Monday, July 27, 2020


കർത്താവ് ചെയ്ത എല്ലാ ഉപകാരങ്ങൾക്കും നന്ദി കരേറ്റുന്ന ഒരു ഗീതമാണ് 103-ാം സങ്കീർത്തനം. ഫ്രാൻസിസ് ഷേഫർ എന്ന ക്രിസ്തീയ ലേഖകൻ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു" നിങ്ങൾ നന്ദിയുള്ളവരാണെങ്കിൽ വാസ്തവമായും ആത്മീയരാണ്". യിസ്രായേൽ ജനം ദൈവം തങ്ങളെ നടത്തിയ വിധങ്ങൾ വേഗത്തിൽ മറന്നു ദൈവത്തോട് മത്സരിച്ചു. ഒരു നിമിഷം ഓർത്തു നോക്കിയാട്ടെ ദൈവം എത്രമാത്രം നൻമകൾ തന്നിട്ടുണ്ട്. എണ്ണമില്ലാത്ത കൃപകൾ: പറഞ്ഞു തീരാത്ത ദാനം നിമിത്തം ദൈവത്തിന് സ്തോത്രം.

1) ഈ സങ്കീർത്തനത്തിന്റെ ആദ്യ ഭാഗങ്ങൾ ദാവീദ് തന്നോട് തന്നെ പറയുകയാണ്.

''എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക. എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുത്. അവൻ നിന്റെ അകൃത്യമൊക്കെയും മോചിക്കുന്നു; നിന്റെ സകല രോഗങ്ങളെയും സൗഖ്യമാക്കുന്നു; അവൻ നിന്റെ ജീവനെ നാശത്തിൽനിന്നു വീണ്ടെടുക്കുന്നു; അവൻ ദയയും കരുണയും നിന്നെ അണിയിക്കുന്നു. നിന്റെ യൗവനം കഴുകനെപ്പോലെ പുതുകി വരത്തക്കവണ്ണം അവൻ നിന്റെ വായ്ക്ക് നന്മകൊണ്ട് തൃപ്തിവരുത്തുന്നു.
സങ്കീര്‍ത്തനങ്ങള്‍ 103: 1‭-‬5

തുടർന്ന് ദൈവത്തിന്റെ കരുണ, കൃപ, ദീർഘക്ഷമ, മഹാദയ എല്ലാം ഓർത്ത് കർത്താവിനെ പുകഴ്ത്തുന്നു.

2) രണ്ടാം ഭാഗത്തിൽ "നമ്മുടെ " എന്ന പദം തുടർമാനമായി കാണുന്നു. ഇപ്പോൾ ദാവീദ് തന്റെ കൂടെയുള്ളവരോട് ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു. ദൈവീക നൻമകൾ പ്രാപിച്ച ഒരു വ്യക്തിക്ക് അത് മറച്ചു വെക്കാൻ കഴികയില്ല. മറ്റുള്ളവരോട് അവർ ദൈവത്തെ കുറിച്ച് പുകഴ്ത്തിക്കൊണ്ടിരിക്കും. സ്തുതികൾ അടുത്ത തലത്തിലേക്ക് ഉയർന്നു വരുന്നു. തുടർന്നുള്ള വചനങ്ങൾ ശ്രദ്ധിക്കുക.

"അവൻ നമ്മുടെ പാപങ്ങൾക്ക് ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്ക് ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല. ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ അവന്റെ ദയ അവന്റെ ഭക്തന്മാരോട് വലുതായിരിക്കുന്നു. ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതുപോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോട് അകറ്റിയിരിക്കുന്നു. അപ്പന് മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവയ്ക്ക് തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു. അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്ന് അവൻ ഓർക്കുന്നു."
സങ്കീര്‍ത്തനങ്ങള്‍ 103:10‭-‬14

തന്റെ ഭക്തൻമാരോടുള്ള ദൈവത്തിന്റെ സ്നേഹം, വാൽസല്യം , ദയ എന്നിവ ജനമദ്ധ്യത്തിൽ പുകഴ്ത്തപ്പെടുന്നു .

3) എന്നാൽ മൂന്നാം ഭാഗത്തിൽ സിംഹാസനത്തിൽ രാജാവായി സകലത്തെയും ഭരിക്കുന്ന സർവ്വശക്തനായ ദൈവത്തെ സ്തുതിക്കുന്നു. നന്ദി നിറഞ്ഞവനായി എല്ലാം മറന്ന് ഇപ്പോൾ തന്നോടല്ല, കൂടെയുള്ള ഭക്തൻമാരോടല്ല ദൂതൻമാരോടും സ്വർഗ്ഗീയ സൈന്യങ്ങളോടും സകല സൃഷ്ടികളോടും കർത്താവിനെ വാഴ്ത്തുവിൻ എന്ന് ആർത്ത് ഘോഷിക്കുന്ന സങ്കീർത്തനക്കാരനെ നാം കാണുന്നു.

"യഹോവ തന്റെ സിംഹാസനത്തെ സ്വർഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു. അവന്റെ വചനത്തിന്റെ ശബ്ദം കേട്ട് അവന്റെ ആജ്ഞ അനുസരിക്കുന്ന വീരന്മാരായി അവന്റെ ദൂതന്മാരായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ. അവന്റെ ആധിപത്യത്തിലെ സകല സ്ഥലങ്ങളിലുമുള്ള അവന്റെ സകല പ്രവൃത്തികളുമേ, യഹോവയെ വാഴ്ത്തുവിൻ; എൻ മനമേ, യഹോവയെ വാഴ്ത്തുക."
സങ്കീർത്തനങ്ങൾ 103: 19 - 22

പഴയ നിയമ ഭക്തൻ ഇപ്രകാരം ദൈവത്തെ മഹത്വപ്പെടുത്തിയെങ്കിൽ ദൈവമക്കളായ നാം എത്ര അധികം കർത്താവിനെ മഹത്വപ്പെടുത്തി ആരാധിക്കണം !
ദൈവം തന്റെ പരിശുദ്ധാത്മാവിനാൽ നമ്മെ ശക്തിപ്പെടുത്തട്ടെ.










(സമാഹൃതം)

No comments:

Post a Comment