Friday, July 31, 2020


കഴിഞ്ഞ വർഷങ്ങളിൽ ധാരാളം യാത്രകൾ ചെയ്തിട്ടുള്ള അനേകർ വളരെ കുറച്ചു മാത്രം സഞ്ചരിച്ച മാസങ്ങളായിരുന്നു ഈ കഴിഞ്ഞു പോയത്. ലോക്ക് ഡൗൺ കാലഘട്ടം ധാരാളം സ്ഥലങ്ങളിൽ നാം യാത്ര ചെയ്തതിന്റെ ഓർമ്മകൾ ഹൃദയത്തിൽ നിറഞ്ഞു നിന്ന സമയമാണ് .
യാത്രകൾ പലതും സന്തോഷ പ്രദമെങ്കിലും ധാരാളം luggage-കൾ വഹിച്ചു കൊണ്ടുള്ള യാത്രകൾ നമ്മെ ക്ഷീണിപ്പിച്ചിട്ടുണ്ട്.

എന്നാൽ ജീവിത ഭാരങ്ങൾ വഹിച്ചു കൊണ്ടുള്ള യാത്ര ഇതിലും എത്രയോ കഠിനമാണ്. പാപഭാരം, ജീവിത ക്ലേശങ്ങൾ, രോഗങ്ങൾ, ആകുലത :..ഇങ്ങനെ വളരെ നീണ്ടു പോകുന്നു മനുഷ്യർ ചുമക്കുന്ന ഭാരങ്ങളുടെ കണക്ക്.
എന്നാൽ ഭാരങ്ങൾ വഹിച്ച് തളർന്നവർക്ക് ഒരു ശുഭസന്ദേശം യേശു നൽകുന്നു."അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും."മത്തായി 11 :28

'പരദേശി മോക്ഷയാത്ര എന്ന പുസ്തകത്തിലെ യാത്രക്കാരൻ ധാരാളം ഭാരം വഹിച്ച് തളർന്നവനായിരുന്നു. എന്നാൽ യേശുവിന്റെ ക്രൂശിന്റെ മുമ്പിൽ താൻ സമർപ്പിക്കപ്പെട്ടപ്പോൾ എല്ലാ ഭാരങ്ങളിൽ നിന്നും സ്വതന്ത്രനായി യാത്ര തുടർന്നു.
ദൈവവചനത്തിലെ വാഗ്ദാനങ്ങൾ ശ്രദ്ധിച്ചാലും...

"നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കർത്താവു വാഴ്ത്തപ്പെടുമാറാകട്ടെ ".
സങ്കീർത്തനങ്ങൾ 68: 19

നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല.
സങ്കീർത്തനങ്ങൾ 55: 22

അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ.
1. പത്രൊസ് 5: 7 


'കാല്പാടുകൾ 'എന്നറിയപ്പെടുന്ന ഒരു ലേഖനം എന്റെ ഹൃദയത്തെ വളരെ ആശ്വസിപ്പിച്ചിട്ടുണ്ട് ..
സന്തോഷദിവസങ്ങളിൽ യേശുവിന്റെ കരം പിടിച്ച് നടന്ന മനുഷ്യൻ സമുദ്രതീരത്ത് നാല് കാല്പാടുകൾ മണലിൽ പതിഞ്ഞതായി തന്റെ സ്വപ്നത്തിൽ കണ്ടു. അവൻ പറഞ്ഞു നന്ദി യേശുവേ!
എന്നാൽ വേദനയുടെ ദിവസങ്ങളിൽ അവനെ എല്ലാവരും കൈവിട്ട നാളുകളിൽ അവൻ കണ്ട സ്വപ്നത്തിൽ ഇപ്പോൾ രണ്ട് കാല്പാടുകൾ മാത്രം: അവൻ ചോദിച്ചു യേശുവേ നീയും എന്നെ കൈവിട്ടുവോ?
യേശു കർത്താവു് ഇപ്രകാരം പറഞ്ഞു. സന്തോഷ നാളുകളിൽ ഞാൻ നിന്റെ കരങ്ങളിൽ പിടിച്ച് നിന്നെ നടത്തി. എന്നാൽ ദുഃഖദിവസങ്ങളിൽ ഞാൻ നിന്നെ എന്റെ കരങ്ങളിൽ എടുത്തു കൊണ്ട് നടന്നു. നീ ഇപ്പോൾ കാണുന്ന കാല്പാടുകൾ നിന്റേതല്ല എന്റേതത്രേ...!!
 
ജോസഫ് സ്ക്രിവൻ എഴുതിയ മനോഹര ഗാനം ഇപ്രകാരമാണ് -

എന്തു നല്ലോർ സഖിയേശു ! പാപ ദു:ഖം വഹിക്കും
എല്ലാം യേശുവോട് ചെന്നു ചൊല്ലീടുമ്പോൾ താൻ കേൾക്കും
നൊമ്പരമേറെ സഹിച്ചു സമാധാനങ്ങൾ നഷ്ടം
എല്ലാം യേശുവോട് ചെന്ന് ചൊല്ലീടായ്ക നിമിത്തം

കഷ്ടം ശോധനകളുണ്ടോ ഏവ്വിധ ദുഃഖങ്ങളും?
ലേശവമധൈര്യം വേണ്ടാ ചൊല്ലാം യേശുവോടെല്ലാം
ദുഃഖം സർവ്വം വഹിക്കുന്ന മിത്രംമറ്റാരുമുണ്ടോ
ക്ഷീണമെല്ലാം അറിയുന്നയേശുവോട് ചൊല്ലിടാം

ഉണ്ടോ ഭാരം ബലഹീനം തുമ്പങ്ങളും അസംഖ്യം?
രക്ഷകനല്ലോ സങ്കേതം യേശുവോടറിയിക്കാം
മിത്രങ്ങൾ നിന്ദിക്കുന്നുണ്ടോ? പോയ് ചൊല്ലേശുവോടെല്ലാം
ഉള്ളം കയ്യിൽ ഈശൻ നമ്മെ കാക്കും അങ്ങുണ്ടാശ്വാസമെല്ലാം

ഭാരം വഹിച്ചു തളർന്നുള്ള യാത്ര മതി.
ഉറ്റമിത്രമായി യേശു കർത്താവ് കൂടെയുണ്ട്. മുകളിൽ ഉദ്ധരിച്ച ഗാനം സമർപ്പണത്തോടെ പാടി എന്ന് കരുതട്ടെ. 'മരുഭൂമിയിൽ നിന്ന് തന്റെ പ്രിയന്റെ മേൽ ചാരിക്കൊണ്ട് വരുന്ന ഇതാരാണ്?
എന്ന ചോദ്യത്തിന്ന് മറുപടിയായി യെരുശലേം പുത്രിമാരോട് പറയുക- അത് മറ്റാരുമല്ല യേശു സ്നേഹിച്ച ഞാൻ തന്നെ !! ഹല്ലേലുയ്യ ...

സ്വതന്ത്രരായി കരങ്ങൾ ഉയർത്തി ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് ഈ ദിവസം ആരംഭിക്കുക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!!












1 comment: