Tuesday, February 14, 2023

ജ്ഞാനിയുടെ സൂക്തങ്ങൾ..(biblica)

 


സദൃശ്യവാക്യങ്ങൾ 22-24

ഒന്നാംസൂക്തം

17 ജ്ഞാനിയുടെ സൂക്തങ്ങൾ സശ്രദ്ധം കേൾക്കുക;ഞാൻ ഉപദേശിക്കുന്നതിന് ഹൃദയം നൽകുക,

18 കാരണം അവ നിന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്നതും അധരങ്ങളിൽ ഒരുക്കിനിർത്തുന്നതും ആനന്ദകരം.

19 നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന്,

ഞാൻ ഇന്നു നിന്നോട്, നിന്നോടുതന്നെ ഉപദേശിക്കുന്നു.

20 ഞാൻ നിനക്കായി മുപ്പതു സൂക്തങ്ങൾ എഴുതിയിട്ടുണ്ട്,

ഉപദേശത്തിന്റെയും പരിജ്ഞാനത്തിന്റെയും സൂക്തങ്ങൾതന്നെ,

21 നീ സത്യസന്ധനായി, സത്യംമാത്രം സംസാരിക്കുന്നവൻ ആയിത്തീർന്ന്

നീ സേവിക്കുന്നവർക്ക് സത്യസന്ധമായ മറുപടിനൽകേണ്ടതിനാണ്

ഞാൻ ഈ സൂക്തങ്ങൾ നിനക്ക് എഴുതിയിട്ടുള്ളത്.

രണ്ടാംസൂക്തം

22 ദരിദ്രർ നിസ്സഹായരായതിനാൽ അവരെ ചൂഷണംചെയ്യരുത്

നിർധനരെ കോടതികയറ്റി തകർത്തുകളയരുത്,

23 കാരണം അവരുടെ വ്യവഹാരം യഹോവ ഏറ്റെടുക്കുകയും

അവരെ നശിപ്പിക്കുന്നവരെ നശിപ്പിക്കുകയുംതന്നെചെയ്യും.

മൂന്നാംസൂക്തം

24 ക്ഷിപ്രകോപിയായ ഒരാളോട് സഖിത്വം അരുത്,

പെട്ടെന്നു പ്രകോപിതരാകുന്നവരോട് അടുത്ത സൗഹൃദം സ്ഥാപിക്കുകയുമരുത്.

25 അല്ലെങ്കിൽ നിങ്ങൾ അവരുടെ രീതികൾ അനുശീലിക്കുകയും

നിങ്ങളെത്തന്നെ കെണിയിൽ വീഴ്ത്തുകയും ചെയ്യും.

നാലാംസൂക്തം

26 മറ്റൊരാൾക്കുവേണ്ടി ജാമ്യം നിൽക്കുകയോ

അന്യർക്കുവേണ്ടി കൈയൊപ്പുചാർത്തുകയോ ചെയ്യരുത്;

27 അത് അടച്ചുതീർക്കാൻ കഴിയാതെവന്നിട്ട്,

നിങ്ങളുടെ കിടക്കപോലും നിങ്ങൾക്കടിയിൽനിന്നു വലിച്ചുമാറ്റപ്പെടും.

അഞ്ചാംസൂക്തം

28 നിങ്ങളുടെ പൂർവികർ സ്ഥാപിച്ചിരിക്കുന്ന

പുരാതനമായ അതിർത്തിക്കല്ലു മാറ്റരുത്.

ആറാംസൂക്തം

29 തന്റെ തൊഴിലിൽ വൈദഗ്ദ്ധ്യമുള്ള ഒരാളിനെ നിങ്ങൾ കാണുന്നില്ലേ?

അവർ രാജാക്കന്മാരെ സേവിക്കും

കീഴുദ്യോഗസ്ഥന്മാർക്കുവേണ്ടി അവർ സേവനം അനുഷ്ഠിക്കുകയില്ലാതാനും.

ഏഴാംസൂക്തം

231 ഭരണാധികാരിക്കൊത്ത് ഭക്ഷണം കഴിക്കുമ്പോൾ,

നിങ്ങളുടെമുമ്പിൽ എന്താണ് ഉള്ളതെന്ന് സസൂക്ഷ്മം നിരീക്ഷിക്കുക,

2 നിങ്ങൾ അമിതഭക്ഷണം കഴിക്കുന്നവരാണെങ്കിൽ

നിങ്ങളുടെ തൊണ്ടയിൽ ഒരു കത്തിവെക്കുക.

3 അവരുടെ ആസ്വാദ്യകരമായ ഭക്ഷണത്തോട് അതിമോഹം അരുത്,

കാരണം ആ ഭക്ഷണം വഞ്ചനാപരമാണ്.

എട്ടാംസൂക്തം

4 സമ്പന്നരാകുന്നതിനായി അത്യധ്വാനംചെയ്ത് നിങ്ങളെത്തന്നെ തളർത്തരുത്;

തക്കസമയത്ത് അതിൽനിന്നു പിൻവാങ്ങുന്നതിനുള്ള ബുദ്ധി നിങ്ങൾക്കുണ്ടായിരിക്കണം.

5 ഒറ്റനോട്ടത്തിനിടയിൽത്തന്നെ, ധനം പൊയ്പ്പോയിരിക്കും,

അതിനു നിശ്ചയമായും ചിറകു മുളയ്ക്കുകയും

ഒരു കഴുകനെപ്പോൽ ആകാശത്തേക്കു പറന്നകലുകയും ചെയ്യും.

ഒൻപതാംസൂക്തം

6 അറുപിശുക്കുള്ള വ്യക്തികളുടെ ആഹാരം ആസ്വദിക്കരുത്,

അവരുടെ വിശിഷ്ടഭോജ്യം ആഗ്രഹിക്കുരുത്;

7 കാരണം അവരെപ്പോഴും

അതിനെത്ര വിലയാകും എന്നു ചിന്തിക്കുന്നവരാണ്.

“ഭക്ഷിക്കുക, പാനംചെയ്യുക,” എന്ന് അവർ നിങ്ങളോടു പറയും,

എന്നാൽ അവരത് മനസ്സോടെ പറയുന്നതല്ല.

8 ആസ്വദിച്ച അൽപ്പഭക്ഷണം നിങ്ങൾ ഛർദിച്ചുകളയും

നിങ്ങളുടെ ഉപചാരവാക്കുകൾ പാഴാകുകയും ചെയ്യും.

പത്താംസൂക്തം

9 ഭോഷർ കേൾക്കെ നിങ്ങൾ സംസാരിക്കരുത്,

കാരണം നിങ്ങളുടെ വിവേകമുള്ള വാക്കുകൾ അവർ നിന്ദിക്കും.

പതിനൊന്നാംസൂക്തം

10 പുരാതനമായ അതിർത്തിക്കല്ലു മാറ്റുകയോ

അനാഥരുടെ പുരയിടം കൈയ്യേറുകയോ ചെയ്യരുത്,

11 കാരണം അവരുടെ സംരക്ഷകൻ ശക്തനാണ്;

അവിടന്ന് നിനക്കെതിരായി അവരുടെ വ്യവഹാരം നടത്തും.

പന്ത്രണ്ടാംസൂക്തം

12 നിങ്ങളുടെ ഹൃദയം ശിക്ഷണത്തിന് ഏൽപ്പിച്ചുകൊടുക്കുകയും

കാതുകൾ പരിജ്ഞാനവചസ്സുകൾക്കായി തുറക്കുകയും ചെയ്യുക.

പതിമ്മൂന്നാംസൂക്തം

13 മക്കൾക്കു ശിക്ഷണം നൽകാതിരിക്കരുത്;

വടികൊണ്ട് നീ അവരെ അടിച്ചാൽ, അവർ മരിച്ചുപോകുകയില്ല.

14 അവരെ വടികൊണ്ട് ശിക്ഷിക്കുക,

അങ്ങനെ മരണത്തിൽനിന്ന് അവരുടെ ജീവൻ രക്ഷിക്കുക.

പതിനാലാംസൂക്തം

15 എന്റെ കുഞ്ഞേ,നിന്റെ ഹൃദയം ജ്ഞാനമുള്ളതെങ്കിൽ,

എന്റെ ഹൃദയം ആനന്ദഭരിതം ആയിരിക്കും;

16 നിന്റെ അധരം സത്യം സംസാരിക്കുമ്പോൾ

എന്റെ അന്തരിന്ദ്രിയം ആനന്ദിക്കും.

പതിനഞ്ചാംസൂക്തം

17 നിന്റെ ഹൃദയം പാപികളെക്കുറിച്ച് അസൂയപ്പെടരുത്,

എന്നാൽ യഹോവയോടുള്ള ഭക്തിയിൽ അത്യുത്സാഹിയായിരിക്കുക.

18 നിനക്ക് ഭാവിയെക്കുറിച്ച് ഒരു പ്രത്യാശയുണ്ട്, നിശ്ചയം,

നിന്റെ പ്രത്യാശ അറ്റുപോകുകയില്ല.

പതിനാറാംസൂക്തം

19 എന്റെ കുഞ്ഞേ, ശ്രദ്ധിക്കുക, ജ്ഞാനിയായിരിക്കുക,

നിന്റെ ഹൃദയം നേരായ പാതയിൽ ഉറപ്പിച്ചുനിർത്തുക:

20 അമിതമായി മദ്യം കുടിക്കുന്നവരുടെയോ

മാംസഭക്ഷണത്തിൽ അമിതാസക്തി കാട്ടുന്നവരുടെയോ സംഘത്തിൽ ചേരരുത്,

21 കാരണം മദ്യപരും അമിതഭക്ഷണപ്രിയരും ദരിദ്രരായിത്തീരും;

മദോന്മത്തത അവരെ കീറത്തുണിയുടുപ്പിക്കും.

പതിനേഴാംസൂക്തം

22 നിനക്കു ജന്മംനൽകിയ നിന്റെ പിതാവിന്റെ വാക്കുകൾ ശ്രദ്ധിക്കുക,

നിന്റെ മാതാവ് വാർധക്യത്തിലെത്തുമ്പോൾ അവരെ നിന്ദിക്കരുത്.

23 സത്യം കരസ്ഥമാക്കുക, അതിനെ വിൽക്കരുത്;

ജ്ഞാനവും ശിക്ഷണവും തിരിച്ചറിവും സ്വായത്തമാക്കുക.

24 നീതിനിഷ്ഠരുടെ പിതാവിന് അത്യധികം സന്തോഷമുണ്ട്;

ജ്ഞാനിയായ ഒരു കുഞ്ഞിനു ജന്മം നൽകുന്ന പിതാവ് ആ കുഞ്ഞിൽ ആനന്ദിക്കും.

25 നിന്റെ മാതാപിതാക്കൾ സന്തുഷ്ടരായിരിക്കട്ടെ;

നിന്നെ പ്രസവിച്ച നിന്റെ മാതാവ് ആനന്ദിക്കട്ടെ.

പതിനെട്ടാംസൂക്തം

26 എന്റെ കുഞ്ഞേ, നിന്റെ ഹൃദയം എനിക്കു തരിക

നിന്റെ കണ്ണുകൾ എന്റെ വഴികൾ പിൻതുടരുന്നതിൽ ആനന്ദിക്കട്ടെ,

27 വ്യഭിചാരിണിയായ സ്ത്രീ അപകടംനിറഞ്ഞ കെണിയാണ്;

ലൈംഗികധാർമികതയില്ലാത്ത ഭാര്യ ഒരു ചതിക്കുഴിയാണ്.

28 കൊള്ളക്കാരെപ്പോലെ അവൾ പതിയിരിക്കുന്നു

പുരുഷഗണത്തിലെ അവിശ്വസ്തരുടെ എണ്ണം അവൾ വർധിപ്പിക്കുന്നു.

പത്തൊൻപതാംസൂക്തം

29 ആർക്കാണ് കഷ്ടം? ആർക്കാണ് സങ്കടം?

ആർക്കാണ് സംഘട്ടനം? ആർക്കാണ് ആവലാതി?

ആർക്കാണ് അനാവശ്യ മുറിവുകൾ? ആരുടെ കണ്ണുകളാണ് ചെമന്നുകലങ്ങിയിരിക്കുന്നത്?

30 മദ്യലഹരിയിൽ ദീർഘനേരം ആറാടുകയും

വിവിധതരം മദ്യം രുചിച്ചുനോക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരുടേതുതന്നെ.

31 വീഞ്ഞു ചെമന്നിരിക്കുമ്പോഴും

ചഷകങ്ങളിൽ നുരഞ്ഞുപൊന്തുമ്പോഴും

അത് ഒരാൾ ആസ്വദിച്ചു കുടിക്കുമ്പോഴും നിങ്ങളതിൽ മിഴിയുറപ്പിക്കരുത്.

32 ഒടുവിൽ അതു സർപ്പത്തെപ്പോലെ കൊത്തും

അണലിപോലെ  വിഷമേൽപ്പിക്കുകയും ചെയ്യും.

33 നിങ്ങളുടെ കണ്ണുകൾ വിചിത്രകാഴ്ചകൾ കാണും,

നിങ്ങളുടെ മനസ്സ് മതിമയക്കുന്ന കാര്യങ്ങൾ സങ്കൽപ്പിക്കും.

34 നിങ്ങൾ നടുക്കടലിൽ കിടന്നുറങ്ങുന്നവരെപ്പോലെയും

കപ്പൽപ്പായ്മരത്തിൻമുകളിൽ തൂങ്ങിനിൽക്കുന്നവരെപ്പോലെയും ആകും.

35 “അവരെന്നെ ഇടിച്ചു; പക്ഷേ, എനിക്കു വേദനിച്ചില്ല!

അവരെന്നെ അടിച്ചു; പക്ഷേ, ഞാൻ അറിഞ്ഞതേയില്ല!

ഇനി ഞാൻ എപ്പോഴാണ് ഉണരുക

അപ്പോൾ എനിക്ക് ഒരു പ്രാവശ്യംകൂടി കുടിക്കാമല്ലോ,” എന്നിങ്ങനെ നീ പറയും.

ഇരുപതാംസൂക്തം

241 ദുഷ്ടരോടു നീ അസൂയപ്പെടരുത്,

അവരുമായുള്ള കൂട്ടുകെട്ട് നീ അഭിലഷിക്കുകയുമരുത്;

2 കാരണം അവരുടെ ഹൃദയം അതിക്രമത്തിനു കളമൊരുക്കുന്നു,

അവരുടെ അധരങ്ങൾ സംഘർഷം സൃഷ്ടിക്കുന്നതിനെപ്പറ്റി സംസാരിക്കുന്നു.

ഇരുപത്തിയൊന്നാംസൂക്തം

3 ജ്ഞാനത്താൽ ഒരു ഭവനം നിർമിക്കപ്പെടുന്നു,

വിവേകത്തിലൂടെ അതു സ്ഥിരപ്പെടുകയും ചെയ്യുന്നു.

4 അതിന്റെ മുറികൾ പരിജ്ഞാനത്താൽ നിറയ്ക്കപ്പെടുന്നു;

അമൂല്യവും രമണീയവുമായ നിക്ഷേപങ്ങൾകൊണ്ടുതന്നെ.

ഇരുപത്തിരണ്ടാംസൂക്തം

5 ജ്ഞാനിക്ക് ബലമുള്ളവരെക്കാൾ ശക്തിയുണ്ട്,

പരിജ്ഞാനി ശക്തിക്കുമേൽ ശക്തിനേടുന്നു.

6 യുദ്ധത്തിൽ മുന്നേറാൻ മാർഗനിർദേശങ്ങൾ ആവശ്യമാണ്,

എന്നാൽ ഉപദേഷ്ടാക്കളുടെ ബാഹുല്യം വിജയം ഉറപ്പിക്കുന്നു.

ഇരുപത്തിമൂന്നാംസൂക്തം

7 ജ്ഞാനം ഭോഷർക്ക് അപ്രാപ്യം;

പട്ടണകവാടത്തിൽ സമ്മേളിക്കുമ്പോൾ അവർക്ക് പ്രതിവാദം ഇല്ലാതെയാകുന്നു.

ഇരുപത്തിനാലാംസൂക്തം

8 ദുഷ്കൃത്യങ്ങൾ ആസൂത്രണംചെയ്യുന്നവർ

ഗൂഢാലോചനയിൽ വിദഗ്ദ്ധർ എന്നു വിളിക്കപ്പെടും.

9 ഭോഷത്തം ആസൂത്രണംചെയ്യുന്നത് പാപം,

പരിഹാസിയെ ജനം വെറുക്കുന്നു.

ഇരുപത്തിയഞ്ചാംസൂക്തം

10 ആപത്ഘട്ടത്തിൽ നിങ്ങൾ ഇടറിപ്പോകുന്നെങ്കിൽ,

നിങ്ങളുടെ ശക്തി എത്രയോ പരിമിതം!

11 അന്യായമായി മരണത്തിലേക്കു നയിക്കപ്പെടുന്നവരെ വിടുവിക്കുക;

കൊലക്കളത്തിലേക്ക് ഇടറിയിടറി നീങ്ങുന്നവരെ രക്ഷിക്കുക.

12 “ഞങ്ങൾ ഇതേപ്പറ്റി യാതൊന്നും അറിഞ്ഞിരുന്നില്ല,” എന്നു നീ പറഞ്ഞാൽ,

ഹൃദയത്തെ തൂക്കിനോക്കുന്നവൻ അതു മനസ്സിലാക്കാതിരിക്കുമോ?

നിന്റെ ജീവൻ സംരക്ഷിക്കുന്ന അവിടത്തേക്ക് ഇത് അറിയാതിരിക്കുമോ?

അവിടന്ന് ഓരോരുത്തർക്കും അവരുടെ പ്രവൃത്തികൾക്കനുസരിച്ച് പകരം ചെയ്യാതിരിക്കുമോ?

ഇരുപത്തിയാറാംസൂക്തം

13 എന്റെ കുഞ്ഞേ,തേൻ കഴിക്കുക, അതു നല്ലതാണ്;

തേനടയിലെ തേൻ നിന്റെ നാവിന് ആസ്വാദ്യമാണ്.

14 അതുപോലെതന്നെ, ജ്ഞാനം നിനക്ക് തേൻപോലെയെന്ന് അറിയുക:

അതു നീ കണ്ടെത്തിയാൽ, നിനക്കു ശോഭനമായൊരു ഭാവിയുണ്ട്,

നിന്റെ പ്രത്യാശ അറ്റുപോകുകയില്ല.

ഇരുപത്തിയേഴാംസൂക്തം

15 നീതിനിഷ്ഠരുടെ ഭവനത്തിനെതിരേ ദുഷ്ടരെപ്പോലെ പതിയിരിക്കരുത്,

അവരുടെ പാർപ്പിടം കൊള്ളയിടുകയുമരുത്;

16 കാരണം നീതിനിഷ്ഠർ ഏഴുവട്ടം വീണാലും അവർ എഴുന്നേൽക്കുകതന്നെചെയ്യും,

എന്നാൽ ദുരന്തമുണ്ടാകുമ്പോൾ ദുഷ്ടർ നിലംപരിശാകുന്നു.

ഇരുപത്തിയെട്ടാംസൂക്തം

17 നിങ്ങളുടെ ശത്രുവിന്റെ പതനത്തിൽ ആനന്ദിക്കരുത്;

അവരുടെ കാലിടറുമ്പോൾ നിന്റെ ഹൃദയം സന്തോഷിക്കുകയുമരുത്,

18 അങ്ങനെയായാൽ, യഹോവ അതുകണ്ട് അതൃപ്തനാകുകയും

അവിടത്തെ കോപം ശത്രുവിൽനിന്നു പിൻവലിക്കുകയും ചെയ്യും.

ഇരുപത്തിഒൻപതാംസൂക്തം

19 ദുഷ്ടർനിമിത്തം ക്ഷോഭിക്കുകയോ

നീചരായവരോട് അസൂയപ്പെടുകയോ അരുത്,

20 കാരണം നീചർക്കു ഭാവിപ്രതീക്ഷയില്ല,

ദുഷ്ടരുടെ വിളക്ക് ഊതിയണയ്ക്കപ്പെടുകയും ചെയ്യും.

മുപ്പതാംസൂക്തം

21 എന്റെ കുഞ്ഞേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക,

മത്സരികളുടെ സംഘത്തിൽ ചേരുകയുമരുത്,

22 കാരണം അവരിരുവരും മത്സരികൾക്കുനേരേ ശീഘ്രനാശം അയയ്ക്കും,

അവർ എന്തൊക്കെ ദുരിതങ്ങളാണ് അഴിച്ചുവിടുന്നതെന്ന് ആർക്കറിയാം?

ജ്ഞാനിയുടെ സൂക്തങ്ങൾ തുടരുന്നു

23 ഇവയും ജ്ഞാനിയുടെ സൂക്തങ്ങൾതന്നെയാണ്:

വിധിനിർണയത്തിൽ പക്ഷഭേദം ഉചിതമല്ല:

24 ഒരു കുറ്റവാളിയോട്, “താങ്കൾ നിരപരാധിയാണ്,” എന്നു പറയുന്നവരെ

പൊതുജനം ശപിക്കുകയും ജനതകൾ വെറുക്കുകയും ചെയ്യും.

25 എന്നാൽ കുറ്റവാളിയെ ശിക്ഷിക്കുന്നവർക്ക് നന്മ കൈവരും,

അനവധി അനുഗ്രഹങ്ങൾ വന്നുചേരും.

26 സത്യസന്ധമായ ഉത്തരം

യഥാർഥ സൗഹൃദത്തിന്റെ ചിഹ്നമാണ്.b

27 വെളിയിൽ നിന്റെ വേല ക്രമീകരിക്കുക

നിന്റെ പുരയിടം ഒരുക്കുക;

അതിനുശേഷം നിന്റെ ഗൃഹനിർമിതി തുടങ്ങുക.

28 മതിയായ കാരണമില്ലാതെ നിന്റെ അയൽവാസിക്കെതിരേ മൊഴിനൽകരുത്—

നിന്റെ അധരങ്ങൾകൊണ്ട് അവരെ വഞ്ചിക്കരുത്.

29 “അവർ എന്നോടു ചെയ്തതുപോലെതന്നെ ഞാൻ അവരോടുംചെയ്യും;

അവർ ചെയ്തതിനൊക്കെ ഞാൻ അവരോടു പകരംവീട്ടും,” എന്നു പറയരുത്.

30 ഞാൻ അലസരുടെ കൃഷിയിടത്തിനരികിലൂടെയും

ബുദ്ധിഹീനരുടെ മുന്തിരിത്തോപ്പിനരികിലൂടെയും നടന്നുപോയി;

31 അവിടെയെല്ലാം മുൾച്ചെടികൾ പടർന്നുപിടിച്ചിരിക്കുന്നു,

നിലമെല്ലാം കളകൾ മൂടിയിരിക്കുന്നു,

അതിലെ മതിലുകൾ ഇടിഞ്ഞുപോയിരിക്കുന്നു.

32 ഞാൻ നിരീക്ഷിച്ചവ വിചിന്തനത്തിനു വിധേയമാക്കി,

ഞാൻ കണ്ടതിൽനിന്നും ഒരു പാഠം പഠിച്ചു:

33 ഒരൽപ്പം ഉറക്കം, ഒരൽപ്പം മയക്കം,

ഒരൽപ്പനേരംകൂടി കൈകൾ കെട്ടിപ്പിണച്ചുള്ള വിശ്രമം;

34 അങ്ങനെ ദാരിദ്ര്യം കൊള്ളക്കാരെപ്പോലെ നിന്റെമേൽ ചാടിവീഴും

ദുർഭിക്ഷത ഒരു ആയുധപാണിയെപ്പോലെ നിന്നെ ആക്രമിക്കും.


1 comment: