Thursday, May 6, 2021

മരുഭൂമിയിലൂടെ വളരെ ദൂരം സഞ്ചരിക്കുന്നവർ വളരെയധികം കഷ്ടപ്പെടുന്നവരാണ്.

വെയിലിന്റെ ചൂട് അസഹനീയം,മണൽ ചുട്ട് പഴുത്തതുപോലെ, ലക്ഷ്യസ്ഥാനം എത്ര മാത്രം ദൂരെ എന്ന ചിന്ത ഹൃദയത്തെ തളർത്തുന്നു. ദാഹം കൊണ്ട് തൊണ്ട വരളുന്നു.. ഇപ്പോഴത്തെ എറ്റവും വലിയ ആവശ്യം കുറച്ച് വെള്ളമാണ്.
ദാ... ദൂരെ ഒരു തടാകം കാണുന്നു. ഉള്ള ശക്തി സംഭരിച്ച് അവിടേക്ക് വേഗം നടന്നു. എന്നാൽ അടുത്തെത്തിയപ്പോൾ നിരാശനായി. അത് ഒരു മരീചിക (mirage) ആയിരുന്നു. മരുപ്പച്ച (Oasis ) പ്രതീക്ഷിച്ച് ഓടി വന്നവൻ മരീചിക കണ്ട് പകച്ചു നിന്നു.

നാമെല്ലാം മരുഭൂ യാത്രക്കാരാണ്. സന്തോഷം, വിശ്രമം, സമാധാനം മുതലായവ ഈ ലോകത്തിൽ കണ്ടെത്താൻ ശ്രമിക്കുന്നവർ നിരാശരാകും. ലോകം ധാരാളം കാര്യങ്ങൾ നൽകാമെന്ന് പറഞ്ഞ് മനുഷ്യരെ വഞ്ചിക്കുന്നു. ദു:ഖം, നിരാശ, ആകുലത എല്ലാം മരീചിക കണ്ട് ഭഗ്നാശരായവരുടെ ദയനീയ അവസ്ഥയാണ്.
ഈ ലോകത്തിന് നിലനിൽക്കുന്ന ഒന്നും നൽകാൻ കഴിയില്ല. ലോകവും അതിന്റെ മോഹവും കടന്നു പോകും. ഒരുനാളും നമ്മുടെ ദാഹം ശമിപ്പിപ്പാൻ അതിന് കഴിയുകയില്ല. അതു മാത്രമല്ല ലോകത്തിൽ ആശ്രയിക്കുന്നവന്റെ ദാഹം വർദ്ധിച്ചു കൊണ്ടേയിരിക്കും.

അനേകം മരീചിക കണ്ട് നിരാശയ്ക്ക് അടിമപ്പെട്ട ഒരു മരുഭൂമി യാത്രക്കാരന്റെ അവസ്ഥ എന്തായിരിക്കും?അതു തന്നെയാണ് ഈ ലോകത്തിൽ സംതൃപ്തി കണ്ടെത്താൻ ശ്രമിക്കുന്ന ഒരു മനുഷ്യന്റെ അവസ്ഥ .
എന്നാൽ ഒരു സന്തോഷ വാർത്ത മരുഭൂമി യാത്രക്കാരോട് അറിയിക്കട്ടെ.
യേശുക്രിസ്തു ജീവജലത്തിന്റെ ഉറവയാണ്. ശമര്യ സ്ത്രീയോട് കർത്താവ് പറഞ്ഞു. 

യേശു അവളോടു: ഈ വെള്ളം കുടിക്കുന്നവന്നു എല്ലാം പിന്നെയും ദാഹിക്കും.  ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായി തീരും എന്നു ഉത്തരം പറഞ്ഞു.
യോഹന്നാൻ 4 :13‭-‬14 

യേശുക്രിസ്തുവിൽ വിശ്വസിക്കുക. കർത്താവായി ഹൃദയത്തിൽ സ്വീകരിക്കുക.
യഥാർത്ഥ മരുപ്പച്ച (oasis ) നിങ്ങൾ കണ്ടെത്തിയിരിക്കുന്നു. സമാധാനം, സന്തോഷം, സംതൃപ്തി, പ്രത്യാശ,നിത്യജീവൻ എല്ലാം നിങ്ങൾ സ്വന്തമാക്കിയിരിക്കുന്നു.
"ദൈവമേ എന്നെ അങ്ങ് അങ്ങേയ്ക്കായി സൃഷ്ടിച്ചു .അങ്ങയിൽ വിശ്രമം കണ്ടെത്തുന്നതുവരേയും എന്റെ ആത്മാവ് അസ്വസ്ഥമായിരിക്കും "എന്ന് അഗസ്റ്റിൻ എന്ന ദൈവഭക്തൻ പറഞ്ഞത് എത്ര വലിയ യാഥാർത്ഥ്യം.

വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ.
വെളിപ്പാടു 22: 17 















Courtesy..Martin Llyod jones

No comments:

Post a Comment