Saturday, October 31, 2020

 

അലബാമയിലുള്ള പ്രയർ കോൺഫറൻസിൽ പങ്കെടുക്കാൻ പ്രശസ്ത റേഡിയോ പ്രഭാഷകനായ ഡേവിഡ് ജറമിയാ എത്തി.

തന്നെ കാണാൻ ആരോ കാത്തു നിൽക്കുന്നു എന്ന് സംഘാടകരിലൊരാൾ അറിയിച്ചു.
ഡേവിഡിനെ കാണാൻ വന്ന യൗവ്വനക്കാരൻ തന്നെ പരിചയപ്പെടുത്തി.
"സാർ എന്റെ പേര് റെഡ് .താങ്കൾ ഈ പട്ടണത്തിൽ വരുന്നു എന്നറിഞ്ഞ് ഞാൻ കാണാൻ വന്നതാണ്. എന്റെ അനുഭവം നേരിൽ പങ്കു വെയ്ക്കട്ടെ.
ചില നാളുകൾക്ക് മുമ്പ് നിരാശനായി ജീവിതം അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. ലോക സുഖങ്ങളിൽ മുഴുകി ജീവിച്ച എനിക്ക് ഒരിടത്തും സമാധാനം ലഭിച്ചില്ല. വളരെ വേഗത്തിൽ എന്റെ കാറോടിച്ച് ഒരു വലിയ വളവിൽ നിൽക്കുന്ന വൻമരത്തിലിടിപ്പിച്ച് ആത്മഹത്യ ചെയ്യുവാൻ ഞാൻ പുറപ്പെട്ടു. റോക്ക് മ്യൂസിക് ഉച്ചത്തിൽ റേഡിയോയിൽ കേട്ടു കൊണ്ടായിരുന്നു ഞാൻ ഡ്രൈവിംഗ് തുടങ്ങിയത് .ചീറിപ്പാഞ്ഞ കാറിൽ റേഡിയോ ശരിയായി പ്രവർത്തിച്ചില്ല. ദേഷ്യത്തിൽ ഞാൻ റേഡിയോ 'കീ 'കളിൽ ശക്തിയായി മുഷ്ടി ചുരുട്ടി ഇടിച്ചു, കാർ എന്റെ ലക്ഷ്യത്തിലക്ക് അടുത്തു കൊണ്ടിരിക്കുന്നു. പെട്ടെന്ന് മറ്റേതോ റേഡിയോ സ്റ്റേഷനിൽ നിന്നുള്ള ഒരു സന്ദേശം എന്റെ കാറിനുള്ളിൽ മുഴങ്ങി .എന്റെ ഇടിയുടെ ആഘാതത്തിൽ റോക്ക് മ്യുസിക് സ്റ്റേഷൻ മാറിയതാണ് കാരണം. ഞാൻ കേട്ടത് സ്വർഗ്ഗത്തെക്കുറിച്ചുള്ള ഒരു പ്രസംഗം .എങ്ങനെ അവിടെ എത്താം, നിത്യജീവൻ പ്രാപിക്കാം, രക്ഷയുടെ വചനങ്ങൾ ....
ഡേവിഡ് താങ്കളുടെ Turning point റേഡിയോ സന്ദേശമായിരുന്നു അത്. ഞാൻ കാർ നിർത്തി കർത്താവായ യേശുവിനെ സ്വന്തം രക്ഷകനും കർത്താവുമായി അവിടെ വച്ച് സ്വീകരിച്ചു.
ഇന്ന് ഞാൻ ഒരു സീയോൻ യാത്രക്കാരനാണ് "
റെഡ് പറഞ്ഞു നിർത്തി, ഞങ്ങൾ സന്തോഷത്തോടെ ദൈവത്തെ മഹത്വപ്പെടുത്തി.

ദൈവം നിങ്ങളെ സ്നേഹിക്കുന്നു. യേശുക്രിസ്തുവിൽ വിശ്വസിക്കുക.

ദൈവസ്നേഹത്തെ പങ്കു വെക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ അതിൽ വർദ്ധിച്ചു വരുക.
ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ല.

ആകയാൽ എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ .1 കൊരിന്ത്യർ 15: 58

1 comment: