Tuesday, May 18, 2021

 

ഗിലെയാദിൽ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യൻ ഇല്ലയോ? എന്റെ ജനത്തിൻപുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്ത്?

യിരെമ്യാവ് 8 :22 

ദിവസേന അനേകം രോഗികളുടെ വേദനകൾ കാണുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്ന വചനമാണ് മുകളിൽ ഉദ്ധരിച്ചത്.
ഗിലെയാദ് ധാരാളം ഔഷധ സസ്യങ്ങൾ ഉള്ള ഒരു സ്ഥലമാണ്. അവിടെയുള്ള ഒരു മരത്തിന്റെ തോൽ ചതച്ചു കഴിയുമ്പോൾ അവിടെ നിന്ന് ഊറി വരുന്ന ദ്രാവകം വളരെ ഔഷധമൂല്യമുള്ളതാണ്. സുഗന്ധം പരത്തുന്ന ഔഷധം!
യോസേഫിനെ സഹോദരൻമാർ പൊട്ടക്കിണറ്റിൽ നിന്ന് വലിച്ചു കയറ്റി യിശ്മായേല്യ കച്ചവടക്കാർക്ക് 20 വെള്ളിക്കാശിന് വിറ്റു. അവർ ഗിലയാദിൽ നിന്ന് സുഗന്ധതൈലവുമായി മിസ്രയീമിലേക്ക് പോകുന്നവരായിരുന്നു. ( ഉല്പത്തി 37 :25)
അടിമയായ യോസേഫിന്‌ യാത്രയിലുടനീളം ഗിലയാദിലെ സുഗന്ധവർഗ്ഗത്തിന്റെ സൗരഭ്യം ആശ്വാസം നൽകിയിട്ടുണ്ടാകും.

ഒരിക്കൽ ചതയ്ക്കപ്പെട്ട മരത്തിൽ നിന്ന് ഒഴുകിയ സൗരഭ്യം തകർന്ന ഹൃദയത്തിന് തണുപ്പ് നൽകി .പിന്നീട് യോസേഫിന്റെ ജീവിതത്തിൽ തുടർച്ചയായ ശോധനകൾ ഉണ്ടായി .എന്നാൽ അവന്റെ ജീവിതം പിൽക്കാലത്ത് ഒരു സൗരഭ്യവാസനയായി മാറി.

നമ്മുടെ വാഴ്ത്തപ്പെട്ട കർത്താവ് നമുക്കായി തകർക്കപ്പെട്ടു .മുറിവേറ്റു, അപമാനിക്കപ്പെട്ടു,
ക്രൂശിക്കപ്പെട്ടു.......
എന്നാൽ യേശു പരത്തിയ പരിമളം എത്ര വലിയത്! അവർണ്ണനീയം!
അവിടുന്ന് ഗിലയാദിലെ വൈദ്യനാണ് .അവന്റെ നാമം പകർന്ന തൈലം പോലെ ഇരിക്കുന്നു.

നമ്മുടെ ജീവിതത്തിൽ ഈ നാളുകളിൽ അനേകം കഷ്ടങ്ങളിലൂടെ നാം കടന്നു പോവുകയായിരിക്കാം. മറിയം ഭരണി പൊട്ടിച്ചപ്പോൾ തൈലത്തിന്റെ സൗരഭ്യം കൊണ്ട് വീട് നിറഞ്ഞതുപോലെ 'രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും നാം ദൈവത്തിന് ക്രിസ്തുവിന്റെ സൗരഭ്യവാസന ആകുന്നു.'
2 കൊരിന്ത്യർ 2: 15
ഈ ദിവസങ്ങളിൽ നമുക്ക് പ്രഘോഷിക്കാം.
ഗിലെയാദിൽ ഒരു വൈദ്യനുണ്ട്. എല്ലാ രോഗങ്ങൾക്കും നല്ല വൈദ്യനായ യേശുക്രിസ്തു .

നമുക്ക് ആഗ്രഹത്തോടെ പാടാം.

"പകർന്ന തൈലം പോൽ നിൻ-നാമം
പാരിൽ സൗരഭ്യം വീശുന്നതാൽ
പഴി ദുഷി നിന്ദ ഞെരുക്കങ്ങളിൽ
എന്നെ സുഗന്ധമായ് മാറ്റീടണെ
                       - വാഴ്ത്തുമേ"




No comments:

Post a Comment