Sunday, May 23, 2021

നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ ......"

 

സാറാ ഫ്ലവർ ആഡംസ് വളരെ കഷ്ടതകളിലൂടെ കടന്നു പോയ ഒരാളാണ് .5 വയസ്സ് പ്രായമുള്ളപ്പോൾ അവളുടെ അമ്മ മരിച്ചു പോയി. തന്റെ സഹോദരിയായ എലീസ ക്ഷയരോഗത്താൽ ബാധിക്കപ്പെട്ട നാളുകളിൽ സാറാ അവളെ സ്നേഹപൂർവ്വം ശുശ്രൂഷിച്ചു.എങ്കിലും എലീസ  ഈ ലോകം വിട്ടു കടന്നു പോയി. രണ്ടു വർഷങ്ങൾ കഴിഞ്ഞപ്പോൾ 43 വയസ്സുള്ള സാറായും ക്ഷയരോഗത്താൽ ബാധിക്കപ്പെട്ട് ഈ ലോകത്തിൽ നിന്ന് മാറ്റപ്പെട്ടു എങ്കിലും മനോഹരമായ ഒരു ഗാനം നമുക്ക് നൽകിയിട്ടാണ് അവൾ യാത്രയായത്.

ഏതാണ് ആ ഗാനം?
"നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ ......"

തന്റെ ജീവിതത്തിൽ ഗാനങ്ങൾ രചിക്കുന്നതിൽ സാറാ ആനന്ദം കണ്ടെത്തിയിരുന്നു. ഒരിക്കൽ ഉല്പത്തി പുസ്തകം 28 : 10- 19വരെയുള്ള വേദഭാഗം പഠിപ്പിച്ച കർത്തൃ ദാസൻ ഈ ഭാഗത്തെ ആധാരമാക്കി ഒരു ഗാനം രചിക്കാൻ സാറയെ ഉത്സാഹിപ്പിച്ചു.
പിൽക്കാലത്ത് അനേകഹൃദയങ്ങളെ ദൈവത്തോട് അടുപ്പിച്ച ഒരു ഗാനമായി അത് മാറി. ടൈറ്റാനിക് കപ്പൽ മുങ്ങുന്ന സമയം ഈ ഗാനം ക്വയർ ആലപിച്ചു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.
ഈ നാളുകളിൽ മറന്നു കിടന്ന ഈ ഗാനം എന്റെ ഹൃദയത്തെ തട്ടിയുണർത്തുന്നു.
യാക്കോബ് ഏകനായി ഒരു കല്ല് തലയണയായി വച്ച് കിടന്നുറങ്ങിയ രാത്രി അവൻ കണ്ട സ്വപ്നം നമ്മെ ഉത്സാഹിപ്പിക്കട്ടെ.
അതേ ദൈവം എന്നോട് കൂടെയുണ്ട്. ഇത് ദൈവത്തിന്റെ ഭവനമായ ബെഥേലാണ്.
കഷ്ടതയുടെ ഈ നാളുകളിൽ നമുക്ക് കർത്താവിനോട് ചേർന്നിരിക്കാം.

"നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ .നിന്റെ ക്രൂശ് ഞാൻ വഹിക്കാം. എന്റെ പാട്ട് എന്നും ഇതു മാത്രം. എന്റെ ഏകാന്തത, മുറിവുകൾ, വേദനകൾ, നിരാശ, ആകുലത, ശൂന്യത .... പറയാൻ വാക്കുകളില്ല കർത്താവേ.!
എങ്കിലും എന്റെ സ്വപ്നത്തിലും ,എല്ലാ വഴികളിലും, തുമ്പങ്ങളിലും .... നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ!
അല്ല കർത്താവേ നീ എന്നെ വിളിക്കുന്നു എങ്കിൽ, നിന്റെ വരവ് സംഭവിക്കുന്നെങ്കിൽ ഏതായാലും എന്റെ ഗാനം ഒന്നു മാത്രം.
Nearer my God to Thee,Nearer to Thee...
ആകാശമാർഗ്ഗമായ് മഹോന്നതനെ അവിടുത്തെ അടുക്കലേക്ക് എന്റെ ആത്മാവ് പറന്നുയരുമ്പോഴും എന്റെ പാട്ട് മറ്റൊന്നല്ല "
നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ!....


&&&
നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ
നിൻക്രൂശു ഞാൻ വഹിക്കെന്നാലുമേ
എൻഗീതം എന്നുമേ നിന്നോടെൻ ദൈവമേ
നിന്നോടെൻ ദൈവമേ! ഞാൻ ചേരട്ടെ

2 ദാസൻ യാക്കോബെപ്പോൽ രാക്കാലത്തിൽ
വൻകാട്ടിൽ കല്ലിന്മേൽ ഉറങ്ങുകിൽ
എൻ സ്വപ്നത്തിലുമേ നിന്നോടെൻ ദൈവമേ
നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ

3 നീ എന്നെ നടത്തും പാത എല്ലാം
വിൺ എത്തും ഏണിപോൽ പ്രകാശമാം
ദൂതർ വിളിക്കുന്നു നിന്നോടെൻ ദൈവമേ
നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ

4 ഉണർന്നു ഞാൻ നിന്നെ സ്തുതിച്ചിടും
കൽത്തലയിണയെ ബെഥേലാക്കും
എൻ തുമ്പത്താലുമേ നിന്നോടെൻ ദൈവമേ
നിന്നോടെൻ ദൈവമേ! ഞാൻ ചേർന്നിടും

5 ആകാശമാർഗ്ഗമായ് മഹോന്നതേ
പറന്നുപോകിലും സന്തോഷമേ
എൻ ഗീതമെന്നുമേ  നിന്നോടെൻ ദൈവമേ
നിന്നോടെൻ ദൈവമേ ഞാൻ ചേർന്നിടും

3 comments: