Tuesday, October 29, 2013

അവന്റെ രൂപം ലെബാനോനെപ്പോലെ ,ദേവദാരു പോലെ തന്നേ ഉൽകൃഷ്ടമാകുന്നു. ഉത്തമഗീതം 5:15


അവന്റെ  രൂപം  ലെബാനോനെപ്പോലെ  ,ദേവദാരു  പോലെ
 തന്നേ  ഉൽകൃഷ്ടമാകുന്നു.ഉത്തമഗീതം  5:15

ഒരിക്കൽ  ഒരു  ചിത്രകാരൻ  താൻ  പുതുതായി  വരച്ച  ചിത്രം  കാണാൻ  തന്റെ
സുഹൃത്തിനെ  ഭവനത്തിലേക്ക്‌  ക്ഷണിച്ചു.കൃത്യ സമയത്ത്  തന്നെ  എത്തിച്ചേർന്ന
കൂട്ടുകാരനെ  ചിത്രകാരൻ ആദ്യം തന്റെ  വീട്ടിലെ ഇരുട്ടുള്ള  ഒരു  മുറിയിൽ  കുറെ
 സമയം ഇരുത്തിയതിനു  ശേഷം  ചിത്രം  കാണാൻ  തന്റെ ഭവനത്തിലെ
  സ്റ്റുഡിയോയിൽ കൊണ്ട്  വന്നു.
."ചിത്രം  വളരെ  നന്നായിരിക്കുന്നു " കൂട്ടുകാരൻ  അഭിപ്രായപ്പെട്ടു.

ചിത്രം  കാണുന്നതിനു  മുൻപ്  പതിനഞ്ചു മിനിട്ട്  വെളിച്ചമില്ലാത്ത  മുറിയിൽ
ഇരുത്തിയതിന്റെ  കാരണം  ചിത്രകാരൻ  വിവരിച്ചു.
"നല്ല  സൂര്യ പ്രകാശത്തിൽ  കടന്നു  വന്ന  നിങ്ങൾക്ക്  ഒരിക്കലും
 എന്റെ  ചിത്രം പൂർണ്ണമായി  ആസ്വദിക്കാൻ  കഴിയില്ല .ആ  പ്രകാശ
 വലയത്തിൽ  നിന്ന്  നിങ്ങളുടെ  കണ്ണുകൾക്ക്‌  ഒരു  വിശ്രമം  ലഭിച്ചാൽ  മാത്രമേ  എന്റെ  ചിത്രത്തിന്റെ  സൌന്ദര്യം നിങ്ങൾക്ക്  പൂർണ്ണമായി   ആസ്വദിക്കാൻ  കഴിയൂ "

ലോക വെളിച്ചത്തിൽ  ജീവിക്കുന്ന  നമുക്കും  ആത്മാവിൽ  കർത്താവായ
 യേശുവിന്റെ ദിവ്യ സൌന്ദര്യത്തെ  ദർശിക്കണമെങ്കിൽ  അവിടുത്തെ
 സന്നിധിയിൽ  നാമും ശാന്തമായി  ഇരുന്നാൽ  മാത്രമേ  സാധ്യമാവുകയുള്ളു .
"മിണ്ടാതിരുന്നു  ഞാൻ  നിന്റെ  ദൈവമെന്നറിഞ്ഞു  കൊൾവിൻ  എന്ന്
ദൈവവചനം പറയുന്നു .അപ്പോൾ  മാത്രമേ  "യേശുവേ  നിന്റെ  രൂപമീ
  എന്റെ  കണ്ണുകൾക്കെത്ര സൌന്ദര്യം "എന്ന്  ഹൃദയത്തിൽ  നിന്ന്
പാടാൻ  നമുക്ക്  കഴിയുകയുള്ളൂ .

പ്രാർത്ഥന:
കർത്താവായ  യേശുവേ  എന്റെ  ഹൃദയദൃഷ്ടിയെ  പ്രകാശിപ്പിക്കേണമേ .
ഞാൻ  അങ്ങയുടെ  ദിവ്യ സൌന്ദര്യത്തെ  ദർശി ക്കട്ടെ.ആമേൻ .  
            

Sunday, October 27, 2013

എന്റെ പ്രിയൻ എനിക്കുള്ളവൻ ..ഉത്തമഗീതം 2 :16


എന്റെ  പ്രിയൻ എനിക്കുള്ളവൻ ..ഉത്തമഗീതം  2 :16

ന്യൂയോർക്കിലെ  പുട്നാം  പ്രവിശ്യയിൽ  ജനിച്ച  ഫാനി  ക്രോസ്ബിക്ക് കേവലം
 ആറാഴ്ച  മാത്രം പ്രായമുള്ളപ്പോൾ  തന്റെ  കാഴ്ച ശക്തി  പൂർണ്ണമായും  നഷ്ടപ്പെട്ടു.
പില്ക്കാലത്ത്  8000 ത്തോളം അനുഗ്രഹീത  ഗാനങ്ങൾ എഴുതിയ  ഫാനിയോട്
 ഒരിക്കൽ  ഒരു  പ്രസംഗകൻ  സഹതാപത്തോടെ ചോദിച്ചു "ഇത്രയും  താലന്തുകൾ  നല്കിയ  ദൈവം  എന്തു  കൊണ്ട്  നിങ്ങൾക്ക്   കാഴ്ച  ശക്തി മാത്രം  നല്കിയില്ല ? "
ഫാനി  ഇപ്രകാരം  മറുപടി  പറഞ്ഞു."എന്റെ  ജനനസമയം  ദൈവത്തോട്
 ഒരു  കാര്യം  എനിക്ക് അപേക്ഷിക്കാമായിരുന്നു  എങ്കിൽ  ഞാൻ  അന്ധത
 കർത്താവിനോട്  ചോദിക്കുമായിരുന്നു "
പ്രസംഗകൻ  ആശ്ചര്യത്തോടെ  ആരാഞ്ഞു "എന്ത് കൊണ്ട്"?

"ഞാൻ  സ്വർഗത്തിൽ  ചെല്ലുമ്പോൾ  എന്റെ  കണ്ണ്  കൊണ്ട്  ഞാൻ
 ആദ്യം  കണ്ടു  സന്തോഷിക്കുന്ന മുഖം എന്റെ  കർത്താവായ യേശുവിന്റെതായിരിക്കും "

സങ്കീർത്തനത്തിൽ  ദാവീദ്  ഇപ്രകാരം  പാടി ;'ഞാനോ  നീതിയിൽ
 നിന്റെ  മുഖത്തെ  കാണും ;ഞാൻ  ഉണരുമ്പോൾ  നിന്റെ  രൂപം  കണ്ടു തൃപ്തനാകും.'
 ശുലെംകാരിയെപ്പോലെ,  നമ്മുടെ  പ്രിയനായ  കർത്താവിന്റെ
 മുഖം  കാണ്മാൻ  നമുക്ക് പ്രത്യാശിക്കാം.അവൻ  സർവാംഗസുന്ദരനാണ് .

പ്രാർത്ഥന;
കർത്താവായ  യേശുവേ  നിന്റെ  വരവിനായി  ഞാൻ  കാത്തിരിക്കുന്നു.
ആമേൻ  കർത്താവായ  യേശുവേ  വേഗം  വരേണമേ .
     
       

Wednesday, October 23, 2013

ഏറിയ വെള്ളങ്ങൾ സ്നേഹത്തെ കെടുപ്പാൻ പോരാ;നദികൾ അതിനെ മുക്കിക്കളയുകലയില്ല.ഉത്തമഗീതം 8 :7

ഏറിയ  വെള്ളങ്ങൾ  സ്നേഹത്തെ  കെടുപ്പാൻ  പോരാ;നദികൾ  അതിനെ  മുക്കിക്കളയുകലയില്ല.ഉത്തമഗീതം  8 :7

 ആഫ്രിക്കയിലെ  കോംഗോയിൽ  മെഡിക്കൽ  മിഷനറിയായിരുന്ന  ഹെലെൻ
റോസ്വേറിന്റെ അനുഭവം  ഇവിടെ  ഉദ്ധരിക്കട്ടെ.
"മിഷൻ  ഹോസ്പിറ്റൽ ആക്രമിച്ച   വിപ്ളവകാരികൾ ഞങ്ങളെ ക്രൂരമായി
മർദ്ദിച്ച്  അവരുടെ തടവറയിൽ  ഞങ്ങളെ  ആക്കി. ഒരാഴ്ചക്ക്  ശേഷം അവർ
എന്നെ  മറ്റൊരിടത്തേക്ക്  കൊണ്ട് പോയി  അവരുടെ  ജനകീയ
 കോടതിയിൽ  ഹാജരാക്കി.വലിയൊരു  മൈതാനത്തു  800 -റോളം
അന്നാട്ടുകാരായ  പുരുഷന്മാർ  കൂടി  വന്നിരുന്നു.അവർ  എന്നെ
 കുറ്റം  ചുമത്തിക്കൊണ്ടിരുന്നു.ഒരു  ഭാഗത്ത്‌  നിന്ന്  ജനങ്ങൾ ഇപ്രകാരം
 ആർത്തു കൊണ്ടിരുന്നു "അവളെ  ക്രുശിക്ക, അവളെ ക്രുശിക്ക"വളരെ
അവശയായിരുന്ന
  ഞാൻ  വിചാരണ  സ്ഥലത്തിന്റെ  മുൻ ഭാഗത്തേക്ക്‌  വന്നു....കർത്താവായ
യേശു  കടന്നു  പോയ  അതെ  വഴിയിലുടെ ഞാൻ നടന്നു  പോയി....
പെട്ടെന്നു  നാട്ടുകാർ  എന്നെ  തിരിച്ചറിഞ്ഞു "അത് നമ്മുടെ ഡോക്ടറാണ്"
അവർ  എന്നെ  വിപ്ളവകാരികളുടെ  കരങ്ങളിൽ  നിന്ന്  മോചിപ്പിച്ചു "

കർത്താവായ  യേശു  നടന്നു  പോയ  ക്രുശിന്റെ  വഴിയിലുടെ  നടക്കുവാൻ
 ഹെലെനു  ഭാഗ്യം ലഭിച്ചു .നമ്മുടെ  അനുദിന  ജീവിതത്തിൽ ക്രുശിന്റെ
 മാർഗത്തിലുടെ നടക്കുവാൻ യേശു നമ്മെ ക്ഷണിക്കുന്നു ."തന്റെ  ക്രുശു  എടുത്തു
 കൊണ്ട്  എന്റെ  പിന്നാലെ വരാത്തവനും എന്റെ ശിഷ്യനായിരിപ്പാൻ കഴിയുകയില്ല".

പ്രാർത്ഥന :
കർത്താവായ  യേശുവേ  ഇന്നേ  ദിവസം  ക്രുശിന്റെ  പാതയിൽ  നടക്കുവാൻ
എന്നെ  സമർപ്പിക്കുന്നു .ഞാൻ  നിന്നെ  അനുഗമിക്കുന്നു.ആമേൻ .

Sunday, October 20, 2013

നീ ആടുകളെ മേയിക്കുന്നത് എവിടെ ? ഉത്തമഗീതം 1:7

നീ  ആടുകളെ  മേയിക്കുന്നത്  എവിടെ ? ഉത്തമഗീതം  1:7

ഒറീസയിലെ  വനാന്തരങ്ങളിൽ  മെഡിക്കൽ  മിഷനോടുള്ള  ബന്ധത്തിൽ  കടന്നു
പോയ  ഒരു  ഡോക്ടറുടെ  അനുഭവം  തന്റെ  ഡയറിയിൽ
രേഖപ്പെടുത്തിയിരിക്കുന്നു.**
മാർച്ച്‌  ഒന്നാം  തീയതി. സമയം  രാത്രി  പത്ത്  മണി.
ഞാൻ  ഉറങ്ങാൻ  കിടന്നപ്പോൾ  മിഷനറിമാർ  എന്നെ  വിളിച്ചു".ഇതാ ഒരു
  രോഗി  വന്നിരിക്കുന്നു ". വളരെ  അവശയായ  ഒരു  സ്ത്രീ  കൈയ്യിൽ  ഒരു
 തുണിക്കെട്ടുമായി നിൽക്കുന്നു.കൂടെ  അവളുടെ  ഭർത്താവും  അമ്മയും.കഴിഞ്ഞ
  ദിവസം  അവൾ  ഒരു കുഞ്ഞിനു  ജന്മം  നൽകിയിരുന്നു .രോഗിയായ
  നവജാത ശിശുവുമായി 20 കിലോമീറ്റർ നടന്നു  അവർ  മിഷൻ ഹോസ്പിറ്റലിൽ
 എത്തിയിരിക്കുന്നു .അവരുടെ  ആത്മധൈര്യം കണ്ടു  ഞാൻ  ആശ്ചര്യപ്പെട്ടു.

വളരെ സാവധാനം ഞാനാ തുണിക്കെട്ട്  തുറന്നു..പിഞ്ചു  മുഖത്തേക്ക് ഞാൻ  നോക്കി.
ആ  മാലാഖ  ആ  കൂട്  വിട്ട്  സ്വർഗത്തിലേക്ക്  പറന്നു  പോയിരുന്നു......
ഞാനവരെ ഒന്ന്  നോക്കി ....അവർക്ക്  എല്ലാം  മനസ്സിലായി .
ആ  അമ്മയുടെ  നിലവിളി  വനാന്തരത്തിലേക്ക്  അലയടിച്ചു  ഇല്ലാതായി  ക്കൊണ്ടിരുന്നപ്പോൾ എന്റെ  ഹൃദയത്തിൽ  ഒരു  വചനം  മുഴങ്ങി "ഞാൻ  ആരെ  അയക്കേണ്ടു?ആർ നമുക്ക്  വേണ്ടി പോകും?"......


എന്നാൽ  അവർ  വിശ്വസിക്കാത്തവനെ  എങ്ങനെ  വിളിച്ചപേക്ഷിക്കും?
അവർ  കേട്ടിട്ടില്ലാത്തവനിൽ  എങ്ങനെ  വിശ്വസിക്കും?
പ്രസംഗിക്കുന്നവൻ  ഇല്ലാതെ എങ്ങനെ  കേൾക്കും ?
ആരും  അയയ്ക്കാതെ എങ്ങനെ  പ്രസംഗിക്കും?: റോമർ 10:14,15
  
 പ്രാർത്ഥന:
കർത്താവായ യേശുവേ  സുവിശേഷവുമായി  പോകുവാൻ  ഞാൻ  എന്നെ  സമർപ്പിക്കുന്നു .അങ്ങയുടെ  ആത്മാവിനാൽ  എന്നെ  അഭിഷേകം  ചെയ്യേണമേ .ആമേൻ

**Dr.Lilian stanley,Nearer my God,page 97

Friday, October 18, 2013

.നിന്റെ നാമം പകർന്ന തൈലം പോലെ ഇരിക്കുന്നു .ഉത്തമഗീതം 1 :3

നിന്റെ  നാമം  പകർന്ന  തൈലം  പോലെ  ഇരിക്കുന്നു .ഉത്തമഗീതം 1 :3

പ്രിസണ്‍ ഫെലോഷിപ്പിന്റെ  സ്ഥാപകനായ  ചാൾസ്  കോൾസണ്‍  തന്റെ
 ജീവിതത്തിലെ ഒരു  സംഭവം വിവരിക്കുന്നു.ഒരു  രാത്രി  മുഴുവൻ  വിമാനത്തിൽ
യാത്ര  ചെയ്ത  ശേഷം ജക്കാർത്ത വിമാനത്താവളത്തിൽ  വളരെ  നീളമുള്ള
ഒരു  ക്യുവിൽ  അദ്ധേഹത്തിന്നു  നില്ക്കേണ്ടി  വന്നു.വളരെ ഉഷ്നമുള്ള
 ആ  ദിവസം  ക്യുവിൽ  നിന്നിരുന്ന  എല്ലാവരും ക്ഷീണിതരും അക്ഷമരും ആയിരുന്നു.എങ്കിലുംവളരെ ശാന്തനായി  കോൾസണ്‍  അവിടെ  നിന്നു.

   ചൈനക്കാരനായ  ഒരു  അഭിഭാഷകൻ   മറ്റൊരു  ക്യുവിൽ  നിന്ന്  കോൾസണെ
 സശ്രദ്ധം വീക്ഷിച്ചു  കൊണ്ടിരുന്നു.അദ്ദേഹം  കണ്ഫ്യു ഷ്യസിന്റെ  സിദ്ധാന്തങ്ങളിൽ  വിശ്വസിച്ചിരുന്നു. ദൈവസഭയുമായി  യാതൊരു  ബന്ധവുമില്ലായിരുന്നെങ്കിലും
 സന്മാർഗ  പഠനത്തിനായി തന്റെ  മക്കളെ  ക്രിസ്ത്യൻ  സണ്‍‌ഡേ സ്കൂളിൽ
ചേർത്തിരുന്നു .അവർ  കൊണ്ടുവന്ന ഒരു പുസ്തകത്തിന്റെ  കവർപേജിൽ ഉള്ള
 ഫോട്ടോയിൽ  കാണുന്ന  വ്യക്തിയെയാണ്  താൻ വീക്ഷിക്കുന്നതെന്ന്
തനിക്കു  ബോധ്യമായി .അക്ഷമരായ  ആളുകളുടെ മധ്യത്തിൽ  വളരെ ശാന്തനായി
നിൽക്കുന്ന  അദ്ധേഹത്തെ  കണ്ടു  അഭിഭാഷകൻ ഇപ്രകാരം  തീരുമാനിച്ചു. "ഞാൻ മടങ്ങി  ഭവനത്തിൽ  ചെല്ലുമ്പോൾ  ആ പുസ്തകം  വായിക്കും ".
രണ്ടു  വർഷങ്ങൾക്കു  ശേഷം  കോൾസണ്  ഒരു  കത്ത്  കിട്ടി .അതിൽ  ഇപ്രകാരം
 എഴുതിയിരുന്നു."ജക്കാർത്ത  എയർപോർട്ടിൽ അന്ന്  വളരെ  ശാന്തനായി
 നിന്ന  താങ്കളുടെ  "വീണ്ടും  ജനനം " എന്ന  പുസ്തകം  ഞാൻ വായിച്ചു .കർത്താവായ  യേശുക്രിസ്തുവിനായി   എന്റെ  ജീവിതം  ഞാൻ സമർപ്പിച്ചു "

" ക്രിസ്തുവിൽ  ഞങ്ങളെ  ഏപ്പോഴും  ജയോത്സവമായി  നടത്തുകയും
എല്ലാടത്തും  ഞങ്ങളെ ക്കൊണ്ട്  തന്റെ  പരിജ്ഞാനത്തിന്റെ  വാസന
വെളിപ്പെടുത്തുകയും  ചെയ്യുന്ന  ദൈവത്തിനു സ്തോത്രം " 2  കൊരി  2:14

പ്രാർത്ഥന :
കർത്താവായ  യേശുവേ  എന്റെ  ജീവിതത്തിന്റെ  എല്ലാ  സാഹചര്യങ്ങളിലും
അവിടുത്തെ  നാമത്തിന്റെ  സൌരഭ്യം  പരത്തുവാൻ എന്നെ സഹായിക്കേണമേ .ആമേൻ 

Wednesday, October 16, 2013

ഞാൻ ഉറങ്ങുന്നു എങ്കിലും എന്റെ ഹൃദയം ഉണർന്നിരിക്കുന്നു .ഉത്തമഗീതം 5 :2

ഞാൻ  ഉറങ്ങുന്നു  എങ്കിലും  എന്റെ  ഹൃദയം  ഉണർന്നിരിക്കുന്നു .ഉത്തമഗീതം 5 :2

 ഒരിക്കൽ  ധനികനായ  തടിമില്ലു  നടത്തുന്ന വ്യാപാരിക്ക്  തന്റെ  സ്വർണ്ണവാച്ച്
നഷ്ടപ്പെട്ടു. കൂമ്പാരമായി  കിടക്കുന്ന  അറക്കപ്പൊടിയുടെ  ഇടയിൽ  വളരെ
അന്വേഷിച്ചിട്ടും ലഭിച്ചില്ല.അത്  കണ്ടെടുത്തു  കൊടുക്കുന്നവർക്ക്  അദ്ധേഹം
 സമ്മാനം  നൽകാമെന്ന്  വാഗ്ദാനം  ചെയ്തു .അനേകം  തൊഴിലാളികൾ  ഉപകരണങ്ങൾ  ഉപയോഗിച്ച്  അന്വേഷിച്ചിട്ടും  കണ്ടെത്തിയില്ല.

ഉച്ച വിശ്രമസമയം  ഒരു  കുട്ടി  വാച്ചുമായി  വന്നത്  കണ്ടു  അവർ
ആശ്ചര്യപ്പെട്ടു."നിനക്കിത് എങ്ങനെ  ലഭിച്ചു? ഞങ്ങൾ  വളരെയധികം  പരിശ്രമിച്ചിട്ടും  കണ്ടെത്താൻ  കഴിഞ്ഞില്ല "അവൻ പറഞ്ഞു "ഉച്ചയൂണിൻറെ സമയം
 ഞാൻ  വിജനമായ  മില്ലിലേക്ക്  ചെന്ന്  അറക്കപപൊ ടിയിൽ ശാന്തനായി
കിടന്നു   കൊണ്ട്  വാച്ചിന്റെ  'ടിക്  ടിക് ' ശബ്ദത്തിനായി  കാതോർത്തു.
അങ്ങനെയാണ് എനിക്കിതു  ലഭിച്ചത്'"

 നമ്മിൽ  ചിലർക്കെങ്ങിലും  സ്വർണ്ണ വാച്ചിനെക്കാളും  വിലയേറിയത്
  നഷ്ടമായിട്ടുണ്ടാവും .'ദൈവസാന്നിധ്യം,ദൈവശബ്ദം.........ഇങ്ങനെ  പലതും.
'മിണ്ടാതിരുന്നു ,ഞാൻ  ദൈവമെന്നു  അറിഞ്ഞു  കൊൾവിൻ ' എന്ന്
ദൈവവചനം  പറയുന്നു.നിശബ്ദതയിൽ  ഒരു  സ്നേഹിതനെപ്പോലെ,
സഹോദരനെപ്പോലെ  യേശു  നമ്മോടു ഇടപെടും.അപ്പോൾ  ശുലേംകാരിയെപ്പോലെ  അവനെ  മാത്രം  ആശ്രയിച്ചു  ജീവിക്കുവാൻ നമുക്ക്  കഴിയും .

  യാക്കോബിനോട്  ദൈവത്തിനു  സംസാരിക്കുവാനായി ,യോഹന്നാനു
  സ്വർഗീയ  മർമ്മങ്ങൾ ഗ്രഹിപ്പിക്കേണ്ടതിനായി  അവർ  ഏകരാകേണ്ടിയിരിക്കുന്നു.
യേശു  ഏകനായി  മുന്തിരിച്ചക്കു  ചവിട്ടി .അവന്റെ കാലടികളെ  നമുക്കും  പിന്തുടരാം .

പ്രാർത്ഥന:
കർത്താവായ  യേശുവേ  ഞാൻ  നിന്നെ  കാത്തിരിക്കുന്നു .
എന്നോട്  സംസാരിക്കേണമേ.ഞാൻ  അങ്ങയെ  സ്നേഹിക്കുന്നു .
ആമേൻ . 

Friday, October 11, 2013

ലെബാനോനെ വിട്ടു എന്നോട് കൂടെ വരിക .ഉത്തമഗീതം 4 :8

ലെബാനോനെ  വിട്ടു  എന്നോട്  കൂടെ  വരിക .ഉത്തമഗീതം  4 :8

    ജെ.ഓസ്വാൾഡു  സാണ്ടേഴ്സിന്റെ  ദൈവവുമായിട്ടുള്ള  കൂട്ടായ്മയെ  പ്രതിപാദിക്കുന്ന
"ദൈവസംസർഗത്തിന്റെ  നാലു  വൃത്തങ്ങൾ " എന്ന  ലേഖനം ഹൃദയത്തെ തട്ടിയുണർത്തുന്നു.

സീനായി മലയിൽ ദൈവം ഇറങ്ങിവന്നപ്പോൾ കത്തുന്ന തീ കണ്ടു  ദൂരെ നിന്ന  ജനം;
പർവതത്തിന്റെ മുകളിലേക്ക്  കുറച്ചു  ദൂരം കയറിച്ചെന്നു ദൈവത്തിന്റെ
കാൽപാദങ്ങൾ ആകാശ നീലിമ  പോലെ  കണ്ട്  തൃപ്തിയടഞ്ഞ  എഴുപതു  മൂപ്പന്മാർ ;
പർവതത്തിന്റെ  മുകളിൽ  കൂടാരത്തെ വിട്ടു  പിരിയാതിരുന്ന  യോശുവ ;
എന്നാൽ  പർവതാഗ്രത്തിൽ  ഒരു  സ്നേഹിതനോടെന്ന  പോലെ  ദൈവവുമായി
സംസാരിക്കുന്ന മോശെ.

പുതിയ  നിയമത്തിലും  ഇതു  തന്നെ  നാം  കാണുന്നു .
അപ്പത്തിനായി  യേശുവിന്റെ  പിന്നാലെ  വന്ന  ജനം ;
ശുശ്രുഷക്കായി  അയയ്കപ്പെട്ട  എഴുപതു  പേർ ;
തന്നോട്  കൂടെ  ഇരിക്കുവാൻ  തിരഞ്ഞെടുക്കപെട്ട  പന്തിരുവർ ;
പ്രധാന സന്ദർഭങ്ങളിൽ  യേശുവിനോട്  കൂടെ  ആയിരുന്ന  മൂവർ ;
(പത്രോസ് ,യാക്കോബ് ,യോഹന്നാൻ )
അത്താഴത്തിൽ  യേശുവിന്റെ  നെഞ്ചോട്‌  ചാഞ്ഞിരുന്ന  യോഹന്നാൻ .

 മണവാളൻ  തന്റെ  പ്രിയയെ  ഉന്നതങ്ങളിലേക്ക്  വിളിക്കുന്നു .കാന്തേ
ലെബാനോനെ  വിട്ടു  എന്നോട്  കൂടെ  വരിക .
"മാനും  മാൻപേടയും  പർവതാഗ്രങ്ങളിൽ  തുള്ളിക്കളിക്കും  പോൽ
ക്രിസ്തുവും  ഭക്തനും"...

പ്രാർത്ഥന :
കർത്താവായ  യേശുവേ  അങ്ങയുമായിട്ടുള്ള  ആഴമേറിയ  കൂട്ടായ്മയിലേക്ക്
എന്നെ  വലിച്ചടുപ്പിക്കേണമേ .യോഹന്നാനെ  പോലെ  ഞാൻ നിന്നിൽ
വിശ്രമിക്കട്ടെ .ആമേൻ

Wednesday, October 9, 2013

രാജാവ്‌ ഭക്ഷണത്തിനിരിക്കുമ്പോൾ എന്റെ ജടാമാംസി സുഗന്ധം പുറപ്പെടുവിക്കുന്നു. ഉത്തമഗീതം 1:12

.
  രാജാവ്‌  ഭക്ഷണത്തിനിരിക്കുമ്പോൾ  എന്റെ  ജടാമാംസി  സുഗന്ധം  പുറപ്പെടുവിക്കുന്നു.
  ഉത്തമഗീതം 1:12
 
രാജാവിനോട്  കൂടെ ഭക്ഷണത്തിനിരിക്കുക  എത്ര  ശ്രേഷ്ടമായ  പദവിയാണ്‌ .
കർത്താവുമായിട്ടുള്ള വ്യക്തിപരമായ  ബന്ധത്തെ  ഊന്നി  പറയുന്നതാണ്
 ഈ വചനം.വിശ്വാസം  വർദ്ധിപ്പിച്ചു  തരണമേ  എന്ന  ശിഷ്യന്മാരുടെ ആവശ്യത്തിനു മറുപടിയായി തന്നെ  ശുശ്രുഷിക്കയും  തന്നോട്  കൂടെ  ഭക്ഷണത്തിന്  ഇരിക്കുകയും
 വേണമെന്ന് യേശു  മറുപടി പറഞ്ഞു.

കർത്താവ്‌  പന്തിയിൽ  ഇരിക്കുമ്പോൾ  മറിയ  വിലയേറിയ  സ്വച്ഹജടാമാംസി
 തൈലം ഭരണി  പൊട്ടിച്ച്  അവന്റെ  തലയിൽ  ഒഴിച്ചു.തൈലത്തിന്റെ  സൌരഭ്യം
കൊണ്ട് വീട്  നിറഞ്ഞു .നമ്മുടെ  ജീവിതം  കർത്താവിന്റെ മുൻപിൽ
 നുറുക്കപ്പെടുമ്പോൾ മാത്രമേ  നമുക്ക്  സൌരഭ്യം  പരത്താൻ  കഴിയുകയുള്ളൂ .
ജടാമാംസി  പൊക്കം  കുറഞ്ഞ  ഒരു  ചെടിയാണ് .അത്  താഴ്മയെ കുറിക്കുന്നു .
യഥാർഥമായ താഴ്മയും  നുറുക്കവും  ശുശ്രുഷാ മനോഭാവവുമുള്ള  ഒരാൾക്ക്  മാത്രമേ
നമ്മുടെ  രാജാവും  കർത്താവുമായ  യേശുവിന്റെ  സന്നിധിയിൽ  സുഗന്ധം
പുറപ്പെടുവിക്കാൻ  കഴിയുകയുള്ളൂ .

പ്രാർത്ഥന.
കർത്താവായ  യേശുവേ  ഞാൻ  അങ്ങയെ  സ്നേഹിക്കുന്നു .
നിന്റെ  നാമം  പകർന്ന  തൈലം  പോലെ  ഇരിക്കുന്നു .ഇന്നേ  ദിവസം
 യേശുവിന്റെ  നാമത്തിന്റെ  സൌരഭ്യം  പരത്താൻ എന്നെ  സഹായിക്കണമേ.
 ആമേൻ.

Tuesday, October 8, 2013

......കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു .ഉത്തമഗീതം 2:12

.......കുറുപ്രാവിന്റെ ശബ്ദവും  നമ്മുടെ  നാട്ടിൽ  കേൾക്കുന്നു .ഉത്തമഗീതം 2:12

 പ്രശസ്ത  എഴുത്തുകാരനായ എഫ് .ഡബ്ല്യു.ബോർഹാമിന്റെ "മെഴുകുതിരിയും
 പക്ഷിയും " എന്ന  ഉപന്യാസത്തിൽ  ദൈവ സാന്നിധ്യത്തെ  ഒരു  പക്ഷിയോട്
 ഉപമിച്ചിരിക്കുന്നു.മെഴുകുതിരി  കെട്ടു  പോയാൽ  വെളിച്ചം  ഇല്ലാതാകുന്നു.
എന്നാൽ  പാട്ട് പാടുന്ന ഒരു  പക്ഷിയെ  ഓടിച്ചാൽ അത്  പറന്നു  പോയി
  മറ്റൊരു  മരത്തിലിരുന്നു  വീണ്ടും മനോഹരമായി  പാടും.
ചരിത്രത്തിലെ  ദൈവ പ്രവർത്തിയെ  അദ്ദേഹം  ഇപ്രകാരം  വർണ്ണിക്കുന്നു.
വിശുദ്ധിക്ക്  വേണ്ടി  നില നിന്ന പ്യുരിറ്റൻസിന്റെ  സ്വാധീനം  ലോകത്തിൽ
 മങ്ങിയപ്പോൾ മിൽട്ടനിലൂടെ ഇംഗ്ളണ്ടിൽ  ശക്തമായ  ഉണർവുണ്ടായി .
വെളിച്ചം  ഇല്ലാതായോ?ഒരിക്കലുമില്ല...
ക്രിസ്തീയപ്രവർത്തകനായിരുന്ന  ജോസഫ്‌  അഡിസന്റെ  മരണത്തിനു
 എട്ടു വർഷങ്ങൾക്കു ശേഷം 1727 ഓഗസ്റ്റ്  മാസം  13-നു  ഇരുപത്തിയേഴു
 വയസ്സ്  മാത്രം  പ്രായമുള്ള സ്വിൻസന്ദൊർഫിന്റെ   നേതൃത്വത്തിലുള്ള
 പ്രാർത്ഥന  സമൂഹത്തിൽ  ശക്തമായ  ഉണർവുണ്ടായി.
മൊറെവിയൻ  പ്രസ്ഥാനത്തിന്റെ' ആരംഭമായിരുന്നു അത്.
  ഇംഗ്ളണ്ടിൽ ഉണർവ് മങ്ങിത്തുടങ്ങിയപ്പോൾ  ജർമ്മനിയിൽ 
മൊറെവിയൻസിലുടെ ശക്തമായ  ദൈവപ്രവർത്തി  ആരംഭിച്ചു.
ലോകത്തിന്റെ  വിവിധ ഭാഗങ്ങളിലേക്ക് അനേകം  മിഷനറിമാർ 
 ദൈവത്തിന്റെ വചനവുമായി  കടന്നു  പോയി .
അതെ!പക്ഷി  മനോഹരമായി  പാടുകയാണ് .
ആ  നൂറ്റാണ്ടിൽ  ഫ്രാൻസിന്റെ  തെരുവീഥിയിൽ  കുരിശു  പരസ്യമായി 
 കത്തിച്ച  അതേ  ദിവസം തന്നെ ചെരുപ്പുകുത്തിയായിരുന്ന  വില്യം  കേറി
ഇന്ത്യയിൽ  എത്തിചേർന്നു.മാറ്റമില്ലാത്ത  ദൈവവചനം
  അനേകം  ഭാഷകളിലേക്ക്  തര്ജ്ജമ ചെയ്യപ്പെട്ടു .
മൊറെവിയൻ  പ്രസ്ഥാനത്തിന്റെ  പ്രവർത്തനങ്ങൾ  നിലച്ചപ്പോൾ  ദൈവം 
ജോണ്‍  വെസ്ളിയുടെ ഹൃദയത്തെ  ഉണർത്തി .
പക്ഷി  മറ്റൊരിടത്ത്  തന്റെ  പാട്ട്  പാടുകയാണ് .ചാൾസ്  വെസ്ളി 
 അനേകം ഗാനങ്ങളെഴുതി .സ്കോട്ലണ്ടിൽ  ആണ്ട്ട്രു  ബോണർ ,റോബർട്ട്‌ 
 മുറെ  മക്ക്കെയ്നെ, ബെർന്സ്  തുടങ്ങിയവരിലുടെ  യേശുവിന്റെ 
 സ്നേഹത്തിന്റെ  സന്ദേശം വ്യക്തമായി പ്രസംഗിക്കപ്പെട്ടു 
 എന്നാൽ  അവരുടെ  പ്രവർത്തി അവസാനിച്ചപ്പോൾ  ലണ്ടനിൽ  സ്പർജനിലുടെ 
ആയിരങ്ങൾ  ദൈവവചനം  ശ്രവിച്ചു .
പക്ഷി  വീണ്ടും  പാടിക്കൊണ്ടിരിക്കുന്നു .... ദൈവ വചനത്തിനോ  ബന്ധനം  ഇല്ല .

തുടർന്ന്  സാധുസുന്ദർസിംഗ് ,പണ്ഡിത  രമാഭായി .....എന്നിങ്ങനെ  എത്രയോ 
 ദൈവഭക്തർ ഈ  ദൌത്യം  നിർവഹിച്ചു  .
ആരും  ഇതുവരെയും  കൂടുകെട്ടിയിട്ടില്ലാത്ത  ഒരു  മരത്തിൽ  ഇരുന്നു 
 കൊണ്ട്  ക്രുശിന്റെ ഗാനം  പാടുവാൻ  ദൈവം  നമ്മുടെ  ഹൃദയത്തെ  ഉണർത്തട്ടെ.

"നിന്റെ  ജനം  നിന്നിൽ  ആനന്ദിക്കേണ്ടതിനു  നീ  ഞങ്ങളെ  വീണ്ടും  ജീവിപ്പിക്കേണമേ ..."

പാടും  ഞാൻ  യേശുവിനായ്‌  ജീവൻ പോവോളം  നന്ദിയോടെ ...
.എന്ന്  ഹൃദയത്തിൽ നിന്ന്  പാടാം.

പ്രാർത്ഥന .
കർത്താവായ  യേശുവേ  അവിടുത്തെ  സ്നേഹത്തിന്റെ  സന്ദേശം  അറിയിപ്പാൻ 
എന്നെ  സമർപ്പിക്കുന്നു . പുതിയോരു  പാട്ട്  തന്ന്  എന്നെ  ഉണർത്തേണമേ .

Friday, October 4, 2013

നിന്റെ പിന്നാലെ എന്നെ വലിക്ക .ഉത്തമഗീതം .1:4 (a)

നിന്റെ പിന്നാലെ  എന്നെ  വലിക്ക .ഉത്തമഗീതം .1:4 (a)

 സ്വീഡനിലെ  പ്രശസ്തമായ  ഒരു  സഭയിലെ  കർതൃദാസന്റെ  മകൾ
 അദ്ധേഹത്തിന്റെ അടുക്കൽ  ഒരു ദിവസം  വന്നു  ഇപ്രകാരം  പറഞ്ഞു .
"ഡാഡി,ദൈവത്തിന്റെ  പാതകൾ എനിക്കിനി  വേണ്ട.എന്റെ  കൂട്ടുകാരുടെ വഴി
ഇനി  എനിക്ക്  മതി."അദ്ധേഹത്തിന്റെ ഹൃദയം  തകർന്നു  പോയി.തന്റെ
 മകളെ  ചേർത്ത് നിർത്തി  അവളോട്‌  പറഞ്ഞു .
"മോളെ  ഞാനും  നിന്റെ  അമ്മയും  നിനക്കായി  പ്രാർത്ഥിക്കാം ".  

അന്ന്  രാത്രി കിടന്നുറങ്ങിയ  അവൾ  ഒരു  സ്വപ്നം  കണ്ടു .രണ്ടു  പട്ടണങ്ങൾ -
ഒന്നാമത്തേത്   നിയോണ്‍ ബൾബുകളുടെ  പ്രകാശത്തിൽ മുങ്ങിയിരുക്കുന്നു
,രണ്ടാമത്തേത് തേജസ്സ്‌  നിറഞ്ഞ പട്ടണം....
അലങ്കാര വിളക്കുകളാൽ  ദീപ്തമായ  പട്ടണത്തിൽ  നിന്ന്  സുമുഖനായ  ഒരാൾ  ഇറങ്ങി
വന്നു അവളുടെ  കരങ്ങളിൽ  പിടിച്ചു കൊണ്ട്  ക്ഷണിച്ചു :"വരൂ ...".വളരെ
 സന്തോഷത്തോടെ അവൾ ആ  പട്ടണത്തിലേക്ക്  നടന്നു.എന്നാൽ  കുറേ
  ദൂരം ചെന്നപ്പോൾ ഇരുട്ടു വർധിക്കുന്നതായി  അവൾക്ക്  അനുഭവപ്പെട്ടു
.തന്റെ  കൂടെ  നടന്ന വ്യക്തിയുടെ മുഖത്തേക്ക്  അവൾ  നോക്കി ;പഴയ  രൂപമല്ല --പൈശാചികമായ  മുഖം!
അവൾ  ഞെട്ടിയുണർന്നു .സ്വപ്നത്തിൻറെ അർത്ഥം   ഗ്രഹിച്ച  അവൾ
തീരുമാനിച്ചു.യേശു  വസിക്കുന്ന  തേജസിന്റെ  പട്ടണത്തിലേക്ക്  ഞാൻ  വീണ്ടും
നടക്കും. അതാണ്  നിത്യജീവന്റെ  മാർഗം.പ്രഭാതത്തിൽ  അവൾ
 തന്റെ ഡാഡിയോട് എല്ലാം  വിവരിച്ചു ."ഡാഡിയുടെ  ദൈവത്തിന്റെ
 വഴി  എനിക്ക്  മതി ...അതാണ് വെളിച്ചത്തിൻറെ  വഴി ..."

ഇതു  വായിക്കുന്ന സ്നേഹിതാ ,നിങ്ങൾ  ഏതു  പാതയിലുടെയാണ്  ഇപ്പോൾ
സഞ്ചരിക്കുന്നത്?ദൈവത്തിന്റെ  വഴിയിലൂടെയോ  ?
അതോ ലോകത്തിൻറെ ( പിശാചിൻറെ) വഴിയിലൂടെയോ ?

പ്രാർത്ഥന :
കർത്താവായ  യേശുവേ  നിന്റെ പിന്നാലെ  എന്നെ  വലിക്ക .വഴിയും
സത്യവും  ജീവനുമായ  യേശുവേ  ഞാൻ  നിന്നെ  അനുഗമിക്കുന്നു .ആമേൻ .