Wednesday, September 9, 2020

ഇംഗ്ലണ്ടിലെ ഹാംഷേയറിലുള്ള വിൻചെസ്റ്റർ കത്തീഡ്രൽ വളരെ പ്രശസ്തമാണ്.

വളരെ വൈദഗ്ദ്ധ്യത്തോടെ പണിത കെട്ടിടം കാണാൻ ധാരാളം ആളുകൾ ഇന്നും അവിടെ പോകാറുണ്ട്.
പ്രധാന കവാടത്തിന്റെ മുകൾഭാഗത്തായി വളരെ വലിയ ഒരു ജനൽ കാണാം.(West window)
1642 ഡിസംബർ മാസം 12-ാം തീയതി രാജ്യം ഒരു യുദ്ധത്തിലൂടെ കടന്നു പോയ ദിവസം, ഒരു കൂട്ടം ശത്രു സൈനികർ കത്തീഡ്രലിൽ ഇരച്ചു കയറി. അകത്തു കയറിയ സൈനികർ ധാരാളം ഉപകരണങ്ങൾ തകർത്തു. വലിയ ജനൽ ലക്ഷ്യമാക്കി വളരെ നേരം അവർ വെടിയുതിർത്തു. പല നിറത്തിലുള്ള ജനൽ പാളികൾ പൊട്ടി ആയിരക്കണക്കിന് കഷണങ്ങളായി കത്തീഡ്രലിന്റെ തറയിൽ മുഴുവൻ ചിതറി വീണു. ശത്രു സൈന്യം വലിയ ശബ്ദം ഉണ്ടാക്കിക്കൊണ്ട് പട്ടണത്തിലൂടെ മാർച്ച് ചെയ്തു കടന്നു പോയി.

പട്ടണത്തിലെ ജനം കത്തീഡ്രലിൽ വന്നപ്പോൾ കണ്ട കാഴ്ച അവരുടെ ഹൃദയം തകർത്തു. വളരെ ദുഃഖത്തോടെ വെസ്റ്റ് വിൻഡോയുടെ പല നിറത്തിലുള്ള ചില്ല് കഷണങ്ങൾ ചില പെട്ടികളിലാക്കി.
ജനൽ പാളികൾ ഇല്ലാത്തതിനാൽ മഴ പെയ്താൽ വെള്ളം ഉള്ളിലേക്ക് വീഴും. വളരെ ശോചനീയമായ അവസ്ഥ.

നാളുകൾ കടന്നു പോയി.
ജനങ്ങൾ പൊട്ടിയ ജനലിന്റെ ചില്ലു കഷണങ്ങൾ ഒരു പ്രത്യേക രീതിയിൽ മൊസൈക്ക് പോലെ സൂക്ഷ്മതയോടെ ഒട്ടിച്ച് ജനൽ പാളികൾ റിപ്പയർ ചെയ്തു....
ഇപ്പോൾ ജനൽ വളരെ മനോഹരമായ ഒരു കലാരൂപമായി മാറി... സൂര്യൻ ഉദിച്ചുയരുമ്പോൾ കെട്ടിടത്തിനുള്ളിൽ വർണ്ണങ്ങളുടെ പെരുമഴ! അനേകം ഡിസൈനുകൾ ഫ്ലോറിൽ കാണാം.
സൂര്യന്റെ ദിശ മാറുമ്പോൾ കെട്ടിടത്തിലെ വർണ്ണങ്ങൾ മാറും...
കണ്ണഞ്ചിപ്പിക്കുന്ന പ്രകാശരശ്മികൾ കൊണ്ടുള്ള ഡിസൈനുകൾ!
ഇംഗ്ലണ്ടിലെ ഏറ്റവും ആകർഷകമായ കാഴ്ചകളിലൊന്നായി വെസ്റ്റ് വിൻഡോ മാറി.

ആയിരക്കണക്കിന് ചില്ല് കഷണങ്ങൾ... പല നിറത്തിലുള്ളത് പൊട്ടിച്ചിതറിക്കിടക്കുന്നു....
ചവറ്റു കുട്ടയിലേക്ക് വലിച്ചെറിയാൻ മാത്രമേ കഴിയൂ....
വാരിക്കൂട്ടി പെട്ടികളിൽ സൂക്ഷിച്ചപ്പോഴും പ്രതീക്ഷകളില്ല....

എന്നാൽ ആ ചില്ല് കഷണങ്ങളെ ക്രമപ്പെടുത്തി ഒട്ടിച്ച് ചേർത്തപ്പോൾ മനോഹര ഡിസൈനുകൾ വിരിയിക്കുന്ന മനുഷ്യ മനസ്സുകളെ ആനന്ദിപ്പിക്കുന്ന ഒരു കലാരൂപമായിത്തീർന്നു.

ഇതു വായിക്കുന്ന ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാവും...പ്രതീക്ഷകൾ തകർന്നു .... ചില്ല് കൊട്ടാരം തകർന്നു വീണതു പോലെ ...
നമ്മുടെ കർത്താവ് തകർന്നു കിടക്കുന്ന ജീവിതങ്ങളെ പണിയുന്നവനാണ്. അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുക .
ജീവിതത്തിൽ ഉദയസൂര്യനായ യേശുവിന്റെ കൃപാ കിരണങ്ങൾ കടന്നു വരും... നിങ്ങൾ മറ്റുള്ളവർക്ക് ഒരു അനുഗ്രഹമായി മാറും.

.....
പാഴായി പോയൊരു മൺ പാത്രം ഞാൻ ആത്മാവിനാൽ മെനെഞ്ഞീടണമേ
ആ കുശവൻ കയ്യിൽ ഏകുന്നിതാ
ഒരു മാന പാത്രമായ് മാറ്റീടണേ
ആരിലും ശ്രേഷ്ഠമായ് ആരിലും ശക്തമായ് (ആഴത്തിൽ എന്നോടൊന്നിടപെടണേ ആത്മാവിൽ എന്നോടൊന്നിടപെടണേ)

2 comments: