ഒരു വാക്ക് .എന്നാൽ ദൈവം നമ്മോട് പറയുന്നു " ഞാൻ ഓർക്കുന്നു"

സീയോൻ: “യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവ് എന്നെ മറന്നുകളഞ്ഞു” എന്നു പറയുന്നു. “ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കുകയില്ല.യെശ. 49:14‭-‬15 

“യാക്കോബേ, ഇത് ഓർത്തുകൊള്ളുക; യിസ്രായേലേ, നീ എന്റെ ദാസനല്ലയോ; ഞാൻ നിന്നെ നിർമ്മിച്ചു; നീ എന്റെ ദാസൻ തന്നെ; യിസ്രായേലേ, ഞാൻ നിന്നെ മറന്നുകളയുകയില്ല.യെശ. 44:21 

ദൈവം നോഹയെയും പെട്ടകത്തിൽ ഉള്ള സകലജീവികളെയും സകലമൃഗങ്ങളെയും ഓർത്തു;ഉല്പ..8:1 

എന്നാൽ ആ പ്രദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കുമ്പോൾ ദൈവം അബ്രാഹാമിനെ ഓർത്തു. ലോത്ത് പാർത്ത പട്ടണങ്ങൾക്ക് ഉന്മൂലനാശം വരുത്തിയപ്പോൾ ലോത്തിനെ ആ ഉന്മൂലനാശത്തിൽനിന്നു വിടുവിച്ചു.ഉല്പ. 19:29 

ദൈവം റാഹേലിനെ ഓർത്തു; ദൈവം അവളുടെ അപേക്ഷ കേട്ട് അവളുടെ ഗർഭത്തെ തുറന്നു.ഉല്പ. 30:22 

അതിനുശേഷം അവർ അതിരാവിലെ എഴുന്നേറ്റ് യഹോവയുടെ സന്നിധിയിൽ നമസ്കരിച്ചശേഷം രാമയിൽ അവരുടെ വീട്ടിലേക്ക് പോയി. എന്നാൽ എല്‍ക്കാനാ തന്റെ ഭാര്യയായ ഹന്നയെ പരിഗ്രഹിച്ചു; യഹോവ അവളെ ഓർത്തു.1 ശമു. 1:19 

അവൻ തന്റെ നിയമത്തെ എന്നേക്കും താൻ കല്പിച്ച വചനത്തെ ആയിരം തലമുറയോളവും ഓർക്കുന്നു.സങ്കീർത്തനങ്ങൾ 105:8 

യോസേഫിനെ, ഹന്നായെ, ക്രൂശിലെ കള്ളനെ ഓർത്ത ദൈവത്തിൻ്റെ സ്നേഹം !!

ദൈവം നിങ്ങളെ മറന്നിട്ടില്ല.എന്താണ് ഒരു തെളിവു്? നിങ്ങൾ ഹൃദയത്തിൽ ചോദിച്ചേക്കാം...

മുകളിൽ എഴുതിയ വചനങ്ങൾ നിങ്ങൾ വായിച്ചു എന്നത് തന്നെ!

മനുഷ്യർ മറന്നേക്കാം. ദൈവം ഒരു നാളും നമ്മെ മറക്കുകയില്ല !!!

അവർത്തിച്ച് പാടുക ...

.. "നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.

സങ്കീർത്തനങ്ങൾ 136:23 




1 comment: