ഒരിക്കൽ ഒരു സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ ഒരു ബോട്ടിൽ കടൽ കാണാനായി പുറപ്പെട്ടു. പത്താം ക്ലാസ്സിലെ മുതിർന്ന കുട്ടികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യാത്ര തുടങ്ങിയപ്പോൾ സമയം 11 മണി.
പാട്ടുകൾ പാടി ആസ്വദിച്ചു കൊണ്ട് സമുദ്രത്തിന്റെ ഭംഗി അവർ കണ്ടു സന്തോഷിച്ചു .അവരുടെ ജീവിതത്തിലെ ആദ്യത്തെ അനുഭവം.
വെയിലിൽ ബോട്ട് യാത്ര തുടർന്നപ്പോൾ അവർക്ക് ശക്തമായ ദാഹം തോന്നി.
ഒരു കൊച്ചു കുട്ടി വിളിച്ചു പറഞ്ഞു "കുറച്ച് വെള്ളം കുടിക്കാൻ തരുമോ?"
മുതിർന്ന കുട്ടികൾ ഒന്നു ഞടുങ്ങി: "നമ്മൾ കുടിവെള്ളം എടുക്കാൻ മറന്നു പോയല്ലോ " അവർ തമ്മിൽ പറഞ്ഞു.
കൊച്ചു കുട്ടിക്കും അവന്റെ സമപ്രായക്കാരായ കൂട്ടുകാർക്കും കാര്യം മനസ്സിലായി ." ബോട്ടിൽ കുടിക്കാൻ വെള്ളമില്ല"
എല്ലാവരും മൂഡൗട്ട് ആയി ... കരയിലേക്ക് ഇനി കുറേ ദൂരമുണ്ട്....
ഉച്ച സൂര്യന്റെ ചൂട് പതിവിലും കൂടുതലായതു പോലെ ....
ഒരൈഡിയ ! കൊച്ചു കുട്ടി ചേട്ടൻമാരോട് പറഞ്ഞു...
"നാമെന്തു മണ്ടൻമാരാ... നാം വെള്ളത്തിലല്ലേ യാത്ര ചെയ്യുന്നത്...
ആ കുപ്പിയെടുത്ത് കടലിൽ നിന്ന് വെള്ളം നിറച്ചു തന്നാട്ടെ!"
സ്കൂൾ ലീഡർ അവനോട് സ്നേഹത്തോടെ പറഞ്ഞു "മോനെ കടൽവെള്ളം ഉപ്പു വെള്ളമാ... ഉപ്പു തിന്നുന്നവൻ പിന്നെയും വെള്ളം കുടിക്കുമെന്ന് പ്രായമുള്ളവർ പറയുന്നത് നീ കേട്ടിട്ടില്ലേ?"
"എനിക്കിപ്പം ഇതൊന്നും കേൾക്കേണ്ട. എനിക്ക് വെള്ളം വേഗം താ..."
നിർബ്ബന്ധം സഹിക്ക വയ്യാതെ ലീഡർ അവന് കുപ്പിയിൽ വെള്ളം കടലിൽ നിന്ന് നിറച്ച് കൊടുത്തു....
"വെരി വെരി താങ്ക്സ് ചേട്ടാ "... വെള്ളം കുടിച്ച് കൊണ്ട് അവൻ പറഞ്ഞു.
തൊട്ടടുത്തിരുന്ന കൂട്ടുകാർക്കും അവൻ വെളളം കൊടുത്തു...
കടലിലെ ഉപ്പുവെള്ളം താൽക്കാലിക ആശ്വാസത്തിന്നായി കുടിച്ച കുട്ടികളുടെ അവസ്ഥ വിവരിക്കേണ്ട ആവശ്യമില്ല ...
ആ കടലിലെ വെള്ളം മുഴുവൻ കുടിച്ചു തീർത്താലും അവരുടെ ദാഹം തീരില്ല .....
*******
യേശു അവളോട്: ഈ വെള്ളം കുടിക്കുന്നവന് എല്ലാം പിന്നെയും ദാഹിക്കും. ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കയില്ല
യോഹന്നാന്‍ 4: 13
2000 വർഷങ്ങൾക്ക് മുമ്പ് ശമര്യയിലെ കിണറ്റുകരയിൽ വച്ച് യേശു ശമര്യക്കാരിയോട് പറഞ്ഞ വചനങ്ങളാണ് ഇത്....
എത്രയോ വലിയ സത്യം!!
ആത്മീയമായി പറഞ്ഞാൽ ഈ ലോകം നൽകുന്ന വെള്ളം കുടിച്ചാൽ ദാഹം തീരില്ല... നമ്മുടെ അനുഭവങ്ങൾ നമുക്ക് ഒരു പാഠമാണ്.
എന്നാൽ യേശു നൽകുന്ന നിത്യജീവന്റെ ജലം കുടിക്കുന്ന വ്യക്തിക്ക് യഥാർത്ഥ തൃപ്തി വരും ...
അത് നമ്മുടെ ദാഹം ശമിപ്പിക്കും .മറ്റുള്ളവർക്ക് നാം ഒരു അനുഗ്രഹമായി മാറും.
യേശു അവരോട് പറഞ്ഞത്: ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവനു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരുനാളും ദാഹിക്കയുമില്ല.
യോഹന്നാന്‍ 6: 35
ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശു നിന്നുകൊണ്ട്: ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്ന് കുടിക്കട്ടെ.
എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും എന്നു വിളിച്ചുപറഞ്ഞു.
യോഹന്നാന്‍ 7 : 37, 38
വളരെ വർഷങ്ങൾക്ക് മുമ്പ് എഴുതപ്പെട്ട ഒരു ഗാനം ...(യോഹന്നാൻ 4 :4-26) ചിലർക്കെങ്കിലും പരിചിതമായിരിക്കും.
നട്ടുച്ച നേരത്ത്.. കിണറിന്‍റെ തീരത്ത്..വെള്ളത്തിനായി ഞാന്‍ കാത്തിരിപ്പു..
നാരി..ഒരു പാത്രം ദാഹ ജലം നീ എനിക്കു നല്‍കൂ...
ആയ്യയ്യോ..നീയൊരു യൂദന്‍ ഞാനിന്നൊരു സമറായത്തി..
ഞാന്‍ കോരിയ വെള്ളം തൊട്ടാല്‍ തീണ്ടലില്ലേ.. (2)
അറിയുന്നില്ലേതും നീ എന്നോടു നീ ചോദിച്ചാല്‍ ജീവന്‍റെ ജലം കോരി തരുമല്ലോ ഞാന്‍.. (2)
ജീവന്‍റെ ജലം കോരി തരുമല്ലോ ഞാന്‍..
കയറില്ല പാളയുമില്ല നീയെങ്ങനെ വെള്ളം കോരും..
ജീവന്‍റെ ജലം പിന്നെ എങ്ങനെ കിട്ടും.. (2)
ഞാന്‍ നല്‍കും നിത്യ ജലം നീ വിശ്വസമിയെന്നു കുടിച്ചാല്‍..
നാരി നിനക്കൊരു നാളും ദാഹിക്കില്ലാ.. (2)
ആ ദിവ്യ ജലം നാഥാ നല്‍കേണമെനിക്കൊരു പാത്രം..
വീണ്ടും ഞാന്‍ വെള്ളം കോരാന്‍ പോരേണ്ടല്ലോ.. (2)
മഹിളേ നീ വീട്ടില്‍ പോയ് നിന്‍ കണവനെയും കൊണ്ടു വരൂ..
അപ്പോള്‍ ഞാന്‍ കോരി വിളമ്പാം ജീവന്‍റെ ജലം..
മഹിളേ നീ വീട്ടില്‍ പോയ് നിന്‍ കണവനെയും കൊണ്ടു വരൂ..
അപ്പോള്‍ ഞാന്‍ കോരി വിളമ്പാം ജീവന്‍റെ ജലം.. (2)
ഗുരുവേ നീ കോപിക്കരുതെ..വീട്ടില്‍ ഞാന്‍ എന്തിനു പോകാം..
ഇല്ലില്ലാ സത്യമെനിക്ക് ഭര്‍ത്താവില്ലാ.. (2)
നീ ചൊന്നതു സത്യം തന്നെ..കണവന്മാര്‍ അഞ്ചുണ്ടായി..
ഇപ്പോഴുള്ളവനോ നിന്‍റെ ഭര്‍ത്താവല്ലാ.. (2)
നിന്ദിതം എന്‍ ജീവ ചരിത്രം നീയെങ്ങനെ സര്‍വ്വമറിഞ്ഞു..
ദൈവകരം തെളിവായ് നിന്നില്‍ കാണുന്നു ഞാന്‍.. (2)
മകളെ നീ ശങ്കിക്കേണ്ട ദൈവത്തിന്‍ പുത്രന്‍ തന്നെ..
നിന്‍ മുന്‍പില്‍ നില്‍ക്കുന്നു നീ അറിഞ്ഞുകൊള്‍ക..
മകളെ നീ ശങ്കിക്കേണ്ട ദൈവത്തിന്‍ പുത്രന്‍ തന്നെ..
നിന്‍ മുന്‍പില്‍ നില്‍ക്കുന്നു നീ അറിഞ്ഞുകൊള്‍ക.. (2)
നാഥാ നിന്‍ തിരുമൊഴി കേള്‍ക്കാന്‍ ഭാഗ്യമെനിക്കെങ്ങനെയുണ്ടായ്..
തൃപ്പാദം വിശ്വാസമൊടെ വണങ്ങിടുന്നേ... (2) (നട്ടുച്ച നേരത്ത്...)
https://youtu.be/uyCJoqLzjaE
No comments:
Post a Comment