Tuesday, December 17, 2013

നിന്റെ തൈലം സൌരഭ്യമായത് .നിന്റെ നാമം പകർന്ന തൈലം പോലെ ഇരിക്കുന്നു .ഉത്തമഗീതം 1 :3


 എബ്രായ  ഭാഷയിൽ  നാമം  ഒരു  വ്യക്തിയെ  കുറിക്കുന്നു.ഉത്തമഗീതത്തിലെ
മണവാളനായ യേശുവിനെയാണ്  ഇവിടെ  പ്രകീർത്തിക്കുന്നത്.

കർത്താവായ യേശുവിന്റെ  നാമം  പകരപ്പെട്ട  എണ്ണ  പോലെയാണ് .
(ointment,oil poured forth)
നമ്മുടെ  ജീവിതത്തെ  പ്രകാശിപ്പിക്കുവാൻ  യേശുവിനു  മാത്രമേ  കഴിയൂ .
അന്ധകാരത്തിൽ ഇരിക്കുന്നവർക്ക്  വെളിച്ചമാണ്  ക്രിസ്തു.

യേശുവിന്റെ  നാമം  ഏറ്റവും  നല്ല  ഔഷധമാണ് .പാപത്തെ
പരിപൂർണമായി  നീക്കുവാൻ  അവനു' ശക്തിയുണ്ട്.എല്ലാ
രോഗങ്ങൾക്കും  മതിയായ  ഔഷധം  യേശുവിന്റെ  നാമം  മാത്രം.

യേശുവിന്റെ  നാമം  പകർന്ന  പരിമള തൈലമാണ് .ദുർഗന്ധം
വമിച്ച  നമ്മുടെ  ജീവിതങ്ങളെ  'സൌരഭ്യവാസനയായി ' മാറ്റുവാൻ
കർത്താവായ  യേശുക്രിസ്തുവിനു  മാത്രമേ കഴിയുകയുള്ളൂ.

"യേശു" എന്ന  നാമം  പ്രകാശമാണ്,ഔഷധമാണ്,പരിമളതൈലമാണ് .......
അവിടുത്തെ  നാമം  നമ്മുടെ  നാവിനു  തേൻ  പോലെയാണ് ,മനസ്സിന്  കുളിർമയും
ഹൃദയത്തിനു  സംഗീതവും ......

പ്രാർത്ഥന :
കർത്താവായ  യേശുവേ  ഞാൻ  നിന്നെ  സ്തുതിക്കുന്നു.
ഞാൻ  നിന്നെ  സ്നേഹിക്കുന്നു.ഈ  നാമത്തെ  ഒരായിരം
പ്രാവശ്യം  മഹത്വപ്പെടുത്തുവാൻ   ഇന്നേ ദിവസം  എന്നെ
സഹായിക്കണമേ .ആമേൻ 

Thursday, December 5, 2013

ലെബാനോനിൽ നിന്ന് ഒഴുകുന്ന ഒഴുക്കുകളും തന്നെ.ഉത്തമഗീതം 4 :15

മനോഹരമായ  ഒരു  ഗ്രാമം ഒരു  താഴ്വരയിൽ  സ്ഥിതി  ചെയ്തിരുന്നു.അടുത്തുള്ള
 മലയുടെ മുകളിലുള്ള തടാകത്തിൽ  നിന്ന്  ഒരു  പൈപ്പ്  മുഖേന  ഗ്രാമത്തിലുള്ളവർക്ക്
 ധാരാളം  വെള്ളം ലഭിച്ചിരുന്നു.ഒരു  പ്രഭാതത്തിൽ  ടാപ്പുകൾ  തുറന്നപ്പോൾ
 തുള്ളി  വെള്ളം  പോലും കിട്ടിയില്ല.ചിലർ  ആ  മലമുകളിൽ  കയറി.
തടാകം  നിറഞ്ഞു  കിടക്കുന്നു .
ഒരാൾ  പറഞ്ഞു" നമുക്ക്  ആ  പൈപ്പ്  ഒന്ന്  നന്നായി  പരിശോധിക്കാം "
അവർ  ആ  സപ്പ്ളെ  പൈപ്പിൽ  ഒരു  വസ്തു  തടഞ്ഞിരുന്ന്തായി  കണ്ടെത്തി .
അത്  നീക്കം  ചെയ്തപ്പോൾ  എല്ലാ  ഭവനത്തിലും  മുൻപ്  ലഭിച്ചിരുന്നത്
പോലെ  വെള്ളം  കിട്ടി.
'ദൈവത്തിന്റെ  നദിയിൽ  വെള്ളം  നിറഞ്ഞിരിക്കുന്നു '
നാം  വരണ്ട  അവസ്ഥയിൽ  ഇരിക്കുന്നതിന്റെ  ഒരു  കാരണം  ജീവ ജല
നദിയുടെ  ഒഴുക്ക്  തടയുന്ന എന്തെങ്കിലും  നമ്മുടെ  ഹൃദയത്തിൽ  ഉണ്ടായിരിക്കാം.
അതിനെ  നീക്കിക്കളയാം.നാമും ,നമ്മിലൂടെ  അനേകരും ജീവന്റെ  സമൃദ്ധി
അനുഭവിക്കട്ടെ.

പ്രാർത്ഥന;
ജീവനും  സമൃദ്ധിയായ  ജീവനും ഞങ്ങൾക്ക്   വാഗ്ദാനം  ചെയ്ത  കർത്താവായ
 യേശുവേ എന്നെ  ശുദ്ധീകരിക്കേണമേ .ആമേൻ 

Thursday, November 28, 2013

ഇവനത്രേ എന്റെ സ്നേഹിതൻ.ഉത്തമഗീതം 5 :16


*കപ്പലപകടത്തിൽ  പെട്ട്  മനുഷ്യവാസമില്ലാത്ത  ദ്വീപിൽ  ഒരുവൻ
എത്തിച്ചേർന്നു .കപ്പലിൽ  നിന്നുള്ള  ചുരുക്കം  ചില  സാധനങ്ങൾ  കൊണ്ട്
ഒരു  കുടിൽ  കെട്ടി  അവൻ  താമസിച്ചു ."എന്നെ  ഇവിടെ  നിന്നും  രക്ഷിക്കേണമേ "
എന്ന്  ദിവസവും  അവൻ  പ്രാർത്ഥിച്ചു.ഏതെങ്കിലും  കപ്പൽ  പോകുന്നുണ്ടോ
എന്ന്  കടൽപ്പരപ്പിൽ  അവൻ  നോക്കികൊണ്ടിരുന്നു .
ഒരു  ദിവസം  ആഹാരത്തിനായി  അന്വേഷിച്ചു  പോയി  വന്നപ്പോൾ കണ്ട
കാഴ്ച  അവനെ തളർത്തിക്കളഞ്ഞു .കുടിലും സാധനങ്ങളും  മുഴുവൻ
കത്തി നശിച്ചിരിക്കുന്നു. എല്ലാം  നഷ്ടമായി  എന്ന്  അവനു  തോന്നി .

അന്ന്  തന്നെ  ഒരു  കപ്പൽ  ആ  ദ്വീപിൽ  എത്തി .കപ്പിത്താൻ  അവനോടു  പറഞ്ഞു .
"നീ  തീ  കത്തിച്ചു  കാണിച്ച  അടയാളം  ഞങ്ങൾ  കണ്ടു ".അങ്ങനെ  അവൻ
  ആ  ദ്വീപിൽ നിന്ന്  രക്ഷപ്പെട്ടു.

കർത്താവ്  നമ്മെ  സ്നേഹിക്കുന്നു .പ്രാർത്ഥനയ്ക്ക്  മറുപടി  നൽകുന്നു.ദൈവത്തിന്റെ
വഴികൾ അഗോചരം .യേശുവിനെ  സ്നേഹിക്കുന്നവർക്ക്‌  അവിടുന്ന്  സകലവും
നന്മക്കായി  പരിണമിപ്പിക്കുന്നു.കഷ്ടങ്ങളിൽ  പതറാതെ  യേശുവിൽ  ആശ്രയിക്കുക.
നാം  അവനു  പ്രിയരാണ്.

പ്രാർത്ഥന :
കർത്താവായ  യേശുവേ  എന്റെ  ജീവിതത്തിലെ  നഷ്ടങ്ങളെ  ഓർത്തു
ഞാൻ  നിന്നെ  സ്തുതിക്കുന്നു .എന്റെ  പ്രാർത്ഥനകൾക്ക്  അവിടുത്തെ
ഇഷ്ട പ്രകാരം  മറുപടി  നൽകിയതിനായി  സ്തോത്രം .ഞാൻ
നിന്നിൽ  വിശ്രമിക്കട്ടെ .ആമേൻ


സമാഹൃതം
*ദൈനം ദിന  ധ്യാനങ്ങൾ
റിച്ചാർഡ്‌ വുംബ്രാണ്ട്

Tuesday, November 26, 2013

അതിന്റെ നിഴലിൽ ഞാൻ അതിമോദത്തോടെ ഇരുന്നു .ഉത്തമഗീതം 2 :3

അതിന്റെ  നിഴലിൽ  ഞാൻ  അതിമോദത്തോടെ  ഇരുന്നു .ഉത്തമഗീതം  2 :3

 ഇരുട്ടത്ത്  നദി തീരത്ത്  കൂടി  നടന്ന  ഒരു  മനുഷ്യനെ പറ്റി  ഒരു  കഥയുണ്ട് .
നടക്കുമ്പോൾ  അവന്റെ  കാലുകൾ  ഒരു  സഞ്ചിയിൽ  തട്ടി .തുറന്നപ്പോൾ
അവൻ അത്  നിറയെ  കല്ലുകൾ  ഉള്ളതായി  കണ്ടു.ഒരു  രസത്തിനു  അവൻ
വീട്ടിലേക്ക്  നടക്കുന്നതിനിടയിൽ കല്ലുകൾ  ആറ്റിലേക്ക്  ഓരോന്നായി
 എറിഞ്ഞു  കൊണ്ടിരുന്നു.വെള്ളത്തിൽ  കല്ല്‌  വീഴുമ്പോൾ  ഉള്ള  "ഗ്ളും"
 എന്ന  ശബ്ദം കേട്ട്  അവൻ രസിച്ചു .വീട്ടിൽ  എത്തിയപ്പോൾ  രണ്ടു  കല്ലുകൾ
  മാത്രമേ  ശേഷിച്ചിരുന്നുള്ളു.
അവ  രണ്ടും  രത്നങ്ങളായിരുന്നു . ..

കർത്താവു  നമുക്ക്  നല്കിയ  വിലയേറിയ  ദാനമാണ്  സമയം.ഈ മനുഷ്യനെ  പോലെ
നാമും സമയത്തെ  പാഴാക്കാറുണ്ടോ ?
കർത്താവിനൊപ്പം  നാം  ചിലവഴിക്കുന്ന  സമയം  നമ്മുടെ  ജീവിതത്തിൽ  വിലയേറിയതാണ്.
തന്റെ  പാദപീ0ത്തിലിരുന്ന മറിയയെ  നോക്കി  കർത്താവ്  പറഞ്ഞു .ഇവൾ നല്ല
അംശം  തിരഞ്ഞെടുത്തിരിക്കുന്നു.അത്  ആരും  അവളോട്‌  അപഹരിക്കയുമില്ല .
കർത്താവായ  യേശുക്രിസ്തുവിന്റെ സ്നേഹത്തിൽ  വിശ്രമിക്കുക .ദൈവത്തിന്റെ
സ്നേഹത്തെക്കാൾ  വലിയ  സ്നേഹമില്ല .യേശു  നമ്മെ  അവസാനത്തോളം
സ്നേഹിക്കുന്നവനാണ് .നമ്മെ  സൂക്ഷിപ്പാൻ  കർത്താവ്  മതിയായവൻ  എന്ന
സത്യത്തിൽ വിശ്രമിക്കുക.
 പ്രാർത്ഥന
കർത്താവായ യേശുവേ  നിന്റെ  പാദത്തിങ്കൽ  ഇരിപ്പാൻ  ഞാൻ  എന്നെ
സമർപ്പിക്കുന്നു .എന്നോട്  സംസാരിക്കേണമേ .ആമേൻ




Monday, November 25, 2013

അവന്റെ ആഗ്രഹം എന്നോടാകുന്നു .ഉത്തമഗീതം 7 :11

അവന്റെ ആഗ്രഹം  എന്നോടാകുന്നു .ഉത്തമഗീതം  7 :11

പിതാവായ  ദൈവം  ലോകസ്ഥാപനത്തിന്  മുൻപ്  എന്താണ്  ചെയ്തിരുന്നത് ?
 അവിടുന്ന്   ലോകസ്ഥാപനത്തിന്  മുൻപ്  തന്റെ  പുത്രനായ  യേശുവിനെ
സ്നേഹിച്ചിരുന്നു (യോഹ 17:24)യേശുവിനെ  സ്നേഹിക്കുന്നത്  പൂർണ്ണ
സമയവും  ആവശ്യമായ  പ്രവർത്തിയാണ് .ഈ  പ്രവർത്തി  ദൈവത്തിന്റെ
അനന്തതയെ  മുഴുവൻ  നിറയ്ക്കുവാൻ  പര്യാപ്തമാണ് .

നമുക്കെല്ലാവർക്കും  പൂർണ്ണസമയം  ചെയ്യുവാൻ  ഒരു  പ്രവർത്തിയുണ്ട് .
നമ്മുടെ  ദൈവമായ  കർത്താവിനെ പൂർണ്ണ ഹൃദയത്തോടും  പൂർണ്ണ ആത്മാവോടും
പൂർണ്ണ മനസ്സോടും  പൂർണ്ണ ശക്തിയോടും  കൂടെ  സ്നേഹിക്കുക.
ശുലെംകാരി  തന്റെ  മണവാളനെ  പള്ളിയറയിലും ,ഭക്ഷണത്തിനിരിക്കുംപോഴും ,
വീഞ്ഞുവീട്ടിലും ,വെളിമ്പ്രദേശത്തും ,പുല്പുറങ്ങളിലും ...എല്ലായിടത്തും  ആത്മാർഥമായി
സ്നേഹിച്ചു .
     കർത്താവ്  നമ്മെ  വിളിക്കുന്നു ..എന്റെ  പ്രിയേ നീ  എഴുന്നേൽക്കുക ;
തണുപ്പിന്റെ  കാലം  കഴിഞ്ഞു ; മഴ  മാറിപ്പോയി .പുഷ്പങ്ങൾ  ഭൂമിയിൽ
 കാണായ്  വരുന്നു.പരിശുദ്ധാത്മാവിന്റെ  ഇമ്പ സ്വരം  നമ്മുടെ
നാട്ടിൽ  കേൾക്കുന്നു "വരിക".....
ആമേൻ   കർത്താവായ  യേശുവേ വേഗം  വരേണമേ .....

Sunday, November 10, 2013

നിന്നെ സ്നേഹിക്കുന്നത് ഉചിതം തന്നേ .ഉത്തമഗീതം 1:4

നിന്നെ  സ്നേഹിക്കുന്നത്  ഉചിതം  തന്നേ .ഉത്തമഗീതം  1:4

 'എൻ യേശുവേ  ഞാൻ  നിന്നെ  സ്നേഹിക്കുന്നു ' (my Jesus i love Thee)
എന്ന  ഗാനം  എഴുതിയ  വില്യം  രാൽഫു് ഫെതെര്സണ്‍ കാനഡയിൽ
 മെതഡിസ്റ്റ്  സഭയിലെ അംഗമായിരുന്നു.തന്റെ  ഇരുപത്തിയേഴാം
ജന്മദിനത്തിന്റെ  തൊട്ടു മുൻപ്  താൻ  പ്രിയം വച്ച  കർത്താവിന്റെ
 അടുക്കലേക്കു  പോയ അദ്ദേഹം  എഴുതിയ  ഏക  ഗാനമാണിത്.

കർത്താവിനെ  വളരെയധികം  സ്നേഹിച്ച  വില്യം  തനിക്കു
  16  വയസുള്ളപ്പോൾ  ഈ  സ്നേഹഗാനം  രചിച്ചു .കഴിഞ്ഞ  130
  വർഷങ്ങൾ  അനേകായിരങ്ങൾ  ഈ ഗാനം  പാടി.കർത്താവിനെ
 സ്നേഹിക്കുന്നതാണ്  ഏറ്റവും  ഉചിതമെന്ന്  പറഞ്ഞ ഉത്തമഗീതത്തിലെ  ശുലെമ്കാരിയെപ്പോലെ  താൻ  യേശുവിനെ  ആഴമായി  സ്നേഹിച്ചു .
ആ  സ്നേഹബന്ധത്തിൽ  നിന്നാണ്  ഈ  പാട്ട്  എഴുതിയത്.
പിന്നീട്  ഒരു  ബന്ധു മുഖാന്തരം ഗോർഡനു  ലഭിച്ച  ഈ  ഗാനത്തിനു
അദ്ദേഹം  ഈണം  നൽകി.

ഈ  ഗാനം  ഹൃദയത്തിൽ  നിന്ന്  നമുക്ക്  പാടാം .അനേകരുടെ  സ്നേഹം
 തണുത്തു  പോകുന്ന ഈ  കാലത്ത്  ദൈവം  നമ്മുടെ  ഹൃദയത്തെ
 ഈ  ഗാനത്തിലൂടെ ഉണർത്തട്ടെ.

യേശുവിനായി ,അവനെ  സ്നേഹിച്ചു  കൊണ്ട്  നിറയുന്ന  കണ്ണുകളോടെ പാടുക......

My Jesus,i love Thee,i know Thou art mine;
For Thee all the follies of sin i resign
My gracious redeemer,my Saviour art Thou;
if ever  i loved Thee,my Jesus 'tis now.

i love thee, because Thou first has loved me;
And purchased my pardon on Calvary's tree
i love Thee,for wearing the thorns on Thy brow
if ever i loved Thee,my Jesus 'tis now.

i love Thee in life,i will love Thee in death,
And praise thee as long as Thou lendest me breath;
And say when the death dew lies cold on my brow
if ever i loved Thee,my Jesus 'tis now.

In mansions of glory and endless delight
I'll ever adore Thee in heaven so bright;
I'll sing with the glittering crown on my brow
if ever i loved Thee,my Jesus 'tis now.











Monday, November 4, 2013

ശീതകാലം കഴിഞ്ഞു ;മഴയും മാറിപ്പൊയല്ലൊ. പുഷ്പങ്ങൾ ഭൂമിയിൽ കാണായ് വരുന്നു .ഉത്തമഗീതം 2 :11,12



 പ്രശസ്ത  എഴുത്തുകാരനായ  സെൽവിൻ  ഹ്യുഗ് സ്  താൻ  കടന്നു പോയ  മരുഭൂമി  അനുഭവത്തെ  ഇപ്രകാരം  വിവരിക്കുന്നു.
"ടെല ഫോണ്‍  എക്സെഞ്ചിൽ  രണ്ടു  മാസം  ജോലി  ചെയ്ത സമയത്ത്  ദൈവത്തിൽ
 നിന്ന്  വ്യക്തമായ നടത്തിപ്പ്  ഇല്ലാത്ത  ഒരു  അവസ്ഥയിലുടെ  ഞാൻ  കടന്നു
 പോയി.ഞാൻ  അനേക  തവണ  എന്നോട് ചോദിച്ചു 'ഞാൻ  ദൈവഹിതത്തിൽ
  തന്നെയാണോ   മുൻപോട്ടു പോകുന്നത്?'പ്രാർത്ഥനയോടും  ദൈവ  വചനത്തോടും
  ഉള്ള  വിശപ്പ്‌  നഷ്ടമായി . എന്റെ  ആത്മാവിലെ  തീ കുറയുന്നതായി  എനിക്ക്  തോന്നി .
ഒരിക്കൽ  മത്തായി  എഴുതിയ  സുവിശേഷത്തിലെ  യേശുവിന്റെ  മരുഭൂമി
അനുഭവം  വായിച്ചപ്പോൾ എന്റെ  ജീവിതത്തിൽ  ദൈവത്താൽ  ഒരുക്കപ്പെട്ട
 ഒരു  അവസ്ഥയിലുടെ പോകുന്നതായി  ഞാൻ ചിന്തിച്ചു  .ഒരു  കാര്യം എനിക്ക്  വ്യക്തമായി "ഭാവിയിൽ  ദൈവേഷ്ടം ചെയ്യാനായി  കർത്താവ്‌  എന്നെ  പണിയുകയാണ്.
ഈ  അവസ്ഥയിലുടെ  കടന്നു  പോയ അനേക  ദൈവഭക്തന്മാരുടെ
 ജീവചരിത്രങ്ങൾ  ഞാൻ  വായിച്ചു.കർത്താവിന്റെ  പദ്ധതികൾ പൂർണ്ണമായി  എന്റെ  ജീവിതത്തിൽ  നിറവേറ്റാനായി  അവിടുന്ന്  എന്നെ  ചെത്തി ഒരുക്കുകയാണ്
എന്ന്  എനിക്ക്  മനസ്സിലായി .വരണ്ട  അവസ്ഥയിലുടെ  കടന്നു പോയ
ആ  ഒരു  വർഷം  ബൈബിൾ കോളേജൊ  ശുശ്രുഷ  ജീവിതമോ  എന്നെ
 പഠിപ്പിക്കാത്ത  ഒരു  സത്യം  ഞാൻ  പഠിച്ചു." ഈ  ലോകത്തിൽ ശാശ്വതമായി
  ഒന്നുമില്ല ".എന്റെ  ബുദ്ധിക്കതീതമായ  വഴികളിലുടെ  ദൈവാത്മാവ്
 എന്നെ  നടത്തുമ്പോൾ  യേശുവിൽ  പൂർണ്ണമായി   വിശ്വസിക്കയാണ്
വേണ്ടത്  എന്ന്  ഞാൻ  ഗ്രഹിച്ചു .

1962-ലെ  ഒരു  ദിവസം  ഞാൻ  വ്യക്തമായി  ഓർക്കുന്നു.ഞാൻ  ബൈബിൾ
  തുറന്നപ്പോൾ ഉത്തമഗീതം  2:12,13ഉം  വാക്യങ്ങളിലുടെ  എന്നെ   ദൈവം  ഉണർത്തി.
"  പുഷ്പങ്ങൾ  ഭൂമിയിൽ  കാണായ്  വരുന്നു;കിളികളുടെ  പാട്ട് കാലം  വന്നിരിക്കുന്നു .
കുറുപ്രാവിന്റെ  ശബ്ദവും  നമ്മുടെ  നാട്ടിൽ  കേൾക്കുന്നു അത്തിക്കായ്കൾ  പഴുക്കുന്നു .
മുന്തിരി വള്ളി  പൂത്തു  സുഗന്ദം   വീശുന്നു.എന്റെ  പ്രിയേ  എഴുന്നേൽക്ക ..."

 ഉടനെ  എന്റെ  ആത്മാവ്  ഉണർത്തപ്പെട്ടു .ആത്മസന്തോഷത്താൽ
 ഞാൻ  നിറയപ്പെട്ടു .നഷ്ടമായി  എന്ന്  ഞാൻ  വിചാരിച്ചതു  എല്ലാം
 ആ  നിമിഷം  എനിക്ക്  തിരികെ  ലഭിച്ചു .ദൈവത്തിനു  ഞാൻ
 നന്ദി  പറഞ്ഞു .എന്നെ  പഠിപ്പിച്ച  ആത്മീയ  പാഠങ്ങൾക്കായി ""

അതുകൊണ്ട്  ഞാൻ  അവളെ  വശീകരിച്ചു  മരുഭൂമിയിൽ  കൊണ്ടു ചെന്ന്  അവളോട്‌
ഹൃദ്യമായി  സംസാരിക്കും --ഹോശേയ 2:14

പ്രാർത്ഥന:
കർത്താവായ  യേശുവേ  മരുഭൂമി  അനുഭവങ്ങളിലുടെ  ഞാൻ  കടന്നു  പോകുമ്പോൾ
നിന്നിൽ  വിശ്രമിപ്പാനും  ആശ്രയിപ്പാനും  എന്നെ  പഠിപ്പിക്കേണമേ .ആമേൻ
audio sermon : https://soundcloud.com/binoyvarghese/arise-song-of-songs

Tuesday, October 29, 2013

അവന്റെ രൂപം ലെബാനോനെപ്പോലെ ,ദേവദാരു പോലെ തന്നേ ഉൽകൃഷ്ടമാകുന്നു. ഉത്തമഗീതം 5:15


അവന്റെ  രൂപം  ലെബാനോനെപ്പോലെ  ,ദേവദാരു  പോലെ
 തന്നേ  ഉൽകൃഷ്ടമാകുന്നു.ഉത്തമഗീതം  5:15

ഒരിക്കൽ  ഒരു  ചിത്രകാരൻ  താൻ  പുതുതായി  വരച്ച  ചിത്രം  കാണാൻ  തന്റെ
സുഹൃത്തിനെ  ഭവനത്തിലേക്ക്‌  ക്ഷണിച്ചു.കൃത്യ സമയത്ത്  തന്നെ  എത്തിച്ചേർന്ന
കൂട്ടുകാരനെ  ചിത്രകാരൻ ആദ്യം തന്റെ  വീട്ടിലെ ഇരുട്ടുള്ള  ഒരു  മുറിയിൽ  കുറെ
 സമയം ഇരുത്തിയതിനു  ശേഷം  ചിത്രം  കാണാൻ  തന്റെ ഭവനത്തിലെ
  സ്റ്റുഡിയോയിൽ കൊണ്ട്  വന്നു.
."ചിത്രം  വളരെ  നന്നായിരിക്കുന്നു " കൂട്ടുകാരൻ  അഭിപ്രായപ്പെട്ടു.

ചിത്രം  കാണുന്നതിനു  മുൻപ്  പതിനഞ്ചു മിനിട്ട്  വെളിച്ചമില്ലാത്ത  മുറിയിൽ
ഇരുത്തിയതിന്റെ  കാരണം  ചിത്രകാരൻ  വിവരിച്ചു.
"നല്ല  സൂര്യ പ്രകാശത്തിൽ  കടന്നു  വന്ന  നിങ്ങൾക്ക്  ഒരിക്കലും
 എന്റെ  ചിത്രം പൂർണ്ണമായി  ആസ്വദിക്കാൻ  കഴിയില്ല .ആ  പ്രകാശ
 വലയത്തിൽ  നിന്ന്  നിങ്ങളുടെ  കണ്ണുകൾക്ക്‌  ഒരു  വിശ്രമം  ലഭിച്ചാൽ  മാത്രമേ  എന്റെ  ചിത്രത്തിന്റെ  സൌന്ദര്യം നിങ്ങൾക്ക്  പൂർണ്ണമായി   ആസ്വദിക്കാൻ  കഴിയൂ "

ലോക വെളിച്ചത്തിൽ  ജീവിക്കുന്ന  നമുക്കും  ആത്മാവിൽ  കർത്താവായ
 യേശുവിന്റെ ദിവ്യ സൌന്ദര്യത്തെ  ദർശിക്കണമെങ്കിൽ  അവിടുത്തെ
 സന്നിധിയിൽ  നാമും ശാന്തമായി  ഇരുന്നാൽ  മാത്രമേ  സാധ്യമാവുകയുള്ളു .
"മിണ്ടാതിരുന്നു  ഞാൻ  നിന്റെ  ദൈവമെന്നറിഞ്ഞു  കൊൾവിൻ  എന്ന്
ദൈവവചനം പറയുന്നു .അപ്പോൾ  മാത്രമേ  "യേശുവേ  നിന്റെ  രൂപമീ
  എന്റെ  കണ്ണുകൾക്കെത്ര സൌന്ദര്യം "എന്ന്  ഹൃദയത്തിൽ  നിന്ന്
പാടാൻ  നമുക്ക്  കഴിയുകയുള്ളൂ .

പ്രാർത്ഥന:
കർത്താവായ  യേശുവേ  എന്റെ  ഹൃദയദൃഷ്ടിയെ  പ്രകാശിപ്പിക്കേണമേ .
ഞാൻ  അങ്ങയുടെ  ദിവ്യ സൌന്ദര്യത്തെ  ദർശി ക്കട്ടെ.ആമേൻ .  
            

Sunday, October 27, 2013

എന്റെ പ്രിയൻ എനിക്കുള്ളവൻ ..ഉത്തമഗീതം 2 :16


എന്റെ  പ്രിയൻ എനിക്കുള്ളവൻ ..ഉത്തമഗീതം  2 :16

ന്യൂയോർക്കിലെ  പുട്നാം  പ്രവിശ്യയിൽ  ജനിച്ച  ഫാനി  ക്രോസ്ബിക്ക് കേവലം
 ആറാഴ്ച  മാത്രം പ്രായമുള്ളപ്പോൾ  തന്റെ  കാഴ്ച ശക്തി  പൂർണ്ണമായും  നഷ്ടപ്പെട്ടു.
പില്ക്കാലത്ത്  8000 ത്തോളം അനുഗ്രഹീത  ഗാനങ്ങൾ എഴുതിയ  ഫാനിയോട്
 ഒരിക്കൽ  ഒരു  പ്രസംഗകൻ  സഹതാപത്തോടെ ചോദിച്ചു "ഇത്രയും  താലന്തുകൾ  നല്കിയ  ദൈവം  എന്തു  കൊണ്ട്  നിങ്ങൾക്ക്   കാഴ്ച  ശക്തി മാത്രം  നല്കിയില്ല ? "
ഫാനി  ഇപ്രകാരം  മറുപടി  പറഞ്ഞു."എന്റെ  ജനനസമയം  ദൈവത്തോട്
 ഒരു  കാര്യം  എനിക്ക് അപേക്ഷിക്കാമായിരുന്നു  എങ്കിൽ  ഞാൻ  അന്ധത
 കർത്താവിനോട്  ചോദിക്കുമായിരുന്നു "
പ്രസംഗകൻ  ആശ്ചര്യത്തോടെ  ആരാഞ്ഞു "എന്ത് കൊണ്ട്"?

"ഞാൻ  സ്വർഗത്തിൽ  ചെല്ലുമ്പോൾ  എന്റെ  കണ്ണ്  കൊണ്ട്  ഞാൻ
 ആദ്യം  കണ്ടു  സന്തോഷിക്കുന്ന മുഖം എന്റെ  കർത്താവായ യേശുവിന്റെതായിരിക്കും "

സങ്കീർത്തനത്തിൽ  ദാവീദ്  ഇപ്രകാരം  പാടി ;'ഞാനോ  നീതിയിൽ
 നിന്റെ  മുഖത്തെ  കാണും ;ഞാൻ  ഉണരുമ്പോൾ  നിന്റെ  രൂപം  കണ്ടു തൃപ്തനാകും.'
 ശുലെംകാരിയെപ്പോലെ,  നമ്മുടെ  പ്രിയനായ  കർത്താവിന്റെ
 മുഖം  കാണ്മാൻ  നമുക്ക് പ്രത്യാശിക്കാം.അവൻ  സർവാംഗസുന്ദരനാണ് .

പ്രാർത്ഥന;
കർത്താവായ  യേശുവേ  നിന്റെ  വരവിനായി  ഞാൻ  കാത്തിരിക്കുന്നു.
ആമേൻ  കർത്താവായ  യേശുവേ  വേഗം  വരേണമേ .
     
       

Wednesday, October 23, 2013

ഏറിയ വെള്ളങ്ങൾ സ്നേഹത്തെ കെടുപ്പാൻ പോരാ;നദികൾ അതിനെ മുക്കിക്കളയുകലയില്ല.ഉത്തമഗീതം 8 :7

ഏറിയ  വെള്ളങ്ങൾ  സ്നേഹത്തെ  കെടുപ്പാൻ  പോരാ;നദികൾ  അതിനെ  മുക്കിക്കളയുകലയില്ല.ഉത്തമഗീതം  8 :7

 ആഫ്രിക്കയിലെ  കോംഗോയിൽ  മെഡിക്കൽ  മിഷനറിയായിരുന്ന  ഹെലെൻ
റോസ്വേറിന്റെ അനുഭവം  ഇവിടെ  ഉദ്ധരിക്കട്ടെ.
"മിഷൻ  ഹോസ്പിറ്റൽ ആക്രമിച്ച   വിപ്ളവകാരികൾ ഞങ്ങളെ ക്രൂരമായി
മർദ്ദിച്ച്  അവരുടെ തടവറയിൽ  ഞങ്ങളെ  ആക്കി. ഒരാഴ്ചക്ക്  ശേഷം അവർ
എന്നെ  മറ്റൊരിടത്തേക്ക്  കൊണ്ട് പോയി  അവരുടെ  ജനകീയ
 കോടതിയിൽ  ഹാജരാക്കി.വലിയൊരു  മൈതാനത്തു  800 -റോളം
അന്നാട്ടുകാരായ  പുരുഷന്മാർ  കൂടി  വന്നിരുന്നു.അവർ  എന്നെ
 കുറ്റം  ചുമത്തിക്കൊണ്ടിരുന്നു.ഒരു  ഭാഗത്ത്‌  നിന്ന്  ജനങ്ങൾ ഇപ്രകാരം
 ആർത്തു കൊണ്ടിരുന്നു "അവളെ  ക്രുശിക്ക, അവളെ ക്രുശിക്ക"വളരെ
അവശയായിരുന്ന
  ഞാൻ  വിചാരണ  സ്ഥലത്തിന്റെ  മുൻ ഭാഗത്തേക്ക്‌  വന്നു....കർത്താവായ
യേശു  കടന്നു  പോയ  അതെ  വഴിയിലുടെ ഞാൻ നടന്നു  പോയി....
പെട്ടെന്നു  നാട്ടുകാർ  എന്നെ  തിരിച്ചറിഞ്ഞു "അത് നമ്മുടെ ഡോക്ടറാണ്"
അവർ  എന്നെ  വിപ്ളവകാരികളുടെ  കരങ്ങളിൽ  നിന്ന്  മോചിപ്പിച്ചു "

കർത്താവായ  യേശു  നടന്നു  പോയ  ക്രുശിന്റെ  വഴിയിലുടെ  നടക്കുവാൻ
 ഹെലെനു  ഭാഗ്യം ലഭിച്ചു .നമ്മുടെ  അനുദിന  ജീവിതത്തിൽ ക്രുശിന്റെ
 മാർഗത്തിലുടെ നടക്കുവാൻ യേശു നമ്മെ ക്ഷണിക്കുന്നു ."തന്റെ  ക്രുശു  എടുത്തു
 കൊണ്ട്  എന്റെ  പിന്നാലെ വരാത്തവനും എന്റെ ശിഷ്യനായിരിപ്പാൻ കഴിയുകയില്ല".

പ്രാർത്ഥന :
കർത്താവായ  യേശുവേ  ഇന്നേ  ദിവസം  ക്രുശിന്റെ  പാതയിൽ  നടക്കുവാൻ
എന്നെ  സമർപ്പിക്കുന്നു .ഞാൻ  നിന്നെ  അനുഗമിക്കുന്നു.ആമേൻ .

Sunday, October 20, 2013

നീ ആടുകളെ മേയിക്കുന്നത് എവിടെ ? ഉത്തമഗീതം 1:7

നീ  ആടുകളെ  മേയിക്കുന്നത്  എവിടെ ? ഉത്തമഗീതം  1:7

ഒറീസയിലെ  വനാന്തരങ്ങളിൽ  മെഡിക്കൽ  മിഷനോടുള്ള  ബന്ധത്തിൽ  കടന്നു
പോയ  ഒരു  ഡോക്ടറുടെ  അനുഭവം  തന്റെ  ഡയറിയിൽ
രേഖപ്പെടുത്തിയിരിക്കുന്നു.**
മാർച്ച്‌  ഒന്നാം  തീയതി. സമയം  രാത്രി  പത്ത്  മണി.
ഞാൻ  ഉറങ്ങാൻ  കിടന്നപ്പോൾ  മിഷനറിമാർ  എന്നെ  വിളിച്ചു".ഇതാ ഒരു
  രോഗി  വന്നിരിക്കുന്നു ". വളരെ  അവശയായ  ഒരു  സ്ത്രീ  കൈയ്യിൽ  ഒരു
 തുണിക്കെട്ടുമായി നിൽക്കുന്നു.കൂടെ  അവളുടെ  ഭർത്താവും  അമ്മയും.കഴിഞ്ഞ
  ദിവസം  അവൾ  ഒരു കുഞ്ഞിനു  ജന്മം  നൽകിയിരുന്നു .രോഗിയായ
  നവജാത ശിശുവുമായി 20 കിലോമീറ്റർ നടന്നു  അവർ  മിഷൻ ഹോസ്പിറ്റലിൽ
 എത്തിയിരിക്കുന്നു .അവരുടെ  ആത്മധൈര്യം കണ്ടു  ഞാൻ  ആശ്ചര്യപ്പെട്ടു.

വളരെ സാവധാനം ഞാനാ തുണിക്കെട്ട്  തുറന്നു..പിഞ്ചു  മുഖത്തേക്ക് ഞാൻ  നോക്കി.
ആ  മാലാഖ  ആ  കൂട്  വിട്ട്  സ്വർഗത്തിലേക്ക്  പറന്നു  പോയിരുന്നു......
ഞാനവരെ ഒന്ന്  നോക്കി ....അവർക്ക്  എല്ലാം  മനസ്സിലായി .
ആ  അമ്മയുടെ  നിലവിളി  വനാന്തരത്തിലേക്ക്  അലയടിച്ചു  ഇല്ലാതായി  ക്കൊണ്ടിരുന്നപ്പോൾ എന്റെ  ഹൃദയത്തിൽ  ഒരു  വചനം  മുഴങ്ങി "ഞാൻ  ആരെ  അയക്കേണ്ടു?ആർ നമുക്ക്  വേണ്ടി പോകും?"......


എന്നാൽ  അവർ  വിശ്വസിക്കാത്തവനെ  എങ്ങനെ  വിളിച്ചപേക്ഷിക്കും?
അവർ  കേട്ടിട്ടില്ലാത്തവനിൽ  എങ്ങനെ  വിശ്വസിക്കും?
പ്രസംഗിക്കുന്നവൻ  ഇല്ലാതെ എങ്ങനെ  കേൾക്കും ?
ആരും  അയയ്ക്കാതെ എങ്ങനെ  പ്രസംഗിക്കും?: റോമർ 10:14,15
  
 പ്രാർത്ഥന:
കർത്താവായ യേശുവേ  സുവിശേഷവുമായി  പോകുവാൻ  ഞാൻ  എന്നെ  സമർപ്പിക്കുന്നു .അങ്ങയുടെ  ആത്മാവിനാൽ  എന്നെ  അഭിഷേകം  ചെയ്യേണമേ .ആമേൻ

**Dr.Lilian stanley,Nearer my God,page 97

Friday, October 18, 2013

.നിന്റെ നാമം പകർന്ന തൈലം പോലെ ഇരിക്കുന്നു .ഉത്തമഗീതം 1 :3

നിന്റെ  നാമം  പകർന്ന  തൈലം  പോലെ  ഇരിക്കുന്നു .ഉത്തമഗീതം 1 :3

പ്രിസണ്‍ ഫെലോഷിപ്പിന്റെ  സ്ഥാപകനായ  ചാൾസ്  കോൾസണ്‍  തന്റെ
 ജീവിതത്തിലെ ഒരു  സംഭവം വിവരിക്കുന്നു.ഒരു  രാത്രി  മുഴുവൻ  വിമാനത്തിൽ
യാത്ര  ചെയ്ത  ശേഷം ജക്കാർത്ത വിമാനത്താവളത്തിൽ  വളരെ  നീളമുള്ള
ഒരു  ക്യുവിൽ  അദ്ധേഹത്തിന്നു  നില്ക്കേണ്ടി  വന്നു.വളരെ ഉഷ്നമുള്ള
 ആ  ദിവസം  ക്യുവിൽ  നിന്നിരുന്ന  എല്ലാവരും ക്ഷീണിതരും അക്ഷമരും ആയിരുന്നു.എങ്കിലുംവളരെ ശാന്തനായി  കോൾസണ്‍  അവിടെ  നിന്നു.

   ചൈനക്കാരനായ  ഒരു  അഭിഭാഷകൻ   മറ്റൊരു  ക്യുവിൽ  നിന്ന്  കോൾസണെ
 സശ്രദ്ധം വീക്ഷിച്ചു  കൊണ്ടിരുന്നു.അദ്ദേഹം  കണ്ഫ്യു ഷ്യസിന്റെ  സിദ്ധാന്തങ്ങളിൽ  വിശ്വസിച്ചിരുന്നു. ദൈവസഭയുമായി  യാതൊരു  ബന്ധവുമില്ലായിരുന്നെങ്കിലും
 സന്മാർഗ  പഠനത്തിനായി തന്റെ  മക്കളെ  ക്രിസ്ത്യൻ  സണ്‍‌ഡേ സ്കൂളിൽ
ചേർത്തിരുന്നു .അവർ  കൊണ്ടുവന്ന ഒരു പുസ്തകത്തിന്റെ  കവർപേജിൽ ഉള്ള
 ഫോട്ടോയിൽ  കാണുന്ന  വ്യക്തിയെയാണ്  താൻ വീക്ഷിക്കുന്നതെന്ന്
തനിക്കു  ബോധ്യമായി .അക്ഷമരായ  ആളുകളുടെ മധ്യത്തിൽ  വളരെ ശാന്തനായി
നിൽക്കുന്ന  അദ്ധേഹത്തെ  കണ്ടു  അഭിഭാഷകൻ ഇപ്രകാരം  തീരുമാനിച്ചു. "ഞാൻ മടങ്ങി  ഭവനത്തിൽ  ചെല്ലുമ്പോൾ  ആ പുസ്തകം  വായിക്കും ".
രണ്ടു  വർഷങ്ങൾക്കു  ശേഷം  കോൾസണ്  ഒരു  കത്ത്  കിട്ടി .അതിൽ  ഇപ്രകാരം
 എഴുതിയിരുന്നു."ജക്കാർത്ത  എയർപോർട്ടിൽ അന്ന്  വളരെ  ശാന്തനായി
 നിന്ന  താങ്കളുടെ  "വീണ്ടും  ജനനം " എന്ന  പുസ്തകം  ഞാൻ വായിച്ചു .കർത്താവായ  യേശുക്രിസ്തുവിനായി   എന്റെ  ജീവിതം  ഞാൻ സമർപ്പിച്ചു "

" ക്രിസ്തുവിൽ  ഞങ്ങളെ  ഏപ്പോഴും  ജയോത്സവമായി  നടത്തുകയും
എല്ലാടത്തും  ഞങ്ങളെ ക്കൊണ്ട്  തന്റെ  പരിജ്ഞാനത്തിന്റെ  വാസന
വെളിപ്പെടുത്തുകയും  ചെയ്യുന്ന  ദൈവത്തിനു സ്തോത്രം " 2  കൊരി  2:14

പ്രാർത്ഥന :
കർത്താവായ  യേശുവേ  എന്റെ  ജീവിതത്തിന്റെ  എല്ലാ  സാഹചര്യങ്ങളിലും
അവിടുത്തെ  നാമത്തിന്റെ  സൌരഭ്യം  പരത്തുവാൻ എന്നെ സഹായിക്കേണമേ .ആമേൻ 

Wednesday, October 16, 2013

ഞാൻ ഉറങ്ങുന്നു എങ്കിലും എന്റെ ഹൃദയം ഉണർന്നിരിക്കുന്നു .ഉത്തമഗീതം 5 :2

ഞാൻ  ഉറങ്ങുന്നു  എങ്കിലും  എന്റെ  ഹൃദയം  ഉണർന്നിരിക്കുന്നു .ഉത്തമഗീതം 5 :2

 ഒരിക്കൽ  ധനികനായ  തടിമില്ലു  നടത്തുന്ന വ്യാപാരിക്ക്  തന്റെ  സ്വർണ്ണവാച്ച്
നഷ്ടപ്പെട്ടു. കൂമ്പാരമായി  കിടക്കുന്ന  അറക്കപ്പൊടിയുടെ  ഇടയിൽ  വളരെ
അന്വേഷിച്ചിട്ടും ലഭിച്ചില്ല.അത്  കണ്ടെടുത്തു  കൊടുക്കുന്നവർക്ക്  അദ്ധേഹം
 സമ്മാനം  നൽകാമെന്ന്  വാഗ്ദാനം  ചെയ്തു .അനേകം  തൊഴിലാളികൾ  ഉപകരണങ്ങൾ  ഉപയോഗിച്ച്  അന്വേഷിച്ചിട്ടും  കണ്ടെത്തിയില്ല.

ഉച്ച വിശ്രമസമയം  ഒരു  കുട്ടി  വാച്ചുമായി  വന്നത്  കണ്ടു  അവർ
ആശ്ചര്യപ്പെട്ടു."നിനക്കിത് എങ്ങനെ  ലഭിച്ചു? ഞങ്ങൾ  വളരെയധികം  പരിശ്രമിച്ചിട്ടും  കണ്ടെത്താൻ  കഴിഞ്ഞില്ല "അവൻ പറഞ്ഞു "ഉച്ചയൂണിൻറെ സമയം
 ഞാൻ  വിജനമായ  മില്ലിലേക്ക്  ചെന്ന്  അറക്കപപൊ ടിയിൽ ശാന്തനായി
കിടന്നു   കൊണ്ട്  വാച്ചിന്റെ  'ടിക്  ടിക് ' ശബ്ദത്തിനായി  കാതോർത്തു.
അങ്ങനെയാണ് എനിക്കിതു  ലഭിച്ചത്'"

 നമ്മിൽ  ചിലർക്കെങ്ങിലും  സ്വർണ്ണ വാച്ചിനെക്കാളും  വിലയേറിയത്
  നഷ്ടമായിട്ടുണ്ടാവും .'ദൈവസാന്നിധ്യം,ദൈവശബ്ദം.........ഇങ്ങനെ  പലതും.
'മിണ്ടാതിരുന്നു ,ഞാൻ  ദൈവമെന്നു  അറിഞ്ഞു  കൊൾവിൻ ' എന്ന്
ദൈവവചനം  പറയുന്നു.നിശബ്ദതയിൽ  ഒരു  സ്നേഹിതനെപ്പോലെ,
സഹോദരനെപ്പോലെ  യേശു  നമ്മോടു ഇടപെടും.അപ്പോൾ  ശുലേംകാരിയെപ്പോലെ  അവനെ  മാത്രം  ആശ്രയിച്ചു  ജീവിക്കുവാൻ നമുക്ക്  കഴിയും .

  യാക്കോബിനോട്  ദൈവത്തിനു  സംസാരിക്കുവാനായി ,യോഹന്നാനു
  സ്വർഗീയ  മർമ്മങ്ങൾ ഗ്രഹിപ്പിക്കേണ്ടതിനായി  അവർ  ഏകരാകേണ്ടിയിരിക്കുന്നു.
യേശു  ഏകനായി  മുന്തിരിച്ചക്കു  ചവിട്ടി .അവന്റെ കാലടികളെ  നമുക്കും  പിന്തുടരാം .

പ്രാർത്ഥന:
കർത്താവായ  യേശുവേ  ഞാൻ  നിന്നെ  കാത്തിരിക്കുന്നു .
എന്നോട്  സംസാരിക്കേണമേ.ഞാൻ  അങ്ങയെ  സ്നേഹിക്കുന്നു .
ആമേൻ . 

Friday, October 11, 2013

ലെബാനോനെ വിട്ടു എന്നോട് കൂടെ വരിക .ഉത്തമഗീതം 4 :8

ലെബാനോനെ  വിട്ടു  എന്നോട്  കൂടെ  വരിക .ഉത്തമഗീതം  4 :8

    ജെ.ഓസ്വാൾഡു  സാണ്ടേഴ്സിന്റെ  ദൈവവുമായിട്ടുള്ള  കൂട്ടായ്മയെ  പ്രതിപാദിക്കുന്ന
"ദൈവസംസർഗത്തിന്റെ  നാലു  വൃത്തങ്ങൾ " എന്ന  ലേഖനം ഹൃദയത്തെ തട്ടിയുണർത്തുന്നു.

സീനായി മലയിൽ ദൈവം ഇറങ്ങിവന്നപ്പോൾ കത്തുന്ന തീ കണ്ടു  ദൂരെ നിന്ന  ജനം;
പർവതത്തിന്റെ മുകളിലേക്ക്  കുറച്ചു  ദൂരം കയറിച്ചെന്നു ദൈവത്തിന്റെ
കാൽപാദങ്ങൾ ആകാശ നീലിമ  പോലെ  കണ്ട്  തൃപ്തിയടഞ്ഞ  എഴുപതു  മൂപ്പന്മാർ ;
പർവതത്തിന്റെ  മുകളിൽ  കൂടാരത്തെ വിട്ടു  പിരിയാതിരുന്ന  യോശുവ ;
എന്നാൽ  പർവതാഗ്രത്തിൽ  ഒരു  സ്നേഹിതനോടെന്ന  പോലെ  ദൈവവുമായി
സംസാരിക്കുന്ന മോശെ.

പുതിയ  നിയമത്തിലും  ഇതു  തന്നെ  നാം  കാണുന്നു .
അപ്പത്തിനായി  യേശുവിന്റെ  പിന്നാലെ  വന്ന  ജനം ;
ശുശ്രുഷക്കായി  അയയ്കപ്പെട്ട  എഴുപതു  പേർ ;
തന്നോട്  കൂടെ  ഇരിക്കുവാൻ  തിരഞ്ഞെടുക്കപെട്ട  പന്തിരുവർ ;
പ്രധാന സന്ദർഭങ്ങളിൽ  യേശുവിനോട്  കൂടെ  ആയിരുന്ന  മൂവർ ;
(പത്രോസ് ,യാക്കോബ് ,യോഹന്നാൻ )
അത്താഴത്തിൽ  യേശുവിന്റെ  നെഞ്ചോട്‌  ചാഞ്ഞിരുന്ന  യോഹന്നാൻ .

 മണവാളൻ  തന്റെ  പ്രിയയെ  ഉന്നതങ്ങളിലേക്ക്  വിളിക്കുന്നു .കാന്തേ
ലെബാനോനെ  വിട്ടു  എന്നോട്  കൂടെ  വരിക .
"മാനും  മാൻപേടയും  പർവതാഗ്രങ്ങളിൽ  തുള്ളിക്കളിക്കും  പോൽ
ക്രിസ്തുവും  ഭക്തനും"...

പ്രാർത്ഥന :
കർത്താവായ  യേശുവേ  അങ്ങയുമായിട്ടുള്ള  ആഴമേറിയ  കൂട്ടായ്മയിലേക്ക്
എന്നെ  വലിച്ചടുപ്പിക്കേണമേ .യോഹന്നാനെ  പോലെ  ഞാൻ നിന്നിൽ
വിശ്രമിക്കട്ടെ .ആമേൻ

Wednesday, October 9, 2013

രാജാവ്‌ ഭക്ഷണത്തിനിരിക്കുമ്പോൾ എന്റെ ജടാമാംസി സുഗന്ധം പുറപ്പെടുവിക്കുന്നു. ഉത്തമഗീതം 1:12

.
  രാജാവ്‌  ഭക്ഷണത്തിനിരിക്കുമ്പോൾ  എന്റെ  ജടാമാംസി  സുഗന്ധം  പുറപ്പെടുവിക്കുന്നു.
  ഉത്തമഗീതം 1:12
 
രാജാവിനോട്  കൂടെ ഭക്ഷണത്തിനിരിക്കുക  എത്ര  ശ്രേഷ്ടമായ  പദവിയാണ്‌ .
കർത്താവുമായിട്ടുള്ള വ്യക്തിപരമായ  ബന്ധത്തെ  ഊന്നി  പറയുന്നതാണ്
 ഈ വചനം.വിശ്വാസം  വർദ്ധിപ്പിച്ചു  തരണമേ  എന്ന  ശിഷ്യന്മാരുടെ ആവശ്യത്തിനു മറുപടിയായി തന്നെ  ശുശ്രുഷിക്കയും  തന്നോട്  കൂടെ  ഭക്ഷണത്തിന്  ഇരിക്കുകയും
 വേണമെന്ന് യേശു  മറുപടി പറഞ്ഞു.

കർത്താവ്‌  പന്തിയിൽ  ഇരിക്കുമ്പോൾ  മറിയ  വിലയേറിയ  സ്വച്ഹജടാമാംസി
 തൈലം ഭരണി  പൊട്ടിച്ച്  അവന്റെ  തലയിൽ  ഒഴിച്ചു.തൈലത്തിന്റെ  സൌരഭ്യം
കൊണ്ട് വീട്  നിറഞ്ഞു .നമ്മുടെ  ജീവിതം  കർത്താവിന്റെ മുൻപിൽ
 നുറുക്കപ്പെടുമ്പോൾ മാത്രമേ  നമുക്ക്  സൌരഭ്യം  പരത്താൻ  കഴിയുകയുള്ളൂ .
ജടാമാംസി  പൊക്കം  കുറഞ്ഞ  ഒരു  ചെടിയാണ് .അത്  താഴ്മയെ കുറിക്കുന്നു .
യഥാർഥമായ താഴ്മയും  നുറുക്കവും  ശുശ്രുഷാ മനോഭാവവുമുള്ള  ഒരാൾക്ക്  മാത്രമേ
നമ്മുടെ  രാജാവും  കർത്താവുമായ  യേശുവിന്റെ  സന്നിധിയിൽ  സുഗന്ധം
പുറപ്പെടുവിക്കാൻ  കഴിയുകയുള്ളൂ .

പ്രാർത്ഥന.
കർത്താവായ  യേശുവേ  ഞാൻ  അങ്ങയെ  സ്നേഹിക്കുന്നു .
നിന്റെ  നാമം  പകർന്ന  തൈലം  പോലെ  ഇരിക്കുന്നു .ഇന്നേ  ദിവസം
 യേശുവിന്റെ  നാമത്തിന്റെ  സൌരഭ്യം  പരത്താൻ എന്നെ  സഹായിക്കണമേ.
 ആമേൻ.

Tuesday, October 8, 2013

......കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു .ഉത്തമഗീതം 2:12

.......കുറുപ്രാവിന്റെ ശബ്ദവും  നമ്മുടെ  നാട്ടിൽ  കേൾക്കുന്നു .ഉത്തമഗീതം 2:12

 പ്രശസ്ത  എഴുത്തുകാരനായ എഫ് .ഡബ്ല്യു.ബോർഹാമിന്റെ "മെഴുകുതിരിയും
 പക്ഷിയും " എന്ന  ഉപന്യാസത്തിൽ  ദൈവ സാന്നിധ്യത്തെ  ഒരു  പക്ഷിയോട്
 ഉപമിച്ചിരിക്കുന്നു.മെഴുകുതിരി  കെട്ടു  പോയാൽ  വെളിച്ചം  ഇല്ലാതാകുന്നു.
എന്നാൽ  പാട്ട് പാടുന്ന ഒരു  പക്ഷിയെ  ഓടിച്ചാൽ അത്  പറന്നു  പോയി
  മറ്റൊരു  മരത്തിലിരുന്നു  വീണ്ടും മനോഹരമായി  പാടും.
ചരിത്രത്തിലെ  ദൈവ പ്രവർത്തിയെ  അദ്ദേഹം  ഇപ്രകാരം  വർണ്ണിക്കുന്നു.
വിശുദ്ധിക്ക്  വേണ്ടി  നില നിന്ന പ്യുരിറ്റൻസിന്റെ  സ്വാധീനം  ലോകത്തിൽ
 മങ്ങിയപ്പോൾ മിൽട്ടനിലൂടെ ഇംഗ്ളണ്ടിൽ  ശക്തമായ  ഉണർവുണ്ടായി .
വെളിച്ചം  ഇല്ലാതായോ?ഒരിക്കലുമില്ല...
ക്രിസ്തീയപ്രവർത്തകനായിരുന്ന  ജോസഫ്‌  അഡിസന്റെ  മരണത്തിനു
 എട്ടു വർഷങ്ങൾക്കു ശേഷം 1727 ഓഗസ്റ്റ്  മാസം  13-നു  ഇരുപത്തിയേഴു
 വയസ്സ്  മാത്രം  പ്രായമുള്ള സ്വിൻസന്ദൊർഫിന്റെ   നേതൃത്വത്തിലുള്ള
 പ്രാർത്ഥന  സമൂഹത്തിൽ  ശക്തമായ  ഉണർവുണ്ടായി.
മൊറെവിയൻ  പ്രസ്ഥാനത്തിന്റെ' ആരംഭമായിരുന്നു അത്.
  ഇംഗ്ളണ്ടിൽ ഉണർവ് മങ്ങിത്തുടങ്ങിയപ്പോൾ  ജർമ്മനിയിൽ 
മൊറെവിയൻസിലുടെ ശക്തമായ  ദൈവപ്രവർത്തി  ആരംഭിച്ചു.
ലോകത്തിന്റെ  വിവിധ ഭാഗങ്ങളിലേക്ക് അനേകം  മിഷനറിമാർ 
 ദൈവത്തിന്റെ വചനവുമായി  കടന്നു  പോയി .
അതെ!പക്ഷി  മനോഹരമായി  പാടുകയാണ് .
ആ  നൂറ്റാണ്ടിൽ  ഫ്രാൻസിന്റെ  തെരുവീഥിയിൽ  കുരിശു  പരസ്യമായി 
 കത്തിച്ച  അതേ  ദിവസം തന്നെ ചെരുപ്പുകുത്തിയായിരുന്ന  വില്യം  കേറി
ഇന്ത്യയിൽ  എത്തിചേർന്നു.മാറ്റമില്ലാത്ത  ദൈവവചനം
  അനേകം  ഭാഷകളിലേക്ക്  തര്ജ്ജമ ചെയ്യപ്പെട്ടു .
മൊറെവിയൻ  പ്രസ്ഥാനത്തിന്റെ  പ്രവർത്തനങ്ങൾ  നിലച്ചപ്പോൾ  ദൈവം 
ജോണ്‍  വെസ്ളിയുടെ ഹൃദയത്തെ  ഉണർത്തി .
പക്ഷി  മറ്റൊരിടത്ത്  തന്റെ  പാട്ട്  പാടുകയാണ് .ചാൾസ്  വെസ്ളി 
 അനേകം ഗാനങ്ങളെഴുതി .സ്കോട്ലണ്ടിൽ  ആണ്ട്ട്രു  ബോണർ ,റോബർട്ട്‌ 
 മുറെ  മക്ക്കെയ്നെ, ബെർന്സ്  തുടങ്ങിയവരിലുടെ  യേശുവിന്റെ 
 സ്നേഹത്തിന്റെ  സന്ദേശം വ്യക്തമായി പ്രസംഗിക്കപ്പെട്ടു 
 എന്നാൽ  അവരുടെ  പ്രവർത്തി അവസാനിച്ചപ്പോൾ  ലണ്ടനിൽ  സ്പർജനിലുടെ 
ആയിരങ്ങൾ  ദൈവവചനം  ശ്രവിച്ചു .
പക്ഷി  വീണ്ടും  പാടിക്കൊണ്ടിരിക്കുന്നു .... ദൈവ വചനത്തിനോ  ബന്ധനം  ഇല്ല .

തുടർന്ന്  സാധുസുന്ദർസിംഗ് ,പണ്ഡിത  രമാഭായി .....എന്നിങ്ങനെ  എത്രയോ 
 ദൈവഭക്തർ ഈ  ദൌത്യം  നിർവഹിച്ചു  .
ആരും  ഇതുവരെയും  കൂടുകെട്ടിയിട്ടില്ലാത്ത  ഒരു  മരത്തിൽ  ഇരുന്നു 
 കൊണ്ട്  ക്രുശിന്റെ ഗാനം  പാടുവാൻ  ദൈവം  നമ്മുടെ  ഹൃദയത്തെ  ഉണർത്തട്ടെ.

"നിന്റെ  ജനം  നിന്നിൽ  ആനന്ദിക്കേണ്ടതിനു  നീ  ഞങ്ങളെ  വീണ്ടും  ജീവിപ്പിക്കേണമേ ..."

പാടും  ഞാൻ  യേശുവിനായ്‌  ജീവൻ പോവോളം  നന്ദിയോടെ ...
.എന്ന്  ഹൃദയത്തിൽ നിന്ന്  പാടാം.

പ്രാർത്ഥന .
കർത്താവായ  യേശുവേ  അവിടുത്തെ  സ്നേഹത്തിന്റെ  സന്ദേശം  അറിയിപ്പാൻ 
എന്നെ  സമർപ്പിക്കുന്നു . പുതിയോരു  പാട്ട്  തന്ന്  എന്നെ  ഉണർത്തേണമേ .

Friday, October 4, 2013

നിന്റെ പിന്നാലെ എന്നെ വലിക്ക .ഉത്തമഗീതം .1:4 (a)

നിന്റെ പിന്നാലെ  എന്നെ  വലിക്ക .ഉത്തമഗീതം .1:4 (a)

 സ്വീഡനിലെ  പ്രശസ്തമായ  ഒരു  സഭയിലെ  കർതൃദാസന്റെ  മകൾ
 അദ്ധേഹത്തിന്റെ അടുക്കൽ  ഒരു ദിവസം  വന്നു  ഇപ്രകാരം  പറഞ്ഞു .
"ഡാഡി,ദൈവത്തിന്റെ  പാതകൾ എനിക്കിനി  വേണ്ട.എന്റെ  കൂട്ടുകാരുടെ വഴി
ഇനി  എനിക്ക്  മതി."അദ്ധേഹത്തിന്റെ ഹൃദയം  തകർന്നു  പോയി.തന്റെ
 മകളെ  ചേർത്ത് നിർത്തി  അവളോട്‌  പറഞ്ഞു .
"മോളെ  ഞാനും  നിന്റെ  അമ്മയും  നിനക്കായി  പ്രാർത്ഥിക്കാം ".  

അന്ന്  രാത്രി കിടന്നുറങ്ങിയ  അവൾ  ഒരു  സ്വപ്നം  കണ്ടു .രണ്ടു  പട്ടണങ്ങൾ -
ഒന്നാമത്തേത്   നിയോണ്‍ ബൾബുകളുടെ  പ്രകാശത്തിൽ മുങ്ങിയിരുക്കുന്നു
,രണ്ടാമത്തേത് തേജസ്സ്‌  നിറഞ്ഞ പട്ടണം....
അലങ്കാര വിളക്കുകളാൽ  ദീപ്തമായ  പട്ടണത്തിൽ  നിന്ന്  സുമുഖനായ  ഒരാൾ  ഇറങ്ങി
വന്നു അവളുടെ  കരങ്ങളിൽ  പിടിച്ചു കൊണ്ട്  ക്ഷണിച്ചു :"വരൂ ...".വളരെ
 സന്തോഷത്തോടെ അവൾ ആ  പട്ടണത്തിലേക്ക്  നടന്നു.എന്നാൽ  കുറേ
  ദൂരം ചെന്നപ്പോൾ ഇരുട്ടു വർധിക്കുന്നതായി  അവൾക്ക്  അനുഭവപ്പെട്ടു
.തന്റെ  കൂടെ  നടന്ന വ്യക്തിയുടെ മുഖത്തേക്ക്  അവൾ  നോക്കി ;പഴയ  രൂപമല്ല --പൈശാചികമായ  മുഖം!
അവൾ  ഞെട്ടിയുണർന്നു .സ്വപ്നത്തിൻറെ അർത്ഥം   ഗ്രഹിച്ച  അവൾ
തീരുമാനിച്ചു.യേശു  വസിക്കുന്ന  തേജസിന്റെ  പട്ടണത്തിലേക്ക്  ഞാൻ  വീണ്ടും
നടക്കും. അതാണ്  നിത്യജീവന്റെ  മാർഗം.പ്രഭാതത്തിൽ  അവൾ
 തന്റെ ഡാഡിയോട് എല്ലാം  വിവരിച്ചു ."ഡാഡിയുടെ  ദൈവത്തിന്റെ
 വഴി  എനിക്ക്  മതി ...അതാണ് വെളിച്ചത്തിൻറെ  വഴി ..."

ഇതു  വായിക്കുന്ന സ്നേഹിതാ ,നിങ്ങൾ  ഏതു  പാതയിലുടെയാണ്  ഇപ്പോൾ
സഞ്ചരിക്കുന്നത്?ദൈവത്തിന്റെ  വഴിയിലൂടെയോ  ?
അതോ ലോകത്തിൻറെ ( പിശാചിൻറെ) വഴിയിലൂടെയോ ?

പ്രാർത്ഥന :
കർത്താവായ  യേശുവേ  നിന്റെ പിന്നാലെ  എന്നെ  വലിക്ക .വഴിയും
സത്യവും  ജീവനുമായ  യേശുവേ  ഞാൻ  നിന്നെ  അനുഗമിക്കുന്നു .ആമേൻ .

Sunday, September 29, 2013

നിന്റെ പല്ലു രോമം കത്രിച്ചിട്ടു കുളിച്ചു കയറി വരുന്ന ആടുകളെ പ്പോലെ ഇരിക്കുന്നു . ഉത്തമഗീതം 4:2

നിന്റെ  പല്ലു  രോമം  കത്രിച്ചിട്ടു  കുളിച്ചു കയറി വരുന്ന  ആടുകളെ പ്പോലെ  ഇരിക്കുന്നു .
ഉത്തമഗീതം  4:2

അന്തപുരത്തിലെ  രാജകുമാരി  ശോഭാ പരിപൂർണ്ണയാകുന്നു.പാല്  മാത്രം
കുടിക്കുന്ന അവസ്ഥയിൽ  നിന്ന് കട്ടിയുള്ള  ആഹാരം  കഴിക്കുന്ന
 അവസ്ഥയിലേക്ക്  വളരുന്ന   വ്യക്തിക്ക്  മാത്രമേ ക്രിസ്തുവിന്റെ  മർമ്മങ്ങൾ
 ഗ്രഹിക്കാൻ കഴിയൂ.തഴക്കത്താൽ  അഭ്യസിച്ച ഇന്ദ്രിയങ്ങൾ  ഉള്ളവരായ
 പ്രായം  തികഞ്ഞവരാ ണ്  അവർ .

ദൈവവചന ധ്യാനത്തിലൂടെ കട്ടിയുള്ള  ആഹാരം ചവച്ചിറക്കുന്ന അനുഭവത്തെയാണ്
പല്ലുകൾ  സൂചിപ്പിക്കുന്നത്.ക്രിസ്തുവിന്റെ  വചനം "അയവിറക്കി " വചനം
വിശ്വാസമായി  പരിണമിക്കുന്നു .വിശ്വാസത്തിന്റേയും സദുപദേശത്തിന്റേയും
വചനത്താൽ  പോഷണം  ലഭിച്ചു,ക്രിസ്തു  എന്ന  തലയോളം  സകലത്തിലും
വളർന്നു  വരുവാൻ  ഇടയാകും .

 കർത്താവിന്റെ  മണവാട്ടിയുടെ  പല്ലുകൾ  ബലമുള്ളതും  മനോഹരവുമാണ് .
ക്രിസ്തുവിനെക്കുറിച്ചുള്ള  "ആദ്യവചനം " വിട്ടു  പരിജ്ഞാനപൂർത്തി പ്രാപിക്കുന്ന
അനുഭവം .എന്റെ  പ്രിയേ  നീ  സർവാംഗസുന്ദരി  നിന്നിൽ  യാതൊരു  ഊനവും
ഇല്ല ;എന്ന്  പറയുന്ന  അവസ്ഥയിലേക്ക്  നമുക്ക്  വളരാം.
'ധ്യാനപീ0മതിൽ  കയറി  ഉള്ളിലെ  കണ്ണുകൾ കൊണ്ട്  നീ കാണുക ' എന്നുള്ള
പാട്ടുകാരന്റെ പ്രബോധനം  നമുക്ക്  ഉൾക്കൊണ്ട്‌  ദൈവസ്നേഹത്തിന്റെ
ആഴവും ഉയരവും  നീളവും വീതിയും   ഗ്രഹിപ്പാൻ  തക്ക  പരിജ്ഞാനം
ഉള്ളവരാക്കേണമേ  എന്ന്  ആഗ്രഹിക്കാം ,പ്രാർത്ഥിക്കാം.

Friday, September 27, 2013

പാറയുടെ പിളർപ്പിലും കടുംത്തൂക്കിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ . ഉത്തമഗീതം 2:14

പാറയുടെ പിളർപ്പിലും  കടുംത്തൂക്കിന്റെ  മറവിലും  ഇരിക്കുന്ന  എന്റെ  പ്രാവേ .
ഉത്തമഗീതം  2:14

കർത്താവ്  തന്റെ  ഗീതത്തിൽ  മണവാട്ടിയെ  വിളിക്കുന്നത്‌  "എന്റെ  പ്രാവേ"
 എന്നാണ് .എത്ര മാത്രം  ഹൃദയം  കുളിർപ്പിക്കുന്ന  ഒരു  അഭിസംബോധന .
പ്രാവിനെ  പോലെ കളങ്കം ഇ ല്ലാത്തവരായിരിക്കേണം   എന്ന്  യേശു
 തന്റെ  ശിഷ്യന്മാരെ  ഉപദേശിച്ചു .

 നോഹയുടെ  പെട്ടകത്തിൽ  നിന്ന്  പറന്നു  പോയ  പ്രാവ്  ഒരു  ഒലിവിലയുമായി
  മടങ്ങി വന്നു .കിഴക്കൻ രാജ്യങ്ങളിൽ  സന്ദേശങ്ങളുമായി  മറ്റു  സ്ഥലങ്ങളിലേക്ക്
  പ്രാവിനെ പറത്തി  വിടുമായിരുന്നു.അതിന്റെ  കാലിൽ  കെട്ടിയിരുന്ന  സന്ദേശം
 കൃത്യമായി എത്ര  ദൂരത്തായിരുന്നാലും അവ  എത്തിക്കുമായിരുന്നു.സമാധാന
സുവിശേഷം  മറ്റു ഇടങ്ങളിൽ  എത്തിക്കുവാൻ  കർത്താവ്  എത്ര  അധികമായി
 നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നു."എന്റെ  പ്രാവേ  എന്നവൻ  വിളിക്കുമ്പോൾ
 ലോകത്തിന്റെ  ഏതു കോണിലേക്കും  ക്രിസ്തുവിന്റെ  മാധുര്യ വചനവുമായി
 കടന്നു പോകുവാൻ പരിശുദ്ധാത്മാവ്  നമ്മുടെ  ഹൃദയത്തെ  ഉണർത്ത ട്ടേ.

 പിളർക്കപെട്ട  പാറയായ  ക്രിസ്തുവിൽ  മറയുന്നതോടൊപ്പം  "യെഹൂദന്മാർക്കു
 ഇടർച്ചയും   ജാതികൾക്കു  ഭോഷത്വവും  എങ്കിലും  യെഹൂദന്മാരകട്ടെ ,
യവനന്മാരാകട്ടെ വിളിക്കപെട്ട  ഏവർക്കും  ദൈവശക്തിയും
  ദൈവജ്ഞാനവുമായ  ക്രിസ്തുവിനെ തന്നെ " പ്രസംഗിക്കുവാൻ
 നമ്മെ ത്ത ന്നെ   സമർപ്പിക്കാം.

പ്രാർത്ഥന .
കർത്താവേ  പരിശുദ്ധാത്മാവിനാൽ  എന്നെ  നിറക്കേണമേ.
ഞാൻ  അങ്ങയുടെ  സാക്ഷിയായിരിക്കട്ടെ .ആമേൻ   

Monday, September 23, 2013

രാജാവ് എന്നെ പള്ളിയറകളിലേക്ക് കൊണ്ട് വന്നിരിക്കുന്നു .ഞങ്ങൾ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും. ഉത്തമഗീതം 1:4

രാജാവ് എന്നെ  പള്ളിയറകളിലേക്ക്  കൊണ്ട്  വന്നിരിക്കുന്നു .ഞങ്ങൾ  നിന്നിൽ  ഉല്ലസിച്ചാനന്ദിക്കും.
ഉത്തമഗീതം 1:4


1992 സെപ്റ്റംബർ  മാസം  നൂറോളം  ദൈവവേലക്കാർ ഓസ്ട്രേലിയായിൽ    മുന്നാഴ്ച കർത്താവിന്റെ  മുഖം  അന്വേഷിപ്പാൻ
ഒന്നിച്ചു കൂടി. അവർ ചിലവഴിച്ച  ദിവസങ്ങൾ  ഇപ്രകാരമായിരുന്നു .

1 )യേശുവിന്റെ  പാദപീഠ ത്തിലിരിക്കുക .
മാർത്തയെപ്പോലെ  തന്റേതായ പ്ളാനുകളുമായിട്ടല്ല മറിയത്തേപ്പോലെ പൂർണ്ണ  വിശ്രമത്തിൽ ഞങ്ങൾ അവന്റെ പാദപീഠ ത്തിലിരുന്നു.ഞങ്ങളുടേതായ എല്ലാ അദ്വാനങ്ങളിൽ നിന്നും സമ്പൂർണ്ണമായ വിശ്രമത്തിലായിരുന്നു ആ ദിവസങ്ങളിൽ.സാധാരണയായി 5  മിനിട്ട്  ദൈവസന്നിധിയിൽ ശാന്തമായിരിക്കുക എന്നത് ഞങ്ങൾക്ക്  വളരെ  പ്രയാസമായിരുന്നു. എന്നാൽ  പരിശുദ്ധാത്മാവിന്റെ  സ്പർശനത്തിനായി ഞങ്ങൾ  കാത്തിരുന്നു.

2 )കർത്താവിന്റെ  തേജസ്സിനെ  പ്രതിബിംബിക്കുക
പരിശുദ്ധാത്മാവിനാൽ  നയിക്കപ്പെട്ടപ്പോൾ  കർത്താവിന്റെ തേജസ്സിന്റെ  പ്രഭയിൽ ഞങ്ങൾക്ക്പാപബോധം  ഉണ്ടായി.ക്രിസ്തുവിന്റെ  അതേ  പ്രതിമയായി  ഞങ്ങളെ  രൂപാന്തരപ്പെടുത്തുന്ന ആത്മാവിന്റെ  വെളിച്ചത്തിൽ  ഞങ്ങൾ  അനുതപിച്ചു,അവന്റെ സ്വരൂപത്തോട്  ഞങ്ങളെ അനുരൂപരാക്കുന്ന ദൈവ പ്രവർത്തിക്കായി  ഞങ്ങളെത്തന്നെ  ഏല്പ്പിച്ചു കൊടുത്തു .ദൈവം ഞങ്ങളെ  വിളിച്ചതു അനേകം  അറിവുകൾ നൽകാനല്ല  പ്രത്യുത  തന്റെ പുത്രനായ  യേശുവിനോട് അനുരൂപരാക്കാനാണ്  എന്ന്  ഞങ്ങൾക്ക്  മനസ്സിലായി .
3 )പുതിയ  വീക്ഷണം
മനുഷ്യർ  നൽകുന്ന  വസ്തുതകളെ  അടിസ്ഥാനമാക്കി  വിലയിരുത്തുന്ന  സ്വഭാ വത്തിൽ  നിന്ന്  മോചിപ്പിച്ചു കർത്താവിന്റെ  കണ്ണുകളിലൂടെ  ഞങ്ങളെ,കുടുംബത്തെ , സഭയെ,രാജ്യത്തെ കാണുവാൻ  കർത്താവ്‌ ഞങ്ങളെ  പഠിപ്പിച്ചു.കർത്താവിന്റെ  മുഖത്തേക്ക്  തന്നേ  നോക്കിയപ്പോൽ  ഞങ്ങൾക്ക്  അവന്റെ ഹൃദയം  വെളിവായി.
4 )ക്രിസ്തുവുമായിട്ടുള്ള  സ്നേഹബന്ധം .
     ഞങ്ങളുടെ  ആത്മമണവാളനായ  കർത്താവുമായി   പള്ളിയറയിലുള്ള  കൂട്ടായ്മയിലേക്ക്   ഞങ്ങൾ നയിക്കപ്പെട്ടു.ഞങ്ങൾക്ക് നഷ്ടമായ ആദ്യ സ്നേഹത്തിലേക്കു
 ഞങ്ങൾ  മടങ്ങിവന്നു. ഞങ്ങളുടെ  സകല  ശുശ്രുഷകളുടെയും  കേന്ദ്ര ബിന്ദു
 യേശു മാത്രമായി .ദൈവസ്നേഹത്തിന്റെ  ആഴം  അവൻ  ഞങ്ങൾക്ക്
 വെളിപ്പെടുത്തി യപ്പോൾ  ഞങ്ങളുടെ ആരാധന  ജീവനും
ശക്തിയുമുളള തായി . അവനിൽ സദാ  വസിപ്പാൻ  ഞങ്ങൾ  ആഗ്രഹിച്ചു.
ഉത്തമാഗീതത്തിലെ  മണവാളനും  മണവാട്ടിയും  തമ്മിലുള്ള
സ്നേഹബന്ധം  ഞങ്ങൾക്ക്  ദൃഷ്ടാന്തമായി .കർത്താവു മായുള്ള
  ഈ  ആത്മ ബന്ധത്തിൽ  ജീവിക്കുവാൻ  ഞങ്ങളെ സമർപ്പിക്കുന്നു .

പ്രിയ  സ്നേഹിതാ  ഈ  സ്നേഹക്കൂട്ടായ്മയിലേക്ക്  യേശു  നിങ്ങളെ  വിളിക്കുന്നു ......

 പ്രാർത്ഥന:
സ്വർഗത്തിൽ എനിക്കാരു  ള്ളൂ  ? ഭൂമിയിലും  നിന്നെയല്ലാതെ  ഞാൻ  ഒന്നും
 ആഗ്രഹിക്കുന്നില്ല .കർത്താവെ  ഞാൻ  നിന്നെ   കാത്തിരിക്കുന്നു .ആമേൻ
   

                    

Sunday, September 22, 2013

അവരെ വിട്ടു കുറെ അങ്ങോട്ട്‌ ചെന്നപ്പോൾ ഞാൻ എന്റെ പ്രാണപ്രിയനെ കണ്ടു .ഉത്തമഗീതം 3 :4

അവരെ വിട്ടു  കുറെ അങ്ങോട്ട്‌  ചെന്നപ്പോൾ ഞാൻ  എന്റെ പ്രാണപ്രിയനെ കണ്ടു .ഉത്തമഗീതം 3 :4

മണവാട്ടി  രാത്രിയിൽ  കാണുന്ന  സ്വപ്നത്തെക്കുറിച്ചാണ്  മൂന്നാം  അദ്ധ്യായം
 പ്രതിപാദിക്കുന്നത് . രാത്രിയിൽ പ്രാണപ്രിയനെ  അന്വേഷിക്കുമ്പോൾ
 കാണാതെ പോകുന്ന  അനുഭവം. എല്ലാംമറന്നു അവനെ  അന്വേഷിപ്പാൻ
 വീഥികളിലും  വിശാല സ്ഥലങ്ങളിലേക്കും  ഇറങ്ങി  നടന്നു.
കാണുന്നവരോടെല്ലാം  ഒരേ  ചോദ്യം നിങ്ങൾ  എന്റെ
പ്രാണപ്രിയനെ കണ്ടുവോ? എന്നാൽ എല്ലാവരെയും  വിട്ടു കുറേ
മുമ്പോട്ട്  ചെന്നപ്പോൾ  താൻ  സ്നേഹിക്കുന്ന ഇടയനെ
കണ്ടെത്തി.അവനെ  തന്റെ  ഭവനത്തിലേക്ക്‌  കൊണ്ടുവരുന്നത്
 വരേയും  അവനെ വിട്ടില്ല.

  രണ്ടാം  ഭാഗത്തിൽ എല്ലാവിധ മോടികളോടും കൂടെ  വരുന്ന
ശലോമോൻ  ദൃശ്യമാകുന്നു .യെരുശലേം  പുത്രിമാർ ശലോമോന്റെ
 മഹത്വം  വർണ്ണിക്കുന്നു .

സ്വപ്നത്തിൽ രണ്ടു  പേരെ  കാണുന്നു.ഒന്ന്  മണവാളനായ ക്രിസ്തു ,രണ്ട്‌
 ലോകത്തെ പ്രതിനിധാനം ചെയ്യുന്ന  ശലോമോൻ .നമ്മുടെ  ഹൃദയത്തോട്
 ചോദിക്കാം.എന്റെ  ഹൃദയത്തിന്റെ സിംഹാസനത്തിൽ ഇരിക്കുന്നത്
  നല്ലിടയനായ ക്രിസ്തുവോ? "കച്ചവടക്കാരന്റെ സകലവിധ സുഗന്ധ
ചൂർണങ്ങൾ ക്കൊണ്ടും പരിമളപ്പെട്ടിരിക്കുന്ന ശലോമോനോ ?
ക്രിസ്തുവിനെ സ്നേഹിച്ച  യോഹന്നാൻ  പത്മോസിന്റെ  അനുഭവത്തിലും
തന്റെ സ്വപ്നങ്ങളിൽ നിറഞ്ഞു നിന്നത്  അറുക്കപ്പെട്ട
കുഞ്ഞാടായ  ക്രിസ്തു തന്നെ  ആയിരുന്നു.

പ്രാർത്ഥന .
കർത്താവെ ഈ  ലോകത്തിന്റെ  മായ  കാഴ്ചകളിൽ  എന്റെ
 ഹൃദയം  മുങ്ങിപ്പോകാതെ നിന്നേ  മാത്രം  ധ്യാനിക്കുവാൻ  ഇന്നേ
 ദിവസം  എന്നെ  സഹായിക്കേണമേ . യേശുവേ  ഞാൻ  നിന്നെ
 സ്നേഹിക്കുന്നു .നിന്റെ  പിന്നാലെ  എന്നെ  വലിക്ക .
ആമേൻ.

        

Thursday, September 19, 2013

അവൻ എന്നെ വീഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു .ഉത്തമഗീതം 2 :4

അവൻ എന്നെ  വീഞ്ഞ് വീട്ടിലേക്ക്  കൂട്ടിക്കൊണ്ടു  വന്നു.
എന്റെ  മീതെ  അവൻ  പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു .ഉത്തമഗീതം  2 :4

യിസ്രായേലിൽ സന്ധ്യാ സമയങ്ങളിൽ  വിരുന്നു  ഒരു പതിവായിരുന്നു.
അതിഥികൾ  എല്ലാം അകത്തു പ്രവേശിച്ചു കഴിയുമ്പോൾ വീടിന്റെ
 നാഥൻ  വാതിൽ അടയ്ക്കും .ക്ഷണിക്കപ്പെട്ടവരെ
സ്വീകരിച്ചിരുന്നത് വെള്ളം കൊണ്ടും തൈലം  കൊണ്ടുമായിരുന്നു.
ചിലപ്പോൾ  വിരുന്നു സമയത്ത് വരുന്നവരെ വിശേഷമായ ഒരു
വസ്ത്രം അണിയിക്കും.വരുന്നവരെ അവരുടെ സ്ഥാനമാനങ്ങൾ
അനുസരിച്ചു ഇരുത്തി ബഹുമാനിക്കും.

   ശുലെംകാരിയെ മണവാളൻ  അവന്റെ വളരെ സ്വീകാര്യമായ വീഞ്ഞ്
വീട്ടിലേക്കു  ക്ഷണിച്ചു.  കർത്താവിന്റെ പ്രിയമക്കൾക്ക്  മാത്രമേ വീഞ്ഞ്
വീടിൻറെ  അനുഭവം  ലഭിക്കുകയുള്ളൂ. അവർ  ജയാളികളാണ് .നീതിയും
 സമാധാനവും  പരിശുദ്ധാത്മാവിൻ സന്തോഷവും അവർക്ക്
അനുഭവിക്കും.നിൻറെ സന്നിധിയിൽ എന്നും സന്തോഷവും വലത്തുഭാഗത്തു
എന്നും  പ്രമോദങ്ങളും ഉണ്ട്.നമ്മെ  വീഞ്ഞ് വീട്ടിലേക്കു കൂട്ടിക്കൊണ്ട് വന്നു
 തന്റെ സ്നേഹം പകർന്നു  നൽകുന്ന യേശുവിന്റെ സ്നേഹം വർണിക്കാൻ
 വാക്കുകൾ  കൊണ്ട്  സാധ്യമല്ല.
യിസ്രായേൽ  മക്കൾ  പാളയമടിച്ചിരുന്നത്  കൊടിക്കീഴിൽ  ആയിരുന്നു.മരുഭൂമിയിൽ ആയിരമായിരം കൂടാരങ്ങൾ  ഉണ്ടായിരുന്നു.ഒരാൾ  വഴി തെറ്റിപോയെന്നിരിക്കട്ടേ.അവൻ  ലക്ഷ്യ സ്ഥാനത്തേക്ക്  മടങ്ങിവന്നിരുന്നത്  താൻ ഏതു  കൊടിക്കീഴിലായിരുന്നോ  ആ കൊടി  കണ്ടിട്ടാണ്.ദൈവസ്നേഹത്തിൽ  നിന്ന്  അകന്നു  പോയ' ഒരുവൻ മടങ്ങിവരുന്നത്  കാൽവറി  ക്രൂശിൽ ഉയർത്തപ്പെട്ട സ്നേഹത്തിൻറെ കൊടിയെ  ലക്‌ഷ്യം  വച്ചാണ് .(യോഹ 3 :14)
ക്രൂശിൽ കർത്താവ്  കാണിച്ച മഹാസ്നേഹത്തെ ധ്യാനിച്ചു കൊണ്ട്  കർത്താവിന്റെ
മണവാട്ടിക്ക്  ഉറപ്പിച്ചു  പറയാം :എന്റെ മീതെ അവൻ  പിടിച്ചിരുന്ന  കൊടി  സ്നേഹമായിരുന്നു.

പ്രാർത്ഥന.
പിതാവേ  എന്നെ  സ്നേഹിച്ച  മഹാസ്നേഹത്തിനായി  സ്തോത്രം.
കർത്താവേ നിങ്കലേക്ക്‌  എന്നെ  ഇന്നേ ദിവസം  ആകർഷി ക്കേണമേ.
ഞാൻ നിന്നിൽ  വിശ്രമിക്കട്ടെ.നീ  എൻറെ  പ്രിയനാണ്.
എന്നോട്  സംസാരിക്കേണമേ.  
ആമേൻ .    
 

Sunday, September 15, 2013

എൻറെ പ്രിയൻ ഏൻഗെദി മുന്തിരിത്തോട്ടങ്ങളിലെ മയിലാഞ്ചിപ്പൂക്കുല പോലെ ഇരിക്കുന്നു .ഉത്തമഗീതം 1:14

എൻറെ പ്രിയൻ ഏൻഗെദി മുന്തിരിത്തോട്ടങ്ങളിലെ മയിലാഞ്ചിപ്പൂക്കുല പോലെ ഇരിക്കുന്നു .ഉത്തമഗീതം  1:14

 ദാവീദ്  രാജാവ്‌ ശൌലിനെ ഭയന്ന് ഒളിച്ചു പാർത്ത  സ്ഥലമാണ്‌ ഏൻഗെദി മരുഭൂമി.ഈ  മരുഭൂമിയിലെ ഒരു മരുപ്പച്ചയാണ്‌  ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത് .ധാരാളം  ഔഷധ സസ്യങ്ങൾ ഇവിടെ ഉണ്ടായിരുന്നു .
ഇവിടയുള്ള    മുന്തിരിത്തോട്ടങ്ങളിലെ മയിലാഞ്ചിപ്പൂക്കുല പോലയാണ്  എൻറെ പ്രിയൻ .
ലോകജീവിതത്തിൽ കഠിനമായ ശോധനകളിലുടെ കടന്നു പോകുന്ന  ഒരുവന്  വിശ്രമവും സ്വസ്ഥതയും യേശുവിൽ നിന്ന് മാത്രമേ  ലഭിക്കുകയുള്ളൂ .
എന്റെ അടുക്കൽ വരുവീൻ ഞാൻ നിങ്ങൾക്ക് വിശ്രമം തരാമെന്നുള്ളത്  അവന്റെ  വാഗ്ദത്തം  ആണ് .മരുഭൂമിയിലെ വെയിലേറ്റു ഒരുവൻ  ഏൻഗെദി   മുന്തിരിത്തോട്ടത്തിലെ മയിലാഞ്ചിയുടെ ചുവട്ടിൽ വിശ്രമിക്കുന്ന കാഴ്ച എത്ര  ആശ്വാസപ്രദമാണ്.ധാരാളം  പൂക്കൾ  അവിടെയുണ്ട് .എന്നാൽ' ക്രിസ്തു അതിൻറെ മധ്യത്തിൽ   മയിലാഞ്ചിപ്പൂക്കുലയാണ് .

പ്രാർത്ഥന:
ഈ ലോകജീവിതത്തിൽ  ഞാൻ തളരുംപോൾ  യേശുവേ ഞാൻ അവിടുത്തെ
ചിറകിൻ  മറവിൽ  വിശ്രമിക്കട്ടെ.എന്നെ ആശ്വസിപ്പിക്കേണമേ .
ഇന്നേ   ദിവസം മുഴുവൻ നിൻറെ  തണലിൽ  ഞാൻ വസിക്കട്ടെ....
ആമേൻ  


മരുഭൂമിയിൽ നിന്ന് തന്റെ പ്രിയൻറെ മേൽ ചാരിക്കൊണ്ടു വരുന്നോരിവൾ ആര് ?ഉത്തമഗീതം 8:5


*നിങ്ങളുടെ  പേര്  ചേർത്തു  വായിക്കുക.

 നമ്മുടെ ആത്മകണ്ണുകൾ കൊണ്ട്  മുന്തിരിത്തോട്ടത്തിൽ നിന്ന്  കയറിവരുന്ന മണവാളനെ  കാത്തിരിക്കുന്ന ഒരു കൂട്ടം ആളുകളെ  നമുക്ക്  ദർശിക്കാം.
പെട്ടന്ന്  അവർ    കാഴ്ച കണ്ടു ...ഒന്നല്ല  ഇതാ രണ്ടു പേർ വളരെ ദൂരെ നിന്ന് വരുന്നു.

തോഴിമാർ ആവേശത്തോടെ  ആരാഞ്ഞു ....ആരാണീ  രണ്ടു  പേർ ?മണവാളനും  പിന്നെ?
മരുഭൂമിയിൽ നിന്ന്  തന്റെ  പ്രിയൻറെ മേൽ ചാരിക്കൊണ്ടു വരുന്നോരിവൾ ആര് ?

ഇതാ അത് മറ്റാരുമല്ല ,മണവാളന്റെ  മാർവിൽ അവന്റെ ഹൃദയസ്പന്ദനങ്ങളെ  കേട്ടു കൊണ്ട്
ചാരിവരുന്നോരിവൾ( ) മറ്റാരുമല്ല *.............. തന്നേ .

മറ്റൊരുവൾ ചക്രവാളത്തിലേക്ക്  നോക്കി  കയറിവരുന്നവർ  ആരെന്നു  ഉറപ്പു വരുത്തി.
അതെ!! അതെ !! നീ  പറഞ്ഞത്  ശരി  തന്നെ .അത് *..................തന്നേ.

താൻ   മരുഭൂമിയിൽ തന്റെ പ്രിയനായ  യേശുവിന്റെ  മാർവിൽ അവൾ( ) വിശ്രമിക്കുന്നു .

മൂന്നാമത്  ഒരുവൾ  പറഞ്ഞു .അത് *..................... തന്നേ .......ഉറപ്പാണ്‌ .

  മരുഭൂയാത്രയിൽ  അവൾക്ക്  ചാരുവാൻ തൻറെ  പ്രിയനായ  യേശുവല്ലാതെ  മറ്റാരുമില്ല.

  അവന്റെ ഇടംകൈ  എന്റെ  തലയിൻ  കീഴിൽ ഇരിക്കട്ടെ.അവന്റെ വലംകൈ എന്നെ ആശ്ലേഷി ക്കട്ടെ

  പ്രാർത്ഥന :
കർത്താവെ അവിടുത്തേ  മാർവിൽ ചാരിയിരുന്ന  യോഹന്നാനെ പോലെ ഇന്നേ ദിവസം അങ്ങയിൽ വിശ്രമിക്കാൻ' എന്നെ സഹായിക്കേണമേ .യേശുവേ ഞാൻ  അങ്ങയെ  സ്നേഹിക്കുന്നു  .
  ആമേൻ .


**സമാഹൃതം 


എന്റെ പ്രിയൻ വെണ്മയും ചുവപ്പും ഉള്ളവൻ .പതിനായിരം പേരിൽ അതിശ്രേഷ്ടൻ തന്നേ .ഉത്തമഗീതം 5:10





അവൻ പിതാവിൻറെ മടിയിൽ നിന്ന്  ഈ ലോകത്തിലേക്ക്‌ വന്നു.നാം ദൈവമക്കളാകേണ്ടതിനു അവൻ മനുഷ്യനായി.അവൻ കാലവസ് ഥ വ്യതിയാനങ്ങൾ ,പ്രകൃതി ക്ഷോഭങ്ങൾ ഇല്ലാത്ത സ്വർഗത്തിൽ നിന്ന് ഈ  താണ ഭൂമിയിൽ വന്നു .
അവൻ ദരിദ്രനായിരുന്നു.അവനു ധനമോ ഉന്നത വിദ്യാഭ്യാസമോ ഇല്ലായിരുന്നു.ശൈശവത്തിൽ അവൻ ഒരു രാജാവിനെ ഭയചകിതനാക്കി .ബാല്യത്തിൽ അവൻ  പണ്ഡിതന്മാരോട് സംസാരിച്ചു .പ്രകൃതി ശക്തികളുടെ മേൽ യേശു അധികാരമുള്ളവനായിരുന്നു.അവൻ  കാറ്റിനേയും കടലിനേയും ശാന്തമാക്കി.
യേശു അനേക രോഗികളെ മരുന്നു കൂടാതെ സൌഖ്യമാക്കി.അവൻ പുസ്തകം ഒന്നും
എഴുതിയില്ല.എന്നാൽ യാതൊരു  ഗ്രന്ഥശാലക്കും ഉൾക്കൊള്ളാൻ കഴിയാത്തത്ര പുസ്‌തകങ്ങള്‍
 അവനെക്കുറിച്ച് എഴുതപെട്ടു.അവൻ  പാട്ട്  ഒന്നും എഴുതിയില്ല.എന്നാൽ അവനെക്കുറിച്ചു അസംഖ്യം  ഗാനങ്ങൾ രചിക്കപ്പെട്ടു.അവൻ  വിദ്യാഭ്യാസ
സ്ഥാപനങ്ങൾ ഒന്നും സ്ഥാപിച്ചില്ല.എന്നാൽ അവനു ധാരാളംശിഷ്യന്മാരുണ്ട് .
അവൻ മനശാസ്ത്രം അഭ്യസിച്ചിട്ടില്ല,എന്നാൽ  ആയിരമായിരം മുറിവേറ്റ
ഹൃദയങ്ങളെ അവൻ സൌഖ്യമാക്കി .അവൻ ഒരു സൈന്യത്തെ തിരഞ്ഞെടുത്തില്ല.
എന്നാൽ അവൻ സ്നേഹത്താൽ അനേക ഹൃദയങ്ങളെ  കീഴടക്കി.
അനേകർ ജീവിച്ചു, മരിച്ചു എന്നാൽ യേശു എന്നേക്കും ജീവിക്കുന്നു.പിശാചിന് അവനെ തോല്പിക്കാൻ കഴിഞ്ഞില്ല.മരണത്തിനു അവനെ ഇല്ലാതാക്കുവാനോ കല്ലറക്ക് അവനെ പിടിച്ചു വെക്കുവാനോ സാധിച്ചില്ല.
അവൻ തന്റെ  രാജവസ്ത്രം മാറ്റി ഒരു ദാസന്റെ വേഷം ധരിച്ചു.എത്രത്തോളം ?
അവൻ മറ്റൊരുവന്റെ പുൽത്തൊഴുത്തിൽ കിടത്തപ്പെട്ടു.മറ്റൊരുവന്റെ തോണിയിൽ സഞ്ചരിച്ചു.മറ്റൊരുവന്റെ കഴുതപ്പുറത്ത് യാത്ര ചെയ്തു .എന്തിനേറെ ?
അവൻ  മറ്റൊരുവന്റെ  കല്ലറയിൽ സംസ്കരിക്കപ്പെട്ടു .
അവൻ  ഇന്നും    ജീവിക്കുന്നു .യേശുവേ നന്ദി ,സ്തോത്രം.ഹല്ലേ ലുയ്യ ..

പ്രാർത്ഥന :
യേശുവേ  നീ  എന്നെ തേടി  വന്നതിനായി  ഞാൻ  നിന്നെ  സ്തുതിക്കുന്നു.
ഞാൻ നിന്റെ മുൻപിൽ എന്നെ താഴ്ത്തി സമർപ്പിക്കുന്നു .
ഞാൻ  അങ്ങയെ  മഹത്വപ്പെടുത്തുന്നു .
ആമേൻ ....
(selected)

ഞാൻ ശാരോനിലെ പനിനീർ പുഷപവും താഴ്വരകളിലെ താമര പൂവും ആകുന്നു ..ഉത്തമഗീതം 2:1

ഞാൻ ശാരോനിലെ പനിനീർ പുഷപവും താഴ്വരകളിലെ  താമര പൂവും ആകുന്നു ..ഉത്തമഗീതം 2:1

 ആരാണ്  മേല്പറഞ്ഞ വചനത്തിലെ പുഷ്പം ?താമരപൂവ് ?മണവാട്ടിയാണ്  എന്ന്
അനേകർ  അഭിപ്രായപെടുന്നു.എന്നാൽ ഗാനങ്ങളിൽ നാം പാടുന്നു ക്രിസ്തുവാണ്
ശാരോൻ പനിനീർപൂവ്.....

സൌന്ദര്യത്തിന്റെ പൂർണതയായ സീയോനിൽ നിന്ന് പ്രകാശിക്കുന്ന കർത്താവ്
തന്നെയാണ് ശാരോൻ പനിനീർപുഷ്‌പം.അവന്റെ ദിവ്യ  സൌന്ദര്യത്തെ ആർക്കു
വർണ്ണിക്കുവാൻ കഴിയും?
എന്നാൽ അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ശുലേമിയുടെ മുഖത്ത്
പ്രതിഫലിച്ച തേജസ്സ് കേദാർ കൂടാരം പോലെ കറുത്തിരുണ്ടവളെ രൂപാന്തരപ്പെ ടുത്തി.

അവൾ ഇപ്രകാരം പാടി :
    ഞാൻ ശാരോനിലെ പനിനീർ പുഷപവും താഴ്വരകളിലെ താമരപൂവും ആകുന്നു  ...

"ഇന്നു പ്രഭാതത്തിൽ നമ്മുടെ ആത്മമണവാളന്റെ മുഖത്തേക്ക്  തന്നേ നോക്കാം.
അവന്റെ തേജസ്സിനെ കണ്ണാടി പോലെ  പ്രതിബിംബിച്ചു കൊണ്ട്  ഈ ദിവസം
നമുക്കാരംഭിക്കാം".

പ്രാർത്ഥിക്കാം :
കർത്താവേ  നീ  തന്ന  ശുഭ്ര വസ്ത്രത്തിലേക്കല്ല ,അവിടുത്തേ മുഖത്തേക്ക്  തന്നേ
ഞാൻ  നോക്കുന്നു .കർത്താവേ  നീ തന്ന  കിരീടത്തിലേക്കല്ല :
അവിടുത്തെ മുറിവേറ്റ  കരങ്ങളിലേക്ക്  തന്നേ  എൻറെ  ദൃഷ്ടി  ഞാൻ
ഉറപ്പിക്കട്ടെ. .  ആമേൻ