Tuesday, July 28, 2020



അനുഗ്രഹീത ക്രിസ്തീയ എഴുത്തുകാരനായ ഫെനലെന്റെ "ദൈവത്തോടു് സംസാരിക്കുക'' എന്ന പുസ്തകത്തിലെ ആദ്യ അദ്ധ്യായം എന്റെ ജീവിതത്തെ വളരെയധികം സ്പർശിച്ചിട്ടുണ്ട് .അത് ലളിതമായിട്ട് ചുവടെ കുറിക്കട്ടെ..

നിങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞു വരുന്ന ചിന്തകൾ എന്താണോ അത് പ്രാർത്ഥനയിൽ ദൈവവുമായി പങ്കുവെക്കുക . നിങ്ങൾ     ദൈവസാന്നിദ്ധ്യം ആസ്വദിക്കുകയാണെങ്കിൽ, അവനെ സ്നേഹിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവനോട് അങ്ങനെ പറയുക. എല്ലാ സന്തോഷങ്ങളും പങ്കു വെക്കുക.

അങ്ങനെ നിങ്ങളുടെ മനസ്സ് കർത്താവിന്റെ മുമ്പിൽ പകരുകയാണ് എങ്കിൽ ദൈവമുമ്പാകെ ചെലവിടുന്ന സമയങ്ങൾ വേഗത്തിൽ കടന്നു പോകും.
കാരണം നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ ഹൃദയത്തിലുള്ള ചിന്തകൾ എന്തായിരുന്നാലും അത് ഒരു മൂടുപടവും ഇടാതെ നമ്മുടെ സ്വർഗ്ഗീയ പിതാവിനോട് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ പറയുകയും ചെയ്യുക എന്നതാണ്.

അപ്പോൾ നിങ്ങൾ ചോദിക്കും ആത്മീയ വരൾച്ച, ശാരീരിക ക്ഷീണം, പോരാട്ടങ്ങൾ എന്നിവയിലൂടെ ഞാൻ കടന്നു പോകുമ്പോൾ എന്തു ചെയ്യണം?നിങ്ങളുടെ ഹൃദയത്തിലുള്ളത് അതു പോലെ തുറന്നു പറയുക.

നിങ്ങൾക്ക് അവനോട് ഒരു സ്നേഹവും ഇപ്പോൾ തോന്നുന്നില്ലെന്നും എല്ലാം നിങ്ങൾക്ക് ഭയങ്കര ശൂന്യമാണെന്നും അവന്റെ സാന്നിദ്ധ്യം നിങ്ങളെ ചലിപ്പിക്കുന്നില്ലെന്നും,ജീവിതം ഒരു വലിയ മടുപ്പെന്നും അനുഭവപ്പെടുന്നു എങ്കിൽ അതും പ്രാർത്ഥനയിൽ കർത്താവിനോട് പറയുക.

എല്ലാ പാപങ്ങളും ദൈവത്തോട് ഏറ്റു പറയുക. ഒന്നും മറെച്ചു വെക്കരുത്.

ദൈവവുമായി സംസാരിക്കാൻ ഇത്ര അധികം എന്താണുള്ളതെന്ന് പലരും ചോദിക്കാറുണ്ട്.

രോഗങ്ങൾ, കഷ്ടതകൾ, മാനസിക പിരിമുറുക്കം, ആരോടും തുറന്നു പറയാൻ കഴിയാത്ത വിഷമങ്ങൾ എല്ലാം യേശു കർത്താവിനോട് പറയുക.

അവനോടു പറയുക, “പ്രിയ ദൈവമേ, എന്റെ നന്ദികേട്, അവിശ്വസ്തത  എന്നിവ കാണുക. എന്റെ ഹൃദയം അങ്ങയുടെ മുമ്പാകെ ഞാൻ തുറന്നു വെക്കുന്നു " .

'ലോക മോഹങ്ങളോട് എനിക്ക് ആന്തരികമായ, വെറുപ്പ് തരൂ; നിന്റെ നുകത്തിൻ കീഴിൽ എന്നെ ചേർത്ത് നിർത്തൂ കർത്താവേ. എന്നോട് കരുണ തോന്നണമേ! "

ഈ വിധത്തിൽ, ഒന്നുകിൽ ദൈവത്തിന്റെ കരുണയെക്കുറിച്ചോ നിങ്ങളുടെ യഥാർത്ഥ അവസ്ഥയെക്കുറിച്ചോ എപ്പോഴും കർത്താവിനോട് സംസാരിക്കാൻ തുടങ്ങിയാൽ ദൈവസന്നിധിയിൽ നാം ചെലവിടുന്ന സമയം അർത്ഥപൂർണ്ണമായിരിക്കും.

മുകളിൽ വിവരിച്ച ഏത് അവസ്ഥകളിലൂടെ നിങ്ങൾ കടന്നു പോവുകയാണെങ്കിലും
ഹൃദയത്തിലുള്ളതെല്ലാം മടിക്കാതെ യേശുവിനോട് പറയുക. അമ്മയുടെ മടിയിൽ ഇരിക്കുന്ന ഒരു കൊച്ചുകുഞ്ഞിന്റെ ലാളിത്യവും സ്വസ്ഥതയും അനുഭവിച്ചു കൊണ്ട് ......

മറ്റൊരു സമയത്തേക്ക് മാറ്റിവെക്കരുതേ: നിങ്ങളുടെ കൈയ്യിൽ ഇരിക്കുന്ന ഫോണിനേക്കാൾ  വാസ്തവമായി ദൈവം നിങ്ങളുടെ ഉള്ളിൽ വസിക്കുന്നു. നിങ്ങളോട് കൂടെ ഇരിക്കുന്നു .ഹൃദയം കർത്താവിന്റെ മുമ്പിൽ പകർന്നു തുടങ്ങുക.
അവൻ എല്ലാം അറിയുന്നു. എല്ലാം .....
ഇനിയുള്ള നിമിഷങ്ങൾ നിങ്ങളും കർത്താവും മാത്രം........












(സമാഹൃതം - ഫെനലൻ)

2 comments:

  1. ആമേൻ.. ഇത് ഒരു പുതിയ അനുഭവം തന്നെ ആണ്..

    ReplyDelete