സങ്കീർത്തനങ്ങൾ പാടിയ ദൈവഭക്തൻമാർ തങ്ങളുടെ അവസ്ഥയെക്കുറിച്ച് സത്യസന്ധരായിരുന്നു.
ഉദാഹരണമായി 42,43 സങ്കീർത്തനങ്ങൾ വായിക്കുമ്പോൾ വലിയ കഷ്ടങ്ങളിൽ കൂടി കടന്നു പോയപ്പോൾ അവർ എങ്ങനെ അതിനെ അഭിമുഖീകരിച്ചു എന്ന് വ്യക്തമായി മനസ്സിലാക്കാം.
1) അവർ തങ്ങളോട് തന്നെ ദൈവത്തെക്കുറിച്ച് സംസാരിച്ചു...
'എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതെന്തു? ദൈവത്തിൽ പ്രത്യാശ വെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.'
സങ്കീർത്തനങ്ങൾ 42 :5
2) കഴിഞ്ഞ കാലങ്ങളിൽ ദൈവം നടത്തിയ വഴികൾ അവർ ഓർത്ത് ദൈവത്തെ സ്തുതിച്ചു.
ഉത്സവം ആചരിക്കുന്ന പുരുഷാരത്തിന്റെ സന്തോഷവും സ്തോത്രവുമായ സ്വരത്തോടുകൂടെ സമൂഹമദ്ധ്യേ ഞാൻ ദൈവാലയത്തിലേക്കു ചെന്നതു ഓർത്തു എന്റെ ഉള്ളം എന്നിൽ പകരുന്നു. യഹോവ പകൽനേരത്തു തന്റെ ദയ കല്പിക്കും; രാത്രിസമയത്തു ഞാൻ അവന്നു പാട്ടു പാടിക്കൊണ്ടിരിക്കും; എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാർത്ഥന തന്നേ.
സങ്കീർത്തനങ്ങൾ 42: 4, 8
3) ദൈവത്തോട് അവർ തങ്ങളുടെ ഹൃദയത്തിലെ ആകുലങ്ങളും, ആഗ്രഹങ്ങളും ചിന്തകളും ദുഃഖങ്ങളും എല്ലാം തുറന്നു പറഞ്ഞു .
മാൻ നീർത്തോടുകളിലേക്കു ചെല്ലുവാൻ കാംക്ഷിക്കുന്നതുപോലെ ദൈവമേ, എന്റെ ആത്മാവു നിന്നോടു ചേരുവാൻ കാംക്ഷിക്കുന്നു. . നീ എന്നെ മറന്നതു എന്തു? ശത്രുവിന്റെ ഉപദ്രവംഹേതുവായി ഞാൻ ദുഃഖിച്ചുനടക്കേണ്ടിവന്നതുമെന്തു? എന്നു ഞാൻ എന്റെ പാറയായ ദൈവത്തോടു പറയും. സങ്കീർത്തനങ്ങൾ 42: 1, 9
4) ദൈവസാന്നിധ്യം മാത്രം കഷ്ടങ്ങളുടെ മദ്ധ്യത്തിലും ആഗ്രഹിച്ചു..... പ്രാർത്ഥിച്ചു.
'നിന്റെ പ്രകാശവും സത്യവും അയച്ചുതരേണമേ; അവ എന്നെ നടത്തുമാറാകട്ടെ; നിന്റെ വിശുദ്ധപർവ്വതത്തിലേക്കും തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കുമാറാകട്ടെ. ഞാൻ ദൈവത്തിന്റെ പീഠത്തിങ്കലേക്കു, എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്കു ചെല്ലും; ദൈവമേ, എന്റെ ദൈവമേ, കിന്നരംകൊണ്ടു ഞാൻ നിന്നെ സ്തുതിക്കും.
സങ്കീർത്തനങ്ങൾ 43 :3-4
ഇതു വായിക്കുന്ന നിങ്ങളുടെ ഹൃദയം ദൈവം മാത്രം പൂർണ്ണമായി അറിയുന്നു...
എന്റെ ആത്മാവേ നീ വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്തിന്?
ദൈവത്തിൽ പ്രത്യാശ വെക്കുക....
എന്റെ പരമാനന്ദമായ ദൈവമേ ഞാൻ അങ്ങയിൽ ആനന്ദിക്കുന്നു.
*
മാൻ നീർത്തോടിനായ് ദാഹിച്ചു
കാംഷിക്കും പോലവെ
എൻ ആത്മാവിൻ ദാഹവും
നിനക്കായ് എൻ ദൈവമേ
ആശ്രയം നീ ശൈലവും നീ
കോട്ടയും നീ എന്നും കാക്കും
ജീവിക്കും ദൈവത്തിനായ്
ദാഹിക്കുമെൻ മനമേ
ദേവാ-നിൻ സന്നിധിയിൽ നിന്നിടാൻ
ആത്മാവു വാഞ്ഛിക്കുന്നു
ആത്മാവെ ഉള്ളമതിൽ
ഖേദത്താൽ ഞരങ്ങുന്നുവോ
അവൻ നിന്റെ രക്ഷയുമേ
നിന്നുടെ മുഖ പ്രകാശവുമേ
ഹെർമ്മോൻ മലകളിലും
യോർദ്ദാൻ തലങ്ങളിലും
എല്ലായിടങ്ങളിലും നിന്നെ
നിരന്തരം സ്തുതിച്ചിടുമേ
No comments:
Post a Comment