...ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.യോഹന്നാന്‍ 14:19
അപ്പൊസ്തോലനായ പൗലോസ് ഫിലിപ്പിയയിൽ വച്ച് കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടപ്പോൾ അർദ്ധരാത്രിയിൽ തന്റെ കൂട്ടുവേലക്കാരനായ ശീലാസിനോട് ചേർന്ന് ദൈവത്തെ മഹത്വപ്പെടുത്തി.
ഇന്നേ ദിവസം ദൈവത്തെ മഹത്വപ്പെടുത്തി ജീവിക്കുവാൻ ചില വചന സത്യങ്ങൾ നമ്മെ സഹായിക്കട്ടെ.
1. എന്റെ ജീവിത സാഹചര്യങ്ങൾ എപ്പോഴും മാറിക്കൊണ്ടിരിക്കും. എന്നാൽ എന്റെ ജീവിതം മാറുന്ന സാഹചര്യത്തെ ആശ്രയിച്ചല്ല മാറ്റമില്ലാത്ത ദൈവത്തിൽ ആശ്രയിച്ചായിരിക്കട്ടെ.
"യഹോവയിൽ ആശ്രയിക്കയും യഹോവ തന്നെ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ. അവൻ വെള്ളത്തിനരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും; ഉഷ്ണം തട്ടുമ്പോൾ അതു പേടിക്കയില്ല; അതിന്റെ ഇല പച്ചയായിരിക്കും; വരൾച്ചയുള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായിച്ചുകൊണ്ടിരിക്കും."
യിരെമ്യാവ് 17 :7-8
2. എന്തെല്ലാം സംഭവിച്ചാലും യേശു കർത്താവുമായുള്ള കൂട്ടായ്മ യാണ് എന്റെ ജീവിതത്തിന്റെ അടിസ്ഥാനവും ബലവും.
"ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ? നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിലൊക്കെയും പൂർണജയം പ്രാപിക്കുന്നു. മരണത്തിനോ ജീവനോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരുവാനുള്ളതിനോ ഉയരത്തിനോ ആഴത്തിനോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽനിന്നു നമ്മെ വേർപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറച്ചിരിക്കുന്നു."
റോമര്‍ 8: 35, 37-39
3. ദൈവം എന്റെ പിതാവാണ് .ദൈവം സമ്മതിക്കാതെ എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ല. എന്റെ ജീവിതത്തിലെ എല്ലാറ്റിലും സ്വർഗീയ പിതാവ് വളരെ ശ്രദ്ധാലുവാണ് .
"കാശിനു രണ്ടു കുരികിൽ വില്ക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല. എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു. ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ. "
മത്തായി 10 :29-31
4. ദൈവത്തിന്റെ ചിന്തകളും വിചാരങ്ങളും എന്റെ ചിന്തയ്ക്കും ബുദ്ധിക്കും അഗോചരമാണ്. അവിടുന്ന് സർവ്വജ്ഞാനിയാണ്.
"എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു. ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു."
യെശയ്യാവ് 55 :8-9
5. ദൈവത്തെ സ്നേഹിക്കുന്ന,അവിടുത്തെ നിർണ്ണയ പ്രകാരം വിളിക്കപ്പെട്ട എന്റെ ജീവിതത്തിൽ അവിടുന്ന് സകലവും നൻമക്കായി പരിണമിപ്പിക്കുന്നു .ക്രിസ്തുവിന്റെ സ്വരൂപത്തോട് എന്നെ അനുരൂപനാക്കിത്തീർക്കുന്നു.
"എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിർണയപ്രകാരം വിളിക്കപ്പെട്ടവർക്കുതന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു. അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന് അവന്റെ സ്വരൂപത്തോട് അനുരൂപരാകുവാൻ മുൻനിയമിച്ചുമിരിക്കുന്നു."
റോമര്‍ 8: 28-29
6. എന്റെ ജീവിതത്തിൽ ദൈവം അനുവദിക്കുന്ന എല്ലാത്തിലും ദൈവത്തിന്റെ സ്നേഹം, ദയ, കരുണ എല്ലാം കൂടുതലായി വെളിപ്പെടുന്നു.
"നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മയ്ക്കല്ല നന്മയ്ക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാട്. "
യിരെമ്യാവ് 29: 11
7. എന്നിൽ നല്ല പ്രവൃത്തി ആരംഭിച്ച ദൈവം തന്റെ സ്നേഹത്തിൽ എന്റെ ജീവിതത്തിൽ അനുവദിക്കുന്ന എല്ലാ കാര്യങ്ങളും അത് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഞാൻ മനസ്സിലാക്കുന്നു.
"ഞാൻ നിങ്ങൾക്ക് എല്ലാവർക്കുംവേണ്ടി കഴിക്കുന്ന സകല പ്രാർഥനയിലും എപ്പോഴും സന്തോഷത്തോടെ പ്രാർഥിച്ചും നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികയ്ക്കും എന്ന് ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു."
ഫിലിപ്പിയര്‍ 1 :3-4
8. എന്റെ ജീവിത സാഹചര്യങ്ങൾ, രോഗങ്ങൾ, പ്രതികൂലങ്ങൾ, നേട്ടങ്ങൾ എല്ലാം താൽക്കാലികമാണ്. കുറച്ചു നേരം മാത്രമുള്ള എന്റെ ലഘുവായ കഷ്ടം അത്യന്തം അനവധിയായ തേജസ്സിന്റെ നിത്യ ഘനം എനിക്ക് കിട്ടുവാൻ ഹേതുവാകുന്നു .നിത്യതയിൽ കർത്താവിന്റെ മുഖം ഞാൻ കാണും.
ഭാഗ്യകരമായ പ്രത്യാശ !!
"നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു. കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നത് താൽക്കാലികം, കാണാത്തതോ നിത്യം."
2 കൊരിന്ത്യര്‍ 4: 17-18
ദൈവത്തിന് സ്തോത്രം!
ഹല്ലേലുയ്യാ
(സമാഹൃതം)
Amen it's really strengthens a lot..Thanks for reminding..
ReplyDeleteAmen
ReplyDelete