Friday, August 14, 2020

 

ബോസ്റ്റണിൽ സൺഡേ സ്കൂളിൽ അധ്യാപകനായിരുന്ന എഡ് വേർഡ് കിംബാളിന് താൻ പഠിപ്പിച്ചിരുന്ന കുട്ടികളെല്ലാവരും വ്യക്തിപരമായി യേശുവിനെ അറിയണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു.

ഓരോ ശനിയാഴ്ചകളിലും ഓരോ കുട്ടിയെ വ്യക്തിപരമായി കണ്ട് സുവിശേഷം പറയുവാൻ അദ്ദേഹം തീരുമാനിച്ചു,
അദ്ദേഹത്തിന്റെ ഒരു വിദ്യാർത്ഥി ഒരു ഷൂ കടയിലെ ജോലിക്കാരനായിരുന്നു. അദ്ദേഹം കടയിൽ ചെന്ന് സ്റ്റോക്ക് റൂമിൽ വച്ച് ദൈവവചനം പങ്കുവെച്ചു... ഷൂ നിറഞ്ഞു കിടന്ന ആ മുറിയിൽ വെച്ച് സുവിശേഷം വ്യക്തമായി കേട്ട് വിശ്വസിച്ച വിദ്യാർത്ഥി യേശുവിനെ രക്ഷകനായി അവിടെ വച്ച് സ്വീകരിച്ചു. അതാരാണെന്ന് പറയട്ടെ. ഡി. എൽ മൂഡി !!

പിന്നീട് ഡി. എൽ മൂഡി ലക്ഷങ്ങളെ യേശുവിലേക്ക് നടത്തി.:
അദേഹത്തിന്റെ ശൂശ്രൂഷയിലൂടെ വിൽബർ ചാപ്മാൻ ദൈവത്തിൽ വിശ്വസിച്ചു. ചാപ്മാൻ ഒരു സുവിഷേകനായിത്തീർന്നു.
ചിക്കാഗോയിൽ ചാപ്മാൻ നടത്തിയ സുവിശേഷ യോഗത്തിൽ വച്ച് ബില്ലി സൺഡേ എന്ന സ്പോർട്സ് താരം രക്ഷിക്കപ്പെട്ടു. അദ്ദേഹം അനേകം കായിക താരങ്ങളെ ക്രിസ്തുവിലേക്ക് നടത്തി. ബില്ലി സൺഡേ പ്രസംഗിച്ച വലിയ സുവിശേഷ യോഗങ്ങളിലൂടെ ജീവന്റെ ഉറവിടമായ യേശുവിലേക്ക് അനേകായിരങ്ങൾ നയിക്കപ്പെട്ടു.
ബില്ലി സൺഡേ നടത്തിയ ഒരു ക്രൂസേഡിൽ വച്ച്  മോർദ്ദേഖായി ഹാം എന്ന യൌവനക്കാരൻ രക്ഷിക്കപ്പെട്ടു. തുടർന്ന്  മോർദ്ദേഖായി ഹാം അനേകം സുവിശേഷ യോഗങ്ങൾ നടത്തി .അതിലൊരു മീറ്റിംഗിൽ വച്ച് ബില്ലിഗ്രഹാം തന്റെ ജീവിതം യേശുവിനായി സമർപ്പിച്ചു.
നമുക്കറിയാം ദൈവം ബില്ലി ഗ്രഹാമിനെ ലോക സുവിശേഷീകരണത്തിനായി ഉപയോഗിച്ച ചരിത്രം .

എഡ്വേർഡ് കിംബാൾ എന്ന സൺഡേ സ്കൂൾ അധ്യാപകൻ ഞായറാഴ്ച വേദപഠനം എന്ന ഉത്തരവാദിത്തം ഏറ്റെടുത്തു വിശ്വസ്തതയോടെ പ്രവർത്തിച്ചു.
എന്നാൽ തന്റെ കുട്ടികൾ യേശുവിനെ വ്യക്തിപരമായി അറിയണമെന്ന ആഗ്രഹത്തിൽ ക്രിസ്തുവിന്റെ സ്നേഹത്താൽ നിർബന്ധിക്കപ്പെട്ട് ശനിയാഴ്ചകളിൽ നടത്തിയ ഒരു കൂടിക്കാഴ്ചയുടെ അനന്തര ഫലം പിന്നീട് നാം കണ്ടു.
ഒരു മനുഷ്യൻ ദൈവത്തോടുള്ള വിശ്വസ്തതയിൽ ചെയ്ത ഒരു പ്രവൃത്തിയുടെ ഫലം എത്ര എത്രയോ വലിയത്!!!

അഞ്ചപ്പം .. രണ്ടു മീൻ
രണ്ട് ചില്ലിക്കാശ്
ഒരു താലന്ത്
ഒരു ഭരണി തൈലം
ഒരു സന്ദർശനം... ഒരു ഗോസ്പൽ ട്രാക്റ്റ് ... ഒരു ഫോൺ കോൾ ...
ഒരാളുമായി പങ്കു വെച്ച സുവിശേഷം ...
ഒരു പ്രാർത്ഥന - ഒരു തുള്ളി കണ്ണുനീർ -
ദൈവത്തിന് ഒന്നും ചെറുതല്ല -

കർത്താവേ ഹൃദയ നുറുക്കത്തോടെ ഞാൻ പ്രാർത്ഥിക്കുന്നു.
ചെയ്യുന്ന പ്രവൃത്തിയുടെ വലിപ്പമല്ല അത് കർത്താവിന്റെ മഹത്വത്തിന്നായി ചെയ്യുന്നതാണ് ഉത്തമം എന്ന് ഞാൻ മനസ്സിലാക്കുന്നു. ഒരു ചുവട് മുൻപോട്ട് വെക്കാൻ എന്നെ സഹായിക്കേണമേ. ആമേൻ.

യഹോവേ, നിന്റെ കണ്ണു വിശ്വസ്തതയല്ലയോ നോക്കുന്നതു?
യിരെമ്യാവു 5: 3 (a)

യഹോവ നമുക്കുവേണ്ടി പ്രവർത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാൻ യഹോവെക്കു പ്രയാസമില്ലല്ലോ എന്നു പറഞ്ഞു.
1. ശമൂവേൽ 14: 6 ( c)

അല്പകാര്യങ്ങളുടെ ദിവസത്തെ ആർ തുച്ഛീകരിക്കുന്നു? സർവ്വഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഈ ഏഴു കണ്ണു സെരുബ്ബാബേലിന്റെ കയ്യിലുള്ള തുക്കുകട്ട കണ്ടു സന്തോഷിക്കുന്നു.
സെഖര്യാവു 4 :10 


ആകയാൽ എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ.
1. കൊരിന്ത്യർ 15:58 





No comments:

Post a Comment