അനന്തരം, യെഹൂദന്മാരെ പേടിച്ചിട്ടു രഹസ്യത്തിൽ യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമഥ്യയിലെ യോസേഫ് യേശുവിന്റെ ശരീരം എടുത്തു കൊണ്ടുപോകുവാൻ പീലാത്തൊസിനോട് അനുവാദം ചോദിച്ചു; പീലാത്തൊസ് അനുവദിക്കയാൽ അവൻ വന്ന് അവന്റെ ശരീരം എടുത്തു. ആദ്യം രാത്രിയിൽ അവന്റെ അടുക്കൽ വന്ന നിക്കൊദേമൊസും ഏകദേശം നൂറു റാത്തൽ മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ടു കൊണ്ടുവന്നു യോഹന്നാൻ 19:38-39
സൂര്യൻ ഇരുണ്ടു പോയ ആ ദിവസം .ദൈവത്തിൻ്റെ പുത്രനായ യേശു ആറു മണിക്കൂർ സമയം ക്രൂശിൽ അതി ഭയങ്കരമായ വേദനയിലൂടെ കടന്നു പോയി.
അവൻ്റെ ശിഷ്യൻമാരിൽ പലരും ഭയന്ന് ഓടിപ്പോയി. വാക്കുകൾക്ക് ആ ദിവസത്തെ കണ്ണുനീരും ,ഇരുട്ടും ,സങ്കടവും വർണ്ണിപ്പാൻ കഴികയില്ല. സങ്കീർത്തനം 22 മനസ്സിലേക്ക് ഓടിയെത്തുന്നു.
ഏറ്റവും വിറങ്ങലിച്ച ആ മണിക്കൂറിൽ അന്ന് വരെ രഹസ്യത്തിൽ കർത്താവിനെ അനുഗമിച്ച ഒരുവൻ വിശ്വാസത്തിൻ്റെ ചെറിയ ഒരു കാൽചുവട് വെച്ചു. ക്രൂരനായ ദേശാധിപതിയുടെ അടുക്കൽ ധൈര്യത്തോടെ ചെന്ന് യേശുവിൻ്റെ ശരീരം ചോദിച്ചു .
രാത്രിയിൽ ആരും കാണാതെ യേശുവിനെ കാണാൻ വന്നവനും അവനോട് ചേർന്ന് നിന്നു .
ആരെയും വെച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയിൽ അവർ യേശുവിൻ്റെ ശരീരം വെച്ചു.
എന്തായാലും ഭീരുവായ യോസേഫ് അന്ന് ധൈര്യമുള്ളവനായി....
മൂന്നാം നാൾ യേശു ഉയിർത്തെഴുന്നേറ്റു.
യോസേഫിൻ്റെ കല്ലറ ഉയിർപ്പിൻ്റെ മനോഹര വേദിയായി മാറി.
ഒരു വെള്ളിയാഴ്ചയുടെ അവസ്ഥയിലൂടെയാണോ നിങ്ങൾ ഇപ്പോൾ കടന്നു പോകുന്നത്. പ്രതീക്ഷകൾ അസ്തമിച്ചു. ദൈർഘ്യമുള്ള ശനിയാഴ്ച തൊട്ടു മുൻപിൽ.... എന്തു ചെയ്യണമെന്നറിയില്ല.
യേശുവിനായി വിശ്വാസത്തിൻ്റെ ഒരു കാൽച്ചുവടു് മുൻപോട്ട് വെയ്ക്കുക .
അനുസരണത്തിൻ്റെ ഒരു ചെറിയ കാൽവെപ്പ്....
ഇരുട്ടിൻ്റെ അവസ്ഥകളിൽ, കണ്ണീരിൻ്റെ താഴ്വരയിൽ അരിമത്യക്കാരനായ യോസേഫിനെപ്പോലെ ഒരു ചെറിയ തുടക്കം..
ഇപ്പോൾ തന്നെ ... ഇന്ന് തന്നെ...
ഉയിർപ്പിൻ്റെ പ്രഭാതം അടുത്തിരിക്കുന്നു.
വേഗമാകട്ടെ!
LORD increase my faith 🙏
ReplyDelete