Wednesday, July 14, 2021

 

അനുഗ്രഹീത ഗാന രചയിതാവായ ജോസഫ് സ്ക്രിവൻ 1819- ൽ അയർലണ്ടിലുള്ള ഒരു ക്രിസ്തീയ ഭവനത്തിൽ ജനിച്ചു. ട്രിനിറ്റി കോളേജിൽ പഠിച്ച് ഡിഗ്രി നേടി. ജോസഫ് വിവാഹം നിശ്ചയിച്ചിരുന്ന പെൺകുട്ടി വിവാഹത്തിന് ഒരു ദിവസം മുമ്പ് ഒരപകടത്തിൽ മരിച്ചു.

25-ാം വയസ്സിൽ അദ്ദേഹം കാനഡയിലേക്ക് താമസം മാറി. തുടർന്നുള്ള ജീവിതം എളിയവരെ സഹായിക്കുവാൻ അദ്ദേഹം സമർപ്പിച്ചു. ജോസഫ് സ്ക്രിവന്റെ പ്രവർത്തനങ്ങൾ അനേകം വിധവമാർക്കും അനാഥർക്കും വലിയ ആശ്വാസമായിത്തീർന്നു.
തുടർന്ന് എലിസ എന്ന പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ചു. എങ്കിലും വിവാഹത്തിന് ചില നാളുകൾക്ക് മുമ്പ് അവൾ ന്യൂമോണിയ ബാധിച്ച് ഈ ലോകത്ത് നിന്ന് കടന്നു പോയി.
ജോസഫ് വിശ്വസ്തതയോടെ എളിയവരെ സഹായിക്കുന്നത് തുടർന്നു പോന്നു.

1855 ൽ രോഗിയായ കിടന്ന ജോസഫിനെ കാണാൻ വന്ന സ്നേഹിതൻ ഒരു പേപ്പറിൽ എന്തോ കുറിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ രോഗക്കിടക്കയിൽ കണ്ടു.
"എന്താണ് ഈ വരികൾ "? ആരാണ് ഇത് എഴുതിയത്?സുഹൃത്ത് ജോസഫിനോട് ചോദിച്ചു.
" ഇത് കർത്താവായ യേശുവും ഞാനും ചേർന്നെഴുതിയതാണ് " ജോസഫ് മറുപടി പറഞ്ഞു.
ആട്ടെ, ഞാൻ ഇതൊന്നു വായിക്കട്ടെ ....
സ്നേഹിതൻ ഗാനത്തിന്റെ വരികൾ വായിച്ചു.

""എന്തു നല്ലോർ സഖി യേശു പാപ ദുഃഖം വഹിക്കും
എല്ലാം യേശുവോടു ചെന്നു ചൊല്ലീടുമ്പോൾ താൻ കേൾക്കും
നൊമ്പരം ഏറെ സഹിച്ചു സമാധാനങ്ങൾ നഷ്ടം
എല്ലാം യേശുവോടു ചെന്നു ചൊല്ലീടായ്ക നിമിത്തം

കഷ്ടം ശോധനകളുണ്ടോ എവ്വിധ ദുഃഖങ്ങളും
ലേശവും അധൈര്യം വേണ്ടാ ചൊല്ലാം യേശുവോടെല്ലാം
ദുഃഖം സർവ്വം വഹിക്കുന്ന മിത്രം മറ്റാരുമുണ്ടോ
ക്ഷീണമെല്ലാം അറിയുന്ന യേശുവോടു ചൊല്ലീടാം

 ഉണ്ടോ ഭാരം ബലഹീനം തുമ്പങ്ങളും അസംഖ്യം
രക്ഷകനല്ലോ സങ്കേതം യേശുവോടറിയിക്കാം
മിത്രങ്ങൾ നിന്ദിക്കുന്നുണ്ടോ? പോയ് ചൊല്ലേശുവോടെല്ലാം
ഉള്ളം കയ്യിലീശൻ കാക്കും അങ്ങുണ്ടാശ്വാസമെല്ലാം." "

അയർലണ്ടിൽ രോഗിയായ കിടക്കുന്ന എന്റെ അമ്മയ്ക്ക് ആശ്വാസമാകട്ടെ ഈ ഗാനം .
ജോസഫ് സ്ക്രിവൻ സ്നേഹിതനോട് പറഞ്ഞു.
ജോസഫ് തന്റെ ജീവിതത്തിൽ വലിയ ശോധനകളിലൂടെ കടന്നു പോയി .എങ്കിലും അദ്ദേഹത്തെ നില നിർത്തിയത് " യേശു എന്റെ സ്നേഹിതനാണ്; എന്ന ദൈവീക വെളിപ്പാടായിരുന്നു.

ഈ വരികൾ വായിക്കുന്ന നിങ്ങളുടെ യഥാർത്ഥ അവസ്ഥ അറിയുന്ന ഒരാൾ മാത്രമേ ഉള്ളു. അത് മറ്റാരുമല്ല നിങ്ങളുടെ സ്നേഹിതനായ ക്രിസ്തു യേശു .
എല്ലാം അവിടുന്ന് അറിയുന്നു .പാപം, കഷ്ടം,ശോധന, ആകുലത, ഏകാന്തത, ഭയം..... എല്ലാം ....
എല്ലാം കർത്താവിനോട് പറയുക. അവൻ നമ്മുടെ പാപങ്ങളേയും രോഗങ്ങളേയും വഹിച്ചവനാണ്....
ഇത് ഒരു പ്രാർത്ഥനാ ഗാനമാണ്.
മിത്രങ്ങൾ പോലും നിന്ദിക്കുന്നുവോ?
യേശുവിനോട് പറയുക .ഉള്ളം കൈയ്യിൽ അവിടുന്ന് നമ്മെ വഹിക്കും. അവിടെ നമുക്ക് ആശ്വാസമുണ്ട് ,ധൈര്യമുണ്ട്........

ഇനിയും നിങ്ങളെ ദാസന്മാരെന്ന് ഞാൻ വിളിക്കുന്നില്ല; യജമാനൻ ചെയ്യുന്നത് എന്താണെന്നു ദാസൻ അറിയുന്നില്ലല്ലോ. എന്റെ പിതാവിൽനിന്നു കേട്ടതെല്ലാം ഞാൻ നിങ്ങളെ അറിയിച്ചിരിക്കുന്നു; അതുകാണ്ടാണ് എന്റെ സ്നേഹിതന്മാരെന്നു ഞാൻ നിങ്ങളെ വിളിക്കുന്നത്.
യോഹന്നാൻ 15: 15 

No comments:

Post a Comment