Thursday, May 13, 2021

 

സങ്കീർത്തനക്കാരനായ ദാവീദ് രാജാവ് ഇപ്രകാരം പാടി

"എന്റെ ദൈവമായ രാജാവേ, ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും. ദിനംതോറും ഞാൻ നിന്നെ വാഴ്ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും."
സങ്കീർത്തനങ്ങൾ 145 :1‭-‬2 

ഇന്നേ ദിവസം നമുക്ക് ജീവനും ശ്വാസവും തന്ന ദൈവത്തിന് ഒരായിരം സ്തുതി.
ദിവസേന അനേകം വാർത്തകൾ നാം കേൾക്കുമ്പോൾ നമ്മുടെ ഹൃദയം വ്യസനിക്കുന്നു .എന്നാൽ ഇതിനപ്പുറമായി ദൈവം നൽകുന്ന ഒരു ആത്മീയ സന്തോഷമാണ് ഒരു ഭക്തന്റെ ബലം.
കർത്താവിങ്കലെ സന്തോഷം നമ്മുടെ ബലമാകുന്നു .ഈ ആനന്ദം സാഹചര്യങ്ങളെ അനുസരിച്ച് മാറിപ്പോകുന്നതല്ല .മറിച്ച് വർദ്ധിച്ചു വരുന്ന ഒരു സന്തോഷമാണ്.

സങ്കീർത്തനങ്ങൾ 1: 2 ൽ ദൈവഭക്തൻ 'ന്യായപ്രമാണത്തിൽ സന്തോഷിക്കുന്നു .'
യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച് അവന്റെ ന്യായപ്രമാണം രാവും പകലും ധ്യാനിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.
സങ്കീർത്തനങ്ങൾ . 1 :2

തുടർന്ന് വായിക്കുമ്പോൾ സങ്കീർത്തനങ്ങൾ 4: 7-ൽ "ധാന്യവും വീഞ്ഞും വർദ്ധിച്ചപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം  നീ എന്റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു."
എന്ന് ഭക്തൻ പാടിയിരിക്കുന്നു.

... തുടർന്ന് ധ്യാനിക്കുക
എന്നാൽ നിന്നെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും; നീ അവരെ പാലിക്കുന്നതുകൊണ്ട് അവർ എപ്പോഴും ആനന്ദിച്ചാർക്കും; നിന്റെ നാമത്തെ സ്നേഹിക്കുന്നവർ നിന്നിൽ ഉല്ലസിക്കും;
സങ്കീർത്തനങ്ങൾ 5: 11
ആത്മസന്തോഷം അനേകം മടങ്ങ് വർദ്ധിച്ചതായി ഈ തിരുവചനം നമ്മെ പഠിപ്പിക്കുന്നു.

എന്നാൽ ഇത് നൈമിഷികമായ സന്തോഷമല്ല. നിലനിൽക്കുന്ന, ആർക്കും എടുത്തുകളയാൻ കഴിയാത്ത ദൈവീകമായ ആനന്ദം. ദാവീദ് വീണ്ടും ദൈവത്തിൽ സന്തോഷിക്കുന്ന വചനങ്ങൾ ശ്രദ്ധിച്ചാലും...

ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ള യഹോവേ, ഞാൻ നിന്റെ നാമത്തെ കീർത്തിക്കും. ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ നിന്നെ സ്തുതിച്ച് നിന്റെ രക്ഷയിൽ സന്തോഷിക്കേണ്ടതിനു തന്നെ.
സങ്കീ. 9 :2‭, ‬14

'നിങ്ങളുടെ സന്തോഷം ആരും നിങ്ങളിൽ നിന്ന് എടുത്തു കളയുകയില്ല എന്ന് അരുളിച്ചെയ്ത യേശു നാഥാ ഇന്നേ ദിവസം സ്വർഗ്ഗീയമായ സന്തോഷം കൊണ്ടും സകല ബുദ്ധിയേയും കവിയുന്ന ദൈവീക സമാധാനം കൊണ്ടും ഞങ്ങളെ നിറയ്ക്കേണമേ. ആമേൻ'














1 comment: