സങ്കീർത്തനക്കാരനായ ദാവീദ് രാജാവ് വലിയ കഷ്ടങ്ങളുടേയും യുദ്ധങ്ങളുടേയും അവസ്ഥയിൽ കൂടി കടന്നു പോയപ്പോൾ പാടിയ പാട്ടുകളാണ് 56 മുതൽ 60 വരെയുള്ള സങ്കീർത്തനങ്ങൾ .
ഫെലിസ്ത്യർ തന്നെ പിടിച്ചപ്പോഴും, ശൗലിന്റെ ഉപദ്രവത്തിൽ നിന്ന് രക്ഷപെടാനായി ഗുഹയിലേക്ക് ഓടിപ്പോയപ്പോഴും ദാവീദ് ദൈവത്തോട് കീർത്തനങ്ങളെ പാടി. അരാമ്യരോട് യുദ്ധം കഴിഞ്ഞ് മടങ്ങി വരുമ്പോഴും ദാവീദിന്റെ ഹൃദയത്തിൽ ഒരു സംഗീതമുണ്ടായിരുന്നു.
എന്നാൽ ഈ പാട്ടുകൾക്ക് ഉള്ള പേരാണ് ഏറ്റവും ആശ്ചര്യം.
സ്വർണ്ണഗീതങ്ങൾ !!!
ദൈവഭക്തന് സ്വർണ്ണത്തക്കാൾ വിലയേറിയതാണ് ദൈവചനം. ആയിരമായിരം പൊൻ വെള്ളി നാണ്യത്തെക്കാൾ ദൈവചനം ഏറെ ഉത്തമം.
സ്വർണ്ണ ഗീതങ്ങളിലെ ചില വരികൾ ചുവടെ ചേർക്കുന്നു.
ഞാൻ ഭയപ്പെടുന്ന നാളിൽ നിന്നിൽ ആശ്രയിക്കും. ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴും; ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. ജഡത്തിന് എന്നോട് എന്തുചെയ്‍വാൻ കഴിയും? നീ എന്റെ ഉഴൽച്ചകളെ എണ്ണുന്നു; എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവയ്ക്കേണമേ; അതു നിന്റെ പുസ്തകത്തിൽ ഇല്ലയോ?
സങ്കീര്‍ത്തനങ്ങള്‍ 56: 3,4,8
ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; എന്നോടു കൃപയുണ്ടാകേണമേ; ഞാൻ നിന്നെ ശരണം പ്രാപിക്കുന്നു; അതേ, ഈ ആപത്തുകൾ ഒഴിഞ്ഞുപോകുവോളം ഞാൻ നിന്റെ ചിറകിൻനിഴലിൽ ശരണം പ്രാപിക്കുന്നു. അത്യുന്നതനായ ദൈവത്തെ ഞാൻ വിളിച്ചപേക്ഷിക്കുന്നു; എനിക്കുവേണ്ടി സകലവും നിർവഹിക്കുന്ന ദൈവത്തെ തന്നെ. സങ്കീർത്തനങ്ങൾ 57: 1, 2
എന്റെ മനസ്സ് ഉറച്ചിരിക്കുന്നു; ദൈവമേ, എന്റെ മനസ്സ് ഉറച്ചിരിക്കുന്നു; ഞാൻ പാടും; ഞാൻ കീർത്തനം ചെയ്യും. എൻ മനമേ, ഉണരുക; വീണയും കിന്നരവുമായുള്ളോവേ ഉണരുവിൻ! ഞാൻ അതികാലത്തെ ഉണരും. കർത്താവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും; ജാതികളുടെ മധ്യേ ഞാൻ നിനക്കു കീർത്തനം ചെയ്യും. നിന്റെ ദയ ആകാശത്തോളവും നിന്റെ വിശ്വസ്തത മേഘങ്ങളോളവും വലിയതല്ലോ.
സങ്കീര്‍ത്തനങ്ങള്‍ 57 :, 7-10
ആകയാൽ: നീതിമാന് പ്രതിഫലം ഉണ്ട് നിശ്ചയം; ഭൂമിയിൽ ന്യായം വിധിക്കുന്ന ഒരു ദൈവം ഉണ്ട് നിശ്ചയം എന്നു മനുഷ്യർ പറയും.
സങ്കീര്‍ത്തനങ്ങള്‍ 58 :11
എന്റെ ബലമായുള്ളോവേ, ഞാൻ നിന്നെ കാത്തിരിക്കും; ദൈവം എന്റെ ഗോപുരമാകുന്നു. ഞാനോ നിന്റെ ബലത്തെക്കുറിച്ചു പാടും; അതികാലത്തു ഞാൻ നിന്റെ ദയയെക്കുറിച്ച് ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്തു നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു. എന്റെ ബലമായുള്ളോവേ, ഞാൻ നിനക്കു സ്തുതി പാടും; ദൈവം എന്റെ ഗോപുരവും എന്നോടു ദയയുള്ള ദൈവവും അല്ലോ.
സങ്കീര്‍ത്തനങ്ങള്‍ 59: 9, 16-17
സത്യംനിമിത്തം ഉയർത്തേണ്ടതിനു നീ നിന്റെ ഭക്തന്മാർക്ക് ഒരു കൊടി നല്കിയിരിക്കുന്നു.. നിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിനു നിന്റെ വലംകൈകൊണ്ടു രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമരുളേണമേ.
സങ്കീര്‍ത്തനങ്ങള്‍ 60:4-5
എന്നാൽ മറ്റൊരു സ്വർണ്ണ ഗീതം കൂടെ സങ്കീർത്തനങ്ങളിൽ ഉണ്ട്.
ഏതാണ് ആ പാട്ട്?
കർത്താവായ യേശുവിനെ എപ്പോഴും കൺമുമ്പിൽ കണ്ട് വാഴ്ത്തിപ്പാടുന്ന 16-ാം സങ്കീർത്തനം.
ദൈവമേ, ഞാൻ നിന്നെ ശരണം ആക്കിയിരിക്കയാൽ എന്നെ കാത്തുകൊള്ളേണമേ. ഞാൻ യഹോവയോടു പറഞ്ഞത്: നീ എന്റെ കർത്താവാകുന്നു; നീ ഒഴികെ എനിക്ക് ഒരു നന്മയും ഇല്ല. ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വച്ചിരിക്കുന്നു. അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകയില്ല. അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിച്ച് എന്റെ മനസ്സ് ആനന്ദിക്കുന്നു; എന്റെ ജഡവും നിർഭയമായി വസിക്കും. ജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും; നിന്റെ സന്നിധിയിൽ സന്തോഷപരിപൂർണതയും നിന്റെ വലത്തുഭാഗത്ത് എന്നും പ്രമോദങ്ങളും ഉണ്ട്
സങ്കീര്‍ത്തനങ്ങള്‍ 16: 1-2, 8-9, 11
ഈ സ്വർണ്ണ ഗീതങ്ങളെ ഇന്നേ ദിവസം നമുക്ക് ധ്യാനിക്കാം. ചുറ്റുപാടും ഹൃദയം വേദനിപ്പിക്കുന്ന കാര്യങ്ങൾ സംഭവിക്കുന്ന ഈ നാളുകളിൽ ദാവീദിനെപ്പോലെ നമ്മുടെ കർത്താവിനെ എപ്പോഴും കൺമുമ്പിൽ കണ്ട് സ്തുതിക്കാം. എല്ലാം മറന്ന് യേശുവിനെ ആരാധിക്കാം. അങ്ങനെയെങ്കിൽ ഈ ദിനങ്ങൾ നമ്മുടെ ജീവിതത്തിലെ സുവർണ്ണ ദിവസങ്ങളായിത്തീരും. ദൈവം അതിന് നമ്മെ സഹായിക്കട്ടെ. ആമേൻ
No comments:
Post a Comment