Wednesday, July 29, 2020




യേശു സ്നേഹിച്ച ശിഷ്യൻ എന്ന് തന്നെക്കുറിച്ച് എപ്പോഴും പരിചയപ്പെടുത്തുന്ന യോഹന്നാൻ തന്റെ ഒന്നാം ലേഖനത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു.

...ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു. 1 യോഹന്നാൻ 1: 3 ( b)

ആത്മീയ ജീവിതത്തിന്റെ ആരംഭനാളുകളിൽ ദൈവത്തോട് കൂട്ടായ്മ ഉണ്ടായിരുന്നവർ പലരും ജീവിതത്തിന്റെയും ശുശ്രൂഷകളുടേയും തിരക്ക് മൂലം ആ കൂട്ടായ്മ നഷ്ടപ്പെടുത്തിയിട്ടുണ്ട്. മാർത്തയെപ്പോലെ വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്ന അവസ്ഥയിലേക്ക് ചില വർഷങ്ങൾ കഴിഞ്ഞപ്പോൾ എത്തിച്ചേർന്നു.
ആദ്യ സ്നേഹം, ആത്മ സന്തോഷം, ദൈവീക ജീവന്റെ നിറവ് എല്ലാം നഷ്ടമായ അവസ്ഥ. വാച്ച് മാൻ നീ എഴുതിയ 'മഹത്വപൂർണ്ണമായ സഭ '
എന്ന പുസ്തകത്തിലെ ഭാഗങ്ങൾ നമ്മെ സഹായിക്കട്ടെ. പ്രാർത്ഥനയോടെ തുടർന്ന് വായിച്ചാലും..

"കർത്താവിന് വേണ്ടിയുള്ള നമ്മുടെ എല്ലാ വേലയും അവനോടുള്ള കൂട്ടായ്മയിൽ നയിക്കപ്പെടണം. കർത്താവിനുള്ള യഥാർത്ഥ ശുശ്രൂഷകളെല്ലാം അവനോടുള്ള കൂട്ടായ്മയിലാകുന്നു.

ഓ !! നാം അവന്റെ വേല ചെയ്തു തീർത്ത ശേഷം എത്രയോ പ്രാവശ്യം നാമവനെ കണ്ട സമയങ്ങൾ ഉണ്ട്. എന്നാൽ ദൈവത്തെ കണ്ടതിന് ശേഷം മാത്രമേ അവന്റെ വേല നമുക്കു ചെയ്യുവാൻ കഴിയുകയുള്ളു. നാം അവന്റെ വേല ചെയ്യുകയും നിരന്തരമായി ദുഖിക്കയും അരുത്. ഇത് കൂട്ടായ്മയല്ല.
യേശുവിനോടുള്ള കൂട്ടായ്മയിലല്ലാത്ത എല്ലാറ്റിൽ നിന്നും കർത്താവ് നമ്മെ വിടുവിക്കട്ടെ. നാം വേല ചെയ്തു തീർത്തതിന് ശേഷം കൂട്ടായ്മ ആചരിക്കുവാൻ കഴിയാത്ത ഏതെങ്കിലും വേല ചെയ്യുന്നതിൽ നിന്നും അവൻ നമ്മെ രക്ഷിക്കട്ടെ.

ഒരു പ്രവൃത്തി പൂർത്തിയാക്കുന്നതിൽ നാം അഭിമാനിക്കുകയോ, സ്വയം തൃപ്തിപ്പെടുകയോ, സ്വയം പര്യാപ്തരെന്ന് ചിന്തിക്കുകയോ അരുത്. യേശുവിനോടുള്ള കൂട്ടായ്മയിൽ നിന്ന് ഉളവാകാത്തതും അവന്റെ കൂട്ടായ്മയിൽ അല്ലാത്തതുമായ എല്ലാത്തരം ശുശ്രൂഷകളിൽ നിന്നും ദൈവം നമ്മെ വിടുവിക്കുകയും രക്ഷിക്കയും ചെയ്യട്ടെ. പ്രവൃത്തി പൂർത്തീകരിച്ചതിന് ശേഷവും അവനോടുള്ള കൂട്ടായ്മയിലായിരിക്കുവാൻ അവൻ നമ്മെ പ്രാപ്തരാക്കട്ടെ.

അവർ യേശുവിനോടു കൂടെ കൂട്ടായ്മയിൽ ആയിരിക്കുക മാത്രമല്ല, അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും. ഈ ജനം ദൈവത്തിന്റെ ജനം എന്ന് എല്ലാവരും അറിയും."

നമ്മെ കർത്താവ് ഭരമേല്പിച്ച പ്രവൃത്തി എന്തുമായിരിക്കട്ടെ കർത്താവിനോടുള്ള സ്നേഹക്കൂട്ടായ്മയിൽ സന്തോഷത്തോടെ ദൈവനാമ മഹത്വത്തിനായി നമുക്കു അത് നിവർത്തിക്കാം.

നമ്മുടെ സന്തോഷം പൂർണ്ണമാകുവാൻ ഞങ്ങൾ ഇതു നിങ്ങൾക്കു എഴുതുന്നു.
1. യോഹന്നാൻ 1: 4






2 comments: