അവന്റെ രൂപം ലെബാനോനെപ്പോലെ ,ദേവദാരു പോലെ
തന്നേ ഉൽകൃഷ്ടമാകുന്നു.ഉത്തമഗീതം 5:15
ഒരിക്കൽ ഒരു ചിത്രകാരൻ താൻ പുതുതായി വരച്ച ചിത്രം കാണാൻ തന്റെ
സുഹൃത്തിനെ ഭവനത്തിലേക്ക് ക്ഷണിച്ചു.കൃത്യ സമയത്ത് തന്നെ എത്തിച്ചേർന്ന
കൂട്ടുകാരനെ ചിത്രകാരൻ ആദ്യം തന്റെ വീട്ടിലെ ഇരുട്ടുള്ള ഒരു മുറിയിൽ കുറെ
സമയം ഇരുത്തിയതിനു ശേഷം ചിത്രം കാണാൻ തന്റെ ഭവനത്തിലെ
സ്റ്റുഡിയോയിൽ കൊണ്ട് വന്നു.
."ചിത്രം വളരെ നന്നായിരിക്കുന്നു " കൂട്ടുകാരൻ അഭിപ്രായപ്പെട്ടു.
ചിത്രം കാണുന്നതിനു മുൻപ് പതിനഞ്ചു മിനിട്ട് വെളിച്ചമില്ലാത്ത മുറിയിൽ
ഇരുത്തിയതിന്റെ കാരണം ചിത്രകാരൻ വിവരിച്ചു.
"നല്ല സൂര്യ പ്രകാശത്തിൽ കടന്നു വന്ന നിങ്ങൾക്ക് ഒരിക്കലും
എന്റെ ചിത്രം പൂർണ്ണമായി ആസ്വദിക്കാൻ കഴിയില്ല .ആ പ്രകാശ
വലയത്തിൽ നിന്ന് നിങ്ങളുടെ കണ്ണുകൾക്ക് ഒരു വിശ്രമം ലഭിച്ചാൽ മാത്രമേ എന്റെ ചിത്രത്തിന്റെ സൌന്ദര്യം നിങ്ങൾക്ക് പൂർണ്ണമായി ആസ്വദിക്കാൻ കഴിയൂ "
ലോക വെളിച്ചത്തിൽ ജീവിക്കുന്ന നമുക്കും ആത്മാവിൽ കർത്താവായ
യേശുവിന്റെ ദിവ്യ സൌന്ദര്യത്തെ ദർശിക്കണമെങ്കിൽ അവിടുത്തെ
സന്നിധിയിൽ നാമും ശാന്തമായി ഇരുന്നാൽ മാത്രമേ സാധ്യമാവുകയുള്ളു .
"മിണ്ടാതിരുന്നു ഞാൻ നിന്റെ ദൈവമെന്നറിഞ്ഞു കൊൾവിൻ എന്ന്
ദൈവവചനം പറയുന്നു .അപ്പോൾ മാത്രമേ "യേശുവേ നിന്റെ രൂപമീ
എന്റെ കണ്ണുകൾക്കെത്ര സൌന്ദര്യം "എന്ന് ഹൃദയത്തിൽ നിന്ന്
പാടാൻ നമുക്ക് കഴിയുകയുള്ളൂ .
പ്രാർത്ഥന:
കർത്താവായ യേശുവേ എന്റെ ഹൃദയദൃഷ്ടിയെ പ്രകാശിപ്പിക്കേണമേ .
ഞാൻ അങ്ങയുടെ ദിവ്യ സൌന്ദര്യത്തെ ദർശി ക്കട്ടെ.ആമേൻ .
No comments:
Post a Comment