Tuesday, August 11, 2020

 

രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ കാലം. മിലിട്ടറി സേവനം കഴിഞ്ഞ് റോജർ സിംസ് എന്ന പട്ടാളക്കാരൻ ചിക്കാഗോയിലേക്ക് മടങ്ങിപ്പോകാൻ വാഹനം കാത്ത് നിൽക്കുന്നു .
ആ സമയം ഒരു കാഡിലാക് കാർ അദ്ദേഹത്തിന്റെ അരികിൽ നിർത്തി.

"ചിക്കാഗോയിലേക്കാണോ? ഞാൻ ഡ്രോപ് ചെയ്യാം "
പെട്ടികളെല്ലാം എടുത്തു വെക്കാൻ അദ്ദേഹം റോജറിനെ സഹായിച്ചു.

അദ്ദേഹം തന്നെ റോജറിന് പരിചയപ്പെടുത്തി.
'എന്റെ പേര് ഹനോവർ .ചിക്കാഗോയിൽ ബിസിനസ്സ് ആണ് '
രാജ്യത്തെ സേവിക്കുന്ന മിലിട്ടറിക്കാരെ എനിക്ക് വലിയ ഇഷ്ടമാണ്.
അതു കൊണ്ട് താങ്കളെ കണ്ടപ്പോൾ തന്നെ സഹായിക്കാൻ തീരുമാനിച്ചത്.'
തുടർന്നുള്ള യാത്രയിൽ അനേകം കാര്യങ്ങൾ തമ്മിൽ സംസാരിച്ചു.

ചിക്കാഗോയ്ക്ക് 30 കിലോമീറ്റർ മാത്രമുള്ളപ്പോൾ വിശ്വാസിയായ റോജറിന്റെ മനസ്സിൽ ശക്തമായ ഒരു പ്രേരണ.
'എന്റെ അനുഭവ സാക്ഷ്യവും സുവിശേഷവും ഇദ്ദേഹത്തോട് പങ്കു വെക്കണം.'
തുടർന്ന് ദൈവകൃപയിൽ ആശ്രയിച്ച് റോജർ സുവിശേഷം ഹനോവറിനോട് പങ്കുവെച്ചു. അദ്ദേഹം എതിർപ്പൊന്നും പറയാതെ ശ്രദ്ധയോടെ കേട്ടു കൊണ്ടിരുന്നു.

"റോജർ ഞാൻ കാർ റോഡിന്റെ സൈഡിൽ ഒന്നു പാർക്ക് ചെയ്യട്ടെ?"
ഹനോവറിന്റെ ചോദ്യം കേട്ട് എന്താണ് ഇനി സംഭവിക്കാൻ പോകുന്നതെന്ന ചിന്തയിൽ റോജർ ഹനോവറിനെ നോക്കി.

സ്റ്റിയറിംഗിൽ മുഖം വച്ച് തേങ്ങിക്കരയുന്ന ഹനോവർ !

റോജർ കർത്താവിന് നന്ദി പറഞ്ഞു. ഇദ്ദേഹത്തെ രക്ഷയിലേക്ക് നടത്തുവാൻ ദൈവമാണ് ഈ കാറിൽ യാത്ര ചെയ്യാൻ അവസരം തന്നത്.
തന്റെ വിസിറ്റിംഗ് കാർഡ് ഹനോവർ റോജറിന് നൽകി. സന്തോഷത്തോടെ ചിക്കാഗോയിൽ വച്ച് അവർ പിരിഞ്ഞു.

5 വർഷത്തിന് ശേഷം ചിക്കാഗോയിലെത്തിയ റോജർ വിസിറ്റിംഗ് കാർഡിലെ അഡ്രസ് പ്രകാരം "ഹനോവർ എന്റർപ്രൈസസ്" എന്ന വലിയ കെട്ടിടത്തിന്റെ മുൻപിലെത്തി. റിസപ്ഷനിൽ അന്വേഷിച്ചു "എനിക്ക് ഹനോവറിനെ ഒന്നു കാണാൻ പറ്റുമോ?"
'സാധ്യമല്ല. നിർബന്ധമെങ്കിൽ ഒന്നാം നിലയിൽ അദ്ദേഹത്തിന്റെ ഭാര്യ ഉണ്ട്"

താങ്കൾക്ക് എന്റെ ഭർത്താവിനെ എങ്ങനെ അറിയാം?ഹനോവറിന്റെ ഭാര്യ റോജറിനോട് ചോദിച്ചു.

ഇന്നേക്ക് 5 വർഷം മുൻപ് മെയ് മാസം 7-ാം തീയതി ഹനോവറിനെ കണ്ടുമുട്ടിയതും അദ്ദേഹം സുവിശേഷം കേട്ട് രക്ഷിക്കപ്പെട്ടതും എല്ലാം റോജർ വിവരിച്ചു പറഞ്ഞു.

ഹനോവറിന്റെ ഭാര്യ നടുങ്ങിപ്പോയി. കുറച്ചു നേരം സ്തബ്ദയായി ഇരുന്നു.

അവർ പറഞ്ഞു. "റോജർ, നിങ്ങളെ ഡ്രോപ് ചെയ്ത് വീട്ടിലേക്ക് വരും വഴി എന്റെ ഭർത്താവ് മരിച്ചു.
ഞാൻ ഒരു ദൈവമകളാണ്. വളരെ വർഷങ്ങളായി എന്റെ ഭർത്താവ് രക്ഷിക്കപ്പെടാൻ ഞാൻ പ്രാർത്ഥിച്ചു.
എന്നാൽ എന്റെ പ്രാർത്ഥനകളെല്ലാം വിഫലമെന്ന് കരുതി ഞാൻ 5 വർഷമായി പ്രാർത്ഥനകളെല്ലാം അവസാനിപ്പിച്ചു,
ഇന്ന് ഞാൻ ദൈവത്തോട് ക്ഷമ ചോദിക്കുന്നു .ഒരു സത്യം ഞാൻ വളരെ താമസിച്ചെങ്കിലും മനസ്സിലാക്കുന്നു:
ദൈവം പ്രാർത്ഥനയ്ക്ക് മറുപടി നൽകുന്നവനാണ് .എന്റെ ഭർത്താവിനെ ഞാൻ സ്വർഗ്ഗത്തിൽ വച്ച് കാണും.
യേശുവേ അങ്ങേക്ക് ഒരായിരം നന്ദി. സ്തുതി.
റോജർ താങ്കൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി"
*
പ്രാർത്ഥനയിൽ മടുത്തുവോ?
വർഷങ്ങളായി പ്രാർത്ഥിച്ചു കൊണ്ടിരുന്ന ദൈവഹിതപ്രകാരമുള്ള പ്രാർത്ഥനകൾ അവസാനിപ്പിച്ചോ?
ഇപ്പോൾ തന്നെ പ്രാർത്ഥിച്ചു തുടങ്ങുക.
വിശ്വസിക്കുക .. കർത്താവ് ഉത്തരം അരുളും ...

അതുകൊണ്ടു നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അതു നിങ്ങൾക്കു ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
മർക്കൊസ് 11 :24

എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും.
യിരെമ്യാവു 33 :3



-


4 comments: