Thursday, July 30, 2020


നിന്റെ പ്രകാശവും സത്യവും അയച്ചു തരേണമേ ; അവ എന്നെ നടത്തുമാറാകട്ടെ; നിന്റെ വിശുദ്ധപർവ്വതത്തിലേക്കും തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കുമാറാകട്ടെ.
സങ്കീർത്തനങ്ങൾ 43: 3 .

ദൈവം നമുക്കു നൽകുന്ന പ്രകാശവും സത്യവുമാണ് ഇരുൾ നിറഞ്ഞ ഈ ലോകത്തിൽ നമ്മെ വഴി നടത്തുന്നത്. ദൈവവചന സത്യങ്ങൾ ഒരു വലിയ സ്വാതന്ത്ര്യത്തിലേക്കാണ് ഭക്തനെ നയിക്കുന്നത്. ഇന്നേ ദിവസത്തെ ധ്യാനത്തിനായി ചില വചന സത്യങ്ങൾ ചുവടെ കുറിക്കട്ടെ.

1) ദൈവത്തിൽ വിശ്രമിക്കുന്നതാണ് യഥാർത്ഥ ബലം. എത്ര വലിയ പ്രതികൂലങ്ങളുടെ മദ്ധ്യത്തിലും ദൈവഭക്തന് കർത്താവിൽ വിശ്രമിക്കാൻ കഴിയും.

"യിസ്രായേലിന്റെ പരിശുദ്ധനായി യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: മനംതിരിഞ്ഞു അടങ്ങിയിരുന്നാൽ നിങ്ങൾ രക്ഷിക്കപ്പെടും. വിശ്രമിക്കുന്നതിലും ആശ്രയിക്കുന്നതിലും നിങ്ങളുടെ ബലം."
യെശയ്യാവു 30:15

2) സർവ്വശക്തനായ ദൈവം എന്റെ ഉള്ളിൽ വസിക്കുന്നു. ഞാൻ എത്ര ബലഹീന വ്യക്തിയെങ്കിലും ഞാൻ വസിക്കുന്നത് ക്രിസ്തുവിലും ,ക്രിസ്തു എന്നിലും വസിക്കുന്നു.
ഹാലേലുയ്യാ! ദൈവം എന്നെ തന്റെ ആലയമാക്കിത്തീർത്തിരിക്കുന്നു.

നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?
1 കൊരിന്ത്യർ 3: 16

3) പിതാവായ ദൈവം തന്റെ പുത്രനായ യേശുവിനെ സ്നേഹിക്കുന്നതു പോലെ തന്നെ എന്നെയും സ്നേഹിക്കുന്നു. എത്ര ആനന്ദവും സ്വാതന്ത്ര്യവും നല്കുന്ന സത്യം .

"നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.
യോഹന്നാൻ 17: 23

4) ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എല്ലാം ക്രിസ്തുവിൽ ഉവ്വ് എന്നത്രെ.
വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ .സാഹചര്യങ്ങൾ അല്ല ദൈവമാണ് എല്ലാം നിയന്ത്രിക്കുന്നവൻ. വിശ്വസിക്കുന്നവൻ ദൈവത്തിന്റെ മഹത്വം നിശ്ചയമായും ദർശിക്കും .

ഞാൻ നിന്നെ ഒരു നാളും കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല - എബ്രായർ 13 :5
ചില പരിഭാഷകളിൽ മൂന്നു പ്രാവശ്യം ആവ
ർത്തിച്ചിരിക്കുന്നു. ഞാൻ നിന്നെ ഒരു നാളും തള്ളിക്കളയില്ല, ഉപേക്ഷിക്കില്ല. എത്ര വലിയ ധൈര്യവും ഉറപ്പുമാണ് ഈ വചനം നമുക്ക് നൽകുന്നത്

He has said, “I will never [under any circumstances] desert you[nor give you up nor leave you without support, nor will I in any degree leave you helpless], nor will I forsake or let you down or relax My hold on you [assuredly not]!”Hebrews 13 :5 (amplified version)

കർത്താവേ ദൈവ വചന സത്യങ്ങൾ ആഴത്തിൽ ഗ്രഹിപ്പാൻ തക്കവണ്ണം എന്റെ കണ്ണുകളെ പ്രകാശിപ്പിക്കേണമേ. വലിയ കൊള്ള കണ്ടു കിട്ടിയവനെപ്പോലെ അവിടുത്തെ വചനത്തിൽ ഞാൻ സന്തോഷിക്കട്ടെ. മുകളിൽ പറഞ്ഞ സങ്കീർത്തനം തുടർന്നു വായിക്കുമ്പോൾ
സങ്കീർത്തനക്കാരൻ ദൈവ പ്രകാശവും സത്യവും തന്നെ വിശുദ്ധപർവ്വതത്തിലേക്കും തിരുനിവാസത്തിലേക്കും എത്തിക്കുമാറാകട്ടെ എന്ന് ആഗ്രഹിച്ച് അപേക്ഷിക്കുന്നു.'.

43-ാംസങ്കീർത്തനം ഈ ദിവസം ധ്യാനിച്ചു കൊണ്ട് പരമാനന്ദമായ ദൈവത്തിൽ നമുക്ക് ആനന്ദിക്കാം.

"ഞാൻ ദൈവത്തിന്റെ പീഠത്തിങ്കലേക്കു, എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്കു ചെല്ലും; ദൈവമേ, എന്റെ ദൈവമേ, കിന്നരംകൊണ്ടു ഞാൻ നിന്നെ സ്തുതിക്കും."
സങ്കീർത്തനങ്ങൾ 43 :4





No comments:

Post a Comment