107-ാം സങ്കീർത്തനത്തിൽ ദൈവജനം നാലു തരത്തിലുള്ള കഷ്ടങ്ങളിലൂടെ കടന്നുപോയതിന്റെയും അവർ ദൈവത്തോട് നിലവിളിച്ചപ്പോൾ ദൈവം അവരെ അതിൽ നിന്ന് വിടുവിച്ചതിന്റെയും ചരിത്രം നാം വായിക്കുന്നു.
1. മരുഭൂമി
അവർ മരുഭൂമിയിൽ ജനസഞ്ചാരമില്ലാത്ത വഴിയിൽ ഉഴന്നുനടന്നു; പാർപ്പാൻ ഒരു പട്ടണവും അവർ കണ്ടെത്തിയില്ല. അവർ വിശന്നും ദാഹിച്ചും ഇരുന്നു; അവരുടെ പ്രാണൻ അവരുടെ ഉള്ളിൽ തളർന്നു.
സങ്കീര്‍ത്തനങ്ങള്‍ 107: 4-5
അവർക്ക് ജീവിതയാത്രയിൽ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. മനസ്സ് തളർന്ന അവസ്ഥ. ഒരു ചുവടു പോലും മുൻപോട്ട് വെക്കുവാൻ കഴിയുന്നില്ല. എന്നാൽ അവർ ചെയ്ത ഒരു കാര്യം അവിടെ എഴുതിയിരിക്കുന്നു.
അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു.
സങ്കീര്‍ത്തനങ്ങള്‍ 107 :6
കരുണാസമ്പന്നനായ ദൈവം അവർക്ക് ഉത്തരം കൊടുത്തു. ദൈവം മനസ്സലിവുള്ളവനാണ്.
എങ്ങനെയാണ് ദൈവം അവർക്ക് ഉത്തരം നല്കിയത്?
അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു വിടുവിച്ചു. അവർ പാർപ്പാൻ തക്ക പട്ടണത്തിൽ ചെല്ലേണ്ടതിന് അവൻ അവരെ ചൊവ്വേയുള്ള വഴിയിൽ നടത്തി.
സങ്കീര്‍ത്തനങ്ങള്‍ 107 :6-7
ഹല്ലേലുയ്യാ! സ്തോത്രം
2. അടിമത്തം
ദൈവത്തോടു മൽസരിച്ച ദൈവജനം കൂരിരുട്ടിൽ വസിക്കേണ്ടി വന്നു. അടിമ ചങ്ങലയിൽ അവർ വലിയ കഷ്ടത അനുഭവിച്ചു .മിസ്രയീം തുടങ്ങി അനേക രാജ്യങ്ങളിൽ ജനം വലിയ പീഢനം ഏൽക്കേണ്ടി വന്നു.
അരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവർ- അവരുടെ ഹൃദയത്തെ അവൻ കഷ്ടതകൊണ്ടു താഴ്ത്തി; അവർ ഇടറിവീണു; സഹായിപ്പാൻ ആരുമുണ്ടായിരുന്നില്ല.
സങ്കീര്‍ത്തനങ്ങള്‍ 107: 11-12
കൂരിരുട്ടിൽ അടിമ ചങ്ങലയിൽ കിടന്നു കൊണ്ട് ദൈവത്തോട് നിലവിളിച്ചു.
ദൈവം മാറാത്തവനാണ്. അവൻ തന്റെ ജനത്തിന്റെ കണ്ണുനീർ കണ്ട് മനസ്സലിഞ്ഞു.
അവൻ അവരെ ഇരുട്ടിൽനിന്നും അന്ധതമസ്സിൽനിന്നും പുറപ്പെടുവിച്ചു; അവരുടെ ബന്ധനങ്ങളെ അറുത്തുകളഞ്ഞു. അവൻ താമ്രകതകുകളെ തകർത്തു, ഇരുമ്പോടാമ്പലുകളെ മുറിച്ചു കളഞ്ഞിരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 107 :14, 16
ദൈവത്തിന് മഹത്വം.
3. മഹാവ്യാധികൾ
മരണത്തിന്റെ വാതിലുകളോട് അവർ സമീപിച്ചിരുന്നു. അവർ രോഗങ്ങൾ മൂലം ഭാരപ്പെട്ട് ഞരങ്ങി. സകല വിധ ഭക്ഷണത്തോടും അവർക്ക് വെറുപ്പ് തോന്നി. ഒരു മരുന്നും ഫലിക്കാത്ത അവസ്ഥ. ഡോക്ടർമാർ പോലും കൈവിട്ട സ്ഥിതി. അവർ രോഗക്കിടക്കയിൽ കിടന്നു കൊണ്ട് സൌഖ്യദായകനായ കർത്താവിനോട് നിലവിളിച്ചു. അവൻ എല്ലാ രോഗങ്ങൾക്കും നല്ല വൈദ്യനാണ്. ഞാൻ നിന്നെ സൗഖ്യമാക്കുന്ന കർത്താവാണ് എന്ന് അവിടുന്ന് അരുളിച്ചെയ്തവനാണ്.
അവർക്കു സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി; അവർ മരണവാതിലുകളോടു സമീപിച്ചിരുന്നു. അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു രക്ഷിച്ചു. അവൻ തന്റെ വചനത്തെ അയച്ച് അവരെ സൗഖ്യമാക്കി; അവരുടെ കുഴികളിൽനിന്ന് അവരെ വിടുവിച്ചു.
സങ്കീര്‍ത്തനങ്ങള്‍ 107: 18-20
വചനം അയച്ച് സൌഖ്യം നല്കുന്ന കർത്താവിന് സ്തുതി.
4. കൊടുങ്കാറ്റ്, തിരമാലകൾ
വലിയ ശോധനകളിലൂടെ ജനം കടന്നു പോയി.
ജീവിതത്തിൽ എല്ലാ പ്രതീക്ഷകളും നഷ്ടമായി.
ചിന്തിച്ച് ഒരു തീരുമാനമെടുക്കാൻ കഴിയാത്ത അവസ്ഥ. ആകുലചിന്തകൾ മൂലം ഉറങ്ങാൻ കഴിയുന്നില്ല. ഒരു ചെറിയ വഞ്ചിയിൽ നടുക്കടലിൽ ചുഴലിക്കാറ്റിൽ പെട്ട സ്ഥിതി.
പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു മാനസിക പിരിമുറുക്കം.
ഹൃദയത്തെ അറിയുന്ന ദൈവത്തോടു് അവർ
നിലവിളിച്ചു.
അവൻ കല്പിച്ചു കൊടുങ്കാറ്റ് അടിപ്പിച്ചു, അത് അതിലെ തിരകളെ പൊങ്ങുമാറാക്കി. അവർ ആകാശത്തിലേക്ക് ഉയർന്നു, വീണ്ടും ആഴത്തിലേക്ക് താണു, അവരുടെ പ്രാണൻ കഷ്ടത്താൽ ഉരുകിപ്പോയി. അവർ മത്തനെപ്പോലെ തുള്ളി ചാഞ്ചാടി നടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു.
സങ്കീര്‍ത്തനങ്ങള്‍ 107: 25-27
ഈ എളിയവർ നിലവിളിച്ചു . കർത്താവു് കേട്ടു.
എങ്ങനെയാണ് സർവ്വശക്തനായ ദൈവം മറുപടി അയച്ചത് ?
അവൻ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ അടങ്ങി. ശാന്തത വന്നതുകൊണ്ട് അവർ സന്തോഷിച്ചു; അവർ ആഗ്രഹിച്ച തുറമുഖത്ത് അവൻ അവരെ എത്തിച്ചു.
സങ്കീര്‍ത്തനങ്ങള്‍ 107 :29-30
ദൈവമേ അവിടുന്ന് സർവ്വശക്തൻ.
അങ്ങേക്ക് എല്ലാം സാധ്യം.. ഹല്ലേലുയ്യാ
... എന്നാൽ ഈ നാല് അവസ്ഥകളിലും ദൈവം അവരെ വിടുവിച്ചപ്പോൾ അവർ കർത്താവിനെ സ്തുതിച്ച് മഹത്വപ്പെടുത്തി.
അവർ യഹോവയെ അവന്റെ നന്മയെച്ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അദ്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
സങ്കീര്‍ത്തനങ്ങള്‍ 107: 8, 15, 21, 31
ഇതു വായിക്കുന്ന നിങ്ങൾ ഇതിൽ ഏതെങ്കിലും ഒരവസ്ഥയിൽ കൂടി കടന്നു പോവുകയായിരിക്കാം. ഒരു പോംവഴി മാത്രമേ ഉള്ളു. കർത്താവിനോട് നിലവിളിച്ച് ഹൃദയപൂർവ്വം പ്രാർത്ഥിക്കുക. യേശു നമ്മെ വിടുവിക്കും... അവിടുന്ന് മാറാത്തവനാണ്. പാപങ്ങളെ ഏറ്റുപറഞ്ഞ് അനുതപിക്കാം. ഭാരങ്ങളെ കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കാം. അവിടുന്ന് നമ്മെ അന്ത്യത്തോളം വഴി നടത്തും. എന്നാൽ ഉത്തരം ലഭിച്ചു കഴിഞ്ഞാൽ ദൈവത്തോടു നന്ദിയുള്ളവരായിരിക്കാം. കർത്താവിനെ സ്തുതിക്കാം. ആരാധിക്കാം .....
(കടപ്പാട് - The unchanging word of God. david Jeremiah)
No comments:
Post a Comment